കൊടുങ്ങല്ലൂര്‍: ബാധ്യത മറച്ചുവെച്ച് സ്ഥലം വില്‍പന നടത്തി വഞ്ചിച്ച കേസില്‍ സബ് രജിസ്ട്രാര്‍ ഉള്‍പ്പെടെ ആറുപേരെ അറസ്റ്റു ചെയ്തു. വസ്തുവിന്മേലുള്ള 19.5 ലക്ഷത്തിന്റെ ബാധ്യത മറച്ചുവെച്ച് സ്ഥലം വില്‍പന നടത്തിയതിന് എറിയാട് പറപ്പൂര്‍ വീട്ടില്‍ മണികണ്ഠന്‍, ഇയാളുടെ ഭാര്യ ബിന്ദു, ലോകമലേശ്വരം തൈപ്പറമ്പത്ത് ബാബു, കൊടുങ്ങല്ലൂര്‍ സബ്ബ് രജിസ്ട്രാര്‍ കൊല്ലം ചാത്തന്നൂര്‍ സ്വദേശി അശോകന്‍ പിള്ള, എറിയാട് വലിയവീട്ടില്‍ ജലീല്‍, കക്കിരിപ്പീടികയില്‍ ബഷീര്‍ എന്നിവരെയാണ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
പുല്ലൂറ്റ് മഠത്തില്‍ വീട്ടില്‍ സുകുമാരന്റെ പരാതിയിലാണ് പ്രതികള്‍ അറസ്റ്റിലായത്. പ്രതികളായ മണികണ്ഠന്‍, ബിന്ദു എന്നിവരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന 6 സെന്റ് വസ്തുവില്‍ കൊടുങ്ങല്ലൂര്‍ ടൗണ്‍ സഹ. ബാങ്കില്‍ 4,25,000/ രൂപ മാത്രമേ ബാധ്യതയുള്ളുവെന്ന് ബ്രോക്കര്‍മാരായ ജലീല്‍, ബഷീര്‍, ആധാരമെഴുത്ത്കാരനായ ബാബു, സബ് രജിസ്ടാര്‍ അശോകന്‍പിള്ള എന്നിവര്‍ പരാതിക്കാരനെ പറഞ്ഞ് വിശ്വസിപ്പിക്കുകയും തുടര്‍ന്ന് ഈ ബാധ്യത തീര്‍ക്കാനായി സുകുമാരന്‍ ബാങ്കില്‍ ചെന്നപ്പോള്‍ അതില്‍ 19,50,000/ രൂപ വായ്പാ ബാധ്യതയുള്ളതായി അറിയുകയായിരുന്നു. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.
ഇന്‍സ്‌പെക്ടര്‍ ബൈജു ഇ.ആറിന്റെ നേതൃത്വത്തില്‍ എസ്.ഐ ഹരോള്‍ഡ് ജോര്‍ജ്, കശ്യപന്‍ എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: