ഹരി പെരുങ്കടവിള
മാറനല്ലൂര്‍: കേരളം ഇന്നുവരെ കാണാത്ത വ്യത്യസ്തമായ ഒരു അദാലത്തിനാണ് ഇന്നലെ മാറനല്ലൂര്‍ സാക്ഷ്യം വഹിച്ചത്. സിപിഐ നേതാവ് ഭാസുരാംഗന് നേതൃത്വം നല്കുന്ന കണ്ടല സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി 108 കോടി രൂപയുടെ അഴിമതി നടത്തിയതിനെ തുടര്‍ന്ന് ബിജെപി സംഘടിപ്പിച്ച സഹകരണ നിക്ഷേപക അദാലത്തില്‍ രേഖകളും പരാതികളുമായി എത്തിയത് 500ല്‍ പരം നിക്ഷേപകര്‍. പങ്കെടുത്തവരില്‍ വയോവൃദ്ധരും സ്ത്രീകളും ഉള്‍പ്പെടെയുള്ള നിക്ഷേപ തട്ടിപ്പിനിരയായവര്‍. വിശ്വംഭര ആഡിറ്റോറിയം നിറഞ്ഞു കവിഞ്ഞ ഓരോ നിക്ഷേപകരും കണ്ണീരോടെ പറഞ്ഞതൊക്കെയും അനുഭവിക്കേണ്ടിവന്ന നീറുന്ന സാഹചര്യങ്ങളും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് ശ്രദ്ധയോടെ കേട്ട് ആശ്വസിപ്പിച്ചു. അവര്‍ നല്കിയ പരാതികളും രേഖകളും സ്വീകരിച്ചു.
മക്കളുടെ വിവാഹത്തിനായി സ്വരുക്കൂട്ടിയതും ദീര്‍ഘകാല സര്‍വീസില്‍ നിന്ന് വിരമിച്ചപ്പോള്‍ കിട്ടിയതും പ്രവാസിയായി ഉണ്ടാക്കിയ ജീവിതകാല സമ്പാദ്യവും ബാങ്കിനെ വിശ്വസിച്ചു നിക്ഷേപിച്ച നൂറുകണക്കിനു പേര്‍ക്ക് നിക്ഷേപ കാലാവധി പൂര്‍ത്തിയായിട്ടും പണം കിട്ടാത്ത സാഹചര്യത്തില്‍ പ്രതീക്ഷ നശിച്ചാണ് അദാലത്തിന് എത്തിയത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് കഴിഞ്ഞ 28ന് കാട്ടാക്കടയില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ കണ്ടല ബാങ്കിലെ നിക്ഷേപകരുടെ ദുരവസ്ഥ പ്രാദേശിക നേതാക്കള്‍ ശ്രദ്ധയില്‍ പെടുത്തുകയും ബിജെപി കണ്ടല ബാങ്കിലെ നിക്ഷേപ തട്ടിപ്പിന് ഇരയായവര്‍ക്കൊപ്പം എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഒപ്പം ദേശീയ ലീഗല്‍ സംഘത്തെ ഉള്‍പ്പെടുത്തി കെ. സുരേന്ദ്രന് നേരിട്ട് പങ്കെടുക്കുന്ന സഹകരണ അദാലത്ത് സംഘടിപ്പിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്നലെ ബിജെപി സംസ്ഥാന അധ്യക്ഷന്റെ നേതൃത്വത്തില്‍ കാട്ടാക്കട വിശ്വംഭര ആഡിറ്റോറിയത്തില്‍ അദാലത്ത നടന്നത്.
കണ്ടല സഹകരണ ബാങ്കിന്റെ പ്രധാന ശാഖയായ തൂങ്ങാംപാറ ബാങ്കിനു മുന്നില്‍ മാസങ്ങളായി സമരങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അതില്‍ പങ്കെടുത്തിരുന്നത് നൂറില്‍ താഴെ നിക്ഷേപകര്‍ മാത്രമായിരുന്നു. അദാലത്തിനൊടുവില് പരാതികള്‍ ലീഗല്‍ സംഘം പരിശോധിച്ച് ഒരു മാസത്തിനുള്ളില്‍ നിക്ഷേപ തട്ടിപ്പിനിരയായവരുടെ പ്രശ്നത്തിന് പരിഹാരം കാണുമെന്ന് വാക്കുനല്കിയാണ് അധ്യക്ഷന്‍ മടങ്ങിയത്. ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്, ജില്ലാ അധ്യക്ഷന്‍ അഡ്വ. വി.വി. രാജേഷ്, സഹകരണ മേഖലയിലെ വിദഗ്ധന്മാര്, അഭിഭാഷകര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: