1998-1999ല്‍ ഐ.കെ.ഗുജ്റാള്‍ പ്രധാനമന്ത്രി ആയിരിക്കെ കുക്കി പംഗല്‍ കലാപത്തില്‍ 350 ആളുകള്‍ കൊല്ലപ്പെട്ടു. ഒരു വര്‍ഷം ആ സംഘര്‍ഷം നീണ്ടു നിന്നു. അത് പാര്‍ലമെന്റില്‍ ചര്‍ച്ച ആയതുപോലുമില്ല. ഒരു പ്രസ്താവനയും ആരും നടത്തിയില്ല. കലാപത്തെ സംബന്ധിക്കുന്ന ചോദ്യങ്ങള്‍ എല്ലാം റദ്ദാക്കപ്പെട്ടു. ഞാന്‍ ആദ്യ ദിവസം മുതല്‍ പറയുന്നതാണ്, മറുപടി പറയാന്‍ തയ്യാറാണ്. അത് എന്റെ കടമയാണ്. ഈ രാജ്യത്തോട്, ഈ സഭയോട്, ജനങ്ങളോട് മറുപടി പറയേണ്ടത് എന്റെ ചുമതല ആണ്. എന്നാല്‍ എന്നെ സംസാരിക്കാന്‍ പോലും അനുവദിക്കുന്നില്ല. ഇത് എന്തുതരം ജനാധിപത്യമാണ്. ഞങ്ങള്‍ മൗനം അവലംബിക്കുകയാണെന്നാണ് ആരോപണം. മൗനി ആയിരുന്നവര്‍ തോറ്റു പ്രതിപക്ഷത്തിരിക്കുന്നുണ്ട്. ഞങ്ങള്‍ സംസാരിക്കുന്നവരാണ്. ഉത്തരം പറയുന്നവര്‍ ആണ്. ഞങ്ങള്‍ക്ക് ഒന്നും ഒളിക്കാനില്ല. ഞങ്ങളില്‍ ആര്‍ക്കും ഈ കലാപത്തില്‍ ഒരു പങ്കുമില്ല. മുന്‍കാലങ്ങളിലെ കലാപങ്ങളില്‍ പങ്കുള്ള ആരുടെയും പേരുപറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ആഭ്യന്തരമന്ത്രാലയത്തിന്റെ രേഖകളില്‍ പല നേതാക്കളുടേയും പേരുണ്ട്. അതൊന്നും ഞാന്‍ പറയുന്നില്ല. (അധിര്‍ രഞ്ജന്‍ ചൗധരിയോട്) കേള്‍ക്കണമെന്നുണ്ടെങ്കില്‍ ഞാന്‍ വായിക്കാം. എഴുന്നേറ്റ് നിന്ന് ആവശ്യപ്പെടൂ. 2004ല്‍ മന്മോഹന് സിങിന്റെ കാലത്ത് 1700 പേരോളം ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. അവിടെ പറയപ്പെടുന്നത് യൂണിഫോമിട്ട ആളുകള്‍ നടത്തിയ കൊലപാതകം ആണെന്നാണ്. സുപ്രീംകോടതി അത് പരിശോധിച്ചു. നിരവധി അന്വേഷണക്കമ്മീഷനുകളെ നിയമിച്ചു. എന്നാല്‍ ആ വിഷയത്തില്‍ പാര്‍ലമെന്റില്‍ ഒരു ചര്‍ച്ചയും നടന്നില്ല. ആരും ഒരു പ്രസ്താവനയും നടത്തിയില്ല. അന്ന് ചിദംബരം ആയിരുന്നു.
ഇപ്പോഴത്തേത് പ്രത്യേക സാഹചര്യത്തില്‍ ഉണ്ടായ വംശീയ കലാപമാണ്. അതിനെ രാഷ്ട്രീയ നേട്ടത്തിനുപയോഗിക്കുന്നത് ശരിയല്ല. പധാനമന്ത്രി രാത്രിയിലും വെളുപ്പിനും എന്നെ വിളിച്ച് ഈ വിഷയം സംസാരിച്ചിട്ടുണ്ട്. ഇവര്‍ പറയുന്നത് മോദിജി ഇത് അറിയുന്നില്ല എന്നാണ്. 3 ദിവസം ഞങ്ങള്‍ തുടര്‍ച്ചയായി ജോലിചെയ്തു. 16 വീഡിയോ കോണ്ഫ്രസുകള് നടത്തി. വായുസേനയുടെ വിമാനങ്ങള്‍ ഉപയോഗിച്ച് 36,000 സിആര്‍പിഎഫ് സേനാംഗങ്ങളെ അവിടെ എത്തിച്ചു. ചീഫ് സെക്രട്ടറിയെ മാറ്റി, ഡിജിപിയെ മാറ്റി. ചീഫ് സെക്രട്ടറിയേയും ഡിജിപിയേയും ഭാരതസര്‍ക്കാര്‍ ആണ് നിയമിച്ചത്. ഇതെല്ലാം നാലാം തീയതി വൈകുന്നേരത്തിനു മുന്‍പേ നടപ്പിലാക്കിയിരുന്നു. മൂന്നാം തീയതി ആണ് കലാപങ്ങള്‍ ആരംഭിച്ചത്. പ്രതിപക്ഷം ചോദിക്കുന്നത് 356 എന്തുകൊണ്ട് ഉപയോഗിച്ചില്ല എന്നാണ്. 356 ഉപയോഗിക്കുന്നത് കലാപസമയത്ത് സംസ്ഥാനസര്‍ക്കാര്‍ സഹകരിക്കാത്ത അവസരത്തില്‍ ആണ്. ഇവിടെ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണമായും കേന്ദ്രവുമായി സഹകരിച്ചു. ഞങ്ങള്‍ ഡിജിപിയെ മാറ്റി. അവര്‍ ഭാരത സര്‍ക്കാര്‍ നിയമിച്ച ഡിജിപിയെ അംഗീകരിച്ചു. ഞങ്ങള്‍ ചീഫ് സെക്രട്ടറിയെ മാറ്റി. അവര്‍ ഭാരതസര്‍ക്കാര്‍ നിയമിച്ച ചീഫ് സെക്രട്ടറിയെ അംഗീകരിച്ചു. (മുഖ്യമന്ത്രിയെ എന്തുകൊണ്ട് മാറ്റിയില്ലെന്ന ചോദ്യം പ്രതിപക്ഷത്തുനിന്നും വരുന്നു) അതാണ് ഞാന്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. ബുദ്ധിയില്ലെങ്കില്‍ മനസ്സിലാവില്ല. മുഖ്യമന്ത്രിയെ മാറ്റുന്നത് സംസ്ഥാനസര്‍ക്കാര്‍ (കേന്ദ്രസര്‍ക്കാരിനോട്) സഹകരിക്കാതെ വരുമ്പോള്‍ ആണ്. ഇവിടെ മുഖ്യമന്ത്രി പൂര്‍ണ്ണമായും സഹകരിക്കുന്നുണ്ട്.
യുപിഎയുടെ ഭരണകാലത്ത് അവിടെ ബ്ലോക്കേഡ് ഉണ്ടാകുമായിരുന്നു. 130 ദിവസം വരെ യാത്രാനിരോധനം ഉണ്ടായിട്ടുണ്ട്. അതേത്തുടര്‍ന്ന് പെട്രോള്‍ വില 1200 രൂപവരെ വര്‍ദ്ധിച്ച സമയം ഉണ്ടായിട്ടുണ്ട്. ഞങ്ങള്‍ 28 ദിവസം കൊണ്ട് സ്ഥിതിഗതികള്‍ നിയന്ത്രിച്ച് റയില്‍വേ മുഖാന്തരം പരമാവധി സാധനങ്ങള്‍ അവിടെ എത്തിച്ചിട്ടുണ്ട്. സങ്കീര്‍ണ്ണ സാഹചര്യത്തിലും അവശ്യസാധനങ്ങള്‍ എത്തിച്ചു.
ഇതുവരെ 156 ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ ഒന്നും ഒളിക്കാനില്ല. സാമൂഹ്യമാദ്ധ്യമങ്ങള്‍ ഇത്ര സജീവമായ ഈ കാലത്ത് ഒന്നും ഒളിപ്പിക്കാന്‍ സാധിക്കുകയുമില്ല. ഒളിപ്പിക്കുക എന്നത് ഞങ്ങളുടെ രീതിയും അല്ല. മെയ് മാസത്തില്‍ 107 ആളുകള്‍ കൊലചെയ്യപ്പെട്ടു. ജൂണില്‍ 30 ആളുകള്‍ കൊലചെയ്യപ്പെട്ടു. ജൂലൈയില്‍ 15. ആഗസ്തില്‍ ഇതുവരെ നാലുപേര്‍. മെയ് മാസത്തില്‍ കൊലചെയ്യപ്പെട്ട 107 ആളുകളില്‍ 68 പേര് ആദ്യത്തെ മൂന്നു ദിവസങ്ങളില്‍ അയാതത് 3, 4, 5 തീയതികളില്‍ ആണ് കൊലചെയ്യപ്പെട്ടത്. മരണസംഖ്യ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇനി ആരും എരിതീയില്‍ എണ്ണയൊഴിച്ച് അത് കൂട്ടരുത്. എങ്ങനെ ആണ് എണ്ണയൊഴിക്കുന്നതെന്ന് വിശദമാക്കാം. രാഹുല്‍ ഗാന്ധി അവിടം സന്ദര്‍ശിക്കാന്‍ പോയി. അതിനെ സ്വാഗതം ചെയ്യുന്നു. ആകാംഷയുണ്ട്, മണിപ്പൂരിനെക്കുറിച്ച് ആശങ്കയുണ്ട.് നല്ലകാര്യം. എയര്‍പോര്‍ട്ടില്‍ ഇറങ്ങിപ്പോള്‍ അദ്ദേഹം ചുരാചാന്ദ്പൂരില്‍ പോകണം എന്ന ആവശ്യം ഉന്നയിച്ചു. പ്ലാന്‍ അനുസരിച്ച് പിറ്റേദിവസം ആണ് അവിടെ പോകേണ്ടിയിരുന്നത്. എന്നാലും കുഴപ്പമില്ല, ഞങ്ങള്‍ അത് അംഗീകരിച്ചു. ഹെലികോപ്റ്റര്‍ ഏര്‍പ്പാടാക്കി. എന്നാല്‍ അദ്ദേഹം റോഡ് മാര്‍ഗ്ഗം പോകണം എന്ന് വാശിപിടിച്ചു. പോലീസ് അത് തടഞ്ഞു. പിന്നെ മൂന്നു മണിക്കൂര്‍ ഈ നാടകം ഈ രാജ്യം മുഴുവന്‍ ലൈവായി കാണിച്ചു. പിന്നെ പിറ്റേദിവസം ഹെലികോപ്റ്ററില്‍ യാത്രയാവുകയും ചെയ്തു. ആദ്യത്തെ ദിവസം തന്നെ ഹെലികോപ്റ്ററില്‍ പോകുന്നതിന് എന്തായിരുന്നു തടസ്സം? സുരക്ഷാസംവിധാനങ്ങള്‍ എല്ലാം തയ്യാറാക്കിയിരുന്നു. ഇത്തരം നാടകം നടത്തുന്നതിനു വേണ്ടി അവിടെ പോകുന്നതിനെ ആണ് രാഷ്ട്രീയം എന്ന് വിളിക്കുന്നത്. അവിടെ പോകുമ്പോള്‍ സംവിധാനങ്ങളോട് സഹകരിക്കൂ. ചുരാചാന്ദ്പൂരില്‍ പോകുന്നതിനെ ആരും തടയുന്നില്ല. അതിനര്‍ത്ഥം ആദ്യത്തെ ദിവസം സത്യഗ്രഹം നടത്തണമായിരുന്നു. ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയ നാടകങ്ങള്‍ ഈ വിഷമഘട്ടങ്ങളില്‍ കളിക്കാതിരിക്കൂ. ഇതുകൊണ്ട് എന്ത് നേട്ടമാണ് നിങ്ങള്‍ക്ക്? അവിടത്തെ ആയാലും ഇവിടത്തെ ആയാലും സര്‍ക്കാരുകളെ ഇങ്ങനെ വിഷമിപ്പിച്ചാല്‍ അത് ജനം തിരിച്ചറിയില്ലെന്നാണോ നിങ്ങള്‍ കരുതുന്നത്? ജനങ്ങള്‍ ഇതെല്ലാം മനസ്സിലാക്കുന്നുണ്ട് എല്ലാം തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടാണ് ഞാന്‍ പറയുന്നത്.
ഏകദേശം 14898 ആളുകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എല്ലാ അക്രമസംഭവങ്ങളിലും എഫ്ഐആര്‍ ഇട്ടിട്ടുണ്ട്. ഏതാണ്ട് 11006 എഫ്ഐആര്‍ രജ്ജിസ്റ്റര്‍ ചെയ്തു. ഇനി അവസാനം വന്ന ആ ലജ്ജാകരമായ വീഡിയോയെപ്പറ്റിയും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ വീഡിയോ മെയ് 4നു ചിത്രീകരിച്ചതായാണ് മനസ്സിലാക്കുന്നത്. ലോകത്തിന്റെ ഏത് സ്ഥലത്തും ഏത് സംഭവത്തിലും ഒരു സ്ത്രീയെ ഇത്തരത്തില്‍ അപമാനിക്കുന്നത് സമൂഹത്തിന്റെ മേലുള്ള വലിയ കളങ്കമാണ്. ഈ സഭയ്ക്കോ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയ്ക്കോ ഈ ഭാഗത്തുള്ളവര്‍ക്കോ പ്രതിപക്ഷത്തുള്ളവര്‍ക്കോ ആര്‍ക്കും അതിനെ പിന്തുണയ്ക്കാന്‍ സാധിക്കില്ല. ഇതു സംബന്ധിക്കുന്ന ഒരു സംശയം എന്റെ മനസ്സില്‍ ഉണ്ടാക്കിയത് മീഡീയക്കാര്‍ ആണ്. അവരാണ് എന്നോട് ചോദിച്ചത് മെയ് 4നു ചിത്രീകരിച്ച ഈ വീഡിയോ സഭാ സമ്മേളനം തുടങ്ങുന്നതിനു ഒരു ദിവസം മുന്‍പ് എങ്ങനെ ആണ് വെളിയില്‍ വന്നത് എന്ന്. ആരുടെയെങ്കിലും കൈവശം ഈ വീഡിയോ ഉണ്ടായിരുന്നെങ്കില്‍ അത് പോലീസിനു കൈമാറുകയല്ലെ വേണ്ടിയിരുന്നത്? അത് ഇങ്ങനെ പരസ്യപ്പെടുത്തണമായിരുന്നോ? ആ സ്ത്രീകളുടെ ആത്മാഭിമാനത്തെ കുറിച്ചെങ്കിലും ആലോചിക്കണ്ടേ? (ഈ വിവരം ഇന്റെലിജന്‍സ് വിഭാഗത്തിനു കിട്ടിയിരുന്നില്ലെ എന്ന ചോദ്യം പ്രതിപക്ഷത്തുനിന്നു വരുന്നു) ഇന്റെലിജെന്‍സ് വിഭാഗത്തിനു കിട്ടിയില്ല, നിങ്ങള്‍ (കിട്ടിയവര്‍) അത് പോലീസിനു കൈമാറണമായിരുന്നോ വേണ്ടയോ? ഞാന്‍ അത് പുറത്തുവന്ന സമയത്തെക്കുറിച്ചുള്ള ചര്‍ച്ച തുടരാന്‍ ആഗ്രഹിക്കുന്നില്ല. പ്രതിപക്ഷത്തിനു മേല്‍ ആരോപണം ഉന്നയിക്കുന്നില്ല, വീഡിയോ കൈവശം ഉണ്ടായിരുന്നവര്‍ ആരാണെങ്കിലും അത് അപ്പോള്‍ തന്നെ ഡിജിപിക്ക് കൈമാറിയിരുന്നുവെങ്കില്‍ അഞ്ചാം തീയതി തന്നെ കുറ്റവാളികള്‍ പിടിക്കപ്പെടുമായിരുന്നു. ഏത് ദിവസമാണോ വീഡിയോ പുറത്തുവന്നത് ആ ദിവസം തന്നെ ഫേസ് ഐഡന്റിഫിക്കേഷന്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് സര്‍ക്കാരിന്റെ കൈവശമുള്ള വ്യക്തികളുടെ ഡാറ്റയുമായി ഒത്തുനോക്കി ഒന്‍പത് കുറ്റവാളികളെയും അറസ്റ്റ് ചെയ്തു. അവര്‍ ജയിലിലുണ്ട്.
ഞാന്‍ മൂന്നു രാത്രിയും മൂന്നു പകലും അവിടെ ഉണ്ടായിരുന്നു. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് 23 ദിവസം തുടര്‍ച്ചയായി അവിടെ ഉണ്ടായിരുന്നു. മണിപ്പൂരില്‍ വംശീയ കലാപങ്ങള്‍ ഉണ്ടായപ്പോള്‍ ആദ്യമായി ഏതെങ്കിലും ഒരു കേന്ദ്ര ആഭ്യന്തര മന്ത്രി അവിടെ പോയിട്ടുണ്ടെങ്കില്‍ അത് ഞാന്‍ മാത്രമാണ്. അന്വേഷണത്തിന് ഹൈക്കോടതിയില്‍ നിന്നു വിരമിച്ച ഒരു ജഡ്ജിയുടെ നേതൃത്വത്തില്‍ ഒരു കമ്മീഷന് രൂപീകരിച്ചിട്ടുണ്ട്. അതില്‍ ഒരു ഐപിഎസ് ഒരു ഐഎഎസ് ഓഫീസര്‍ വീതമുണ്ട്. ഗവര്‍ണ്ണറുടെ അദ്ധ്യക്ഷതയില്‍ അവിടെ ഒരു സമാധാന സമിതിയും രൂപീകരിച്ചിട്ടുണ്ട്. മെയ്തി വിഭാഗവും കുക്കി വിഭാഗവും തമ്മില്‍ സംഘര്‍ഷ സാധ്യതയുള്ള സ്ഥലങ്ങളില്‍ 36000 സുരക്ഷാ സേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. ഇന്നും അവര്‍ക്കിടയിലുള്ള വിരോധത്തിനു കുറവു വന്നിട്ടില്ലെങ്കിലും ഈ സുരക്ഷാ സേനാംഗങ്ങളുടെ സാന്നിധ്യം മരണനിരക്കും അക്രമങ്ങളും കുറയ്ക്കാന്‍ സഹായിച്ചിട്ടുണ്ട്. അവിടെയുള്ള വിവിധ സുരക്ഷാ സേനയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള സംവിധാനം തയ്യാറാക്കിയിട്ടുണ്ട്. നിലവില്‍ അവിടെ ബി എസ് എഫ്, സിആര്‍പിഎഫ്, അസം റൈഫിള്‍സ്, സൈന്യം, മണിപ്പൂര്‍ പോലീസ് എന്നിങ്ങനെ അഞ്ച് വിഭാഗം സുരക്ഷാ സേനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ അഞ്ച് ഏജന്‍സികളുടേയും പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനുള്ള ഏകീകൃത കമാന്റ് വ്യവസ്ഥയുടെ ചെയര്മാന് പദവി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സുരക്ഷാ ഉപദേഷ്ടാവിനാണ്. ഈ കലാപങ്ങള്‍ക്ക് ഗൂഢാലോചന നടത്തിയതിന് ആറുകേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കേസുകള്‍ സിബിഐയ്ക്ക് ആദ്യം തന്നെ കൈമാറിയിരുന്നു. സുപ്രീംകോടതിയും പതിനൊന്ന് കേസുകള്‍ സിബിഐയ്ക്ക് കൈമാറിയിട്ടുണ്ട്. ഇതെല്ലാം അന്വേഷിക്കുന്നതിനുള്ള പ്രത്യേക അന്വേഷണ സംഘങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്.
പുനരധിവാസത്തിനും നഷ്ടപരിഹാരത്തിനുമുള്ള നടപടികള്‍ മുന്നോട്ട് പോകുന്നുണ്ട്. കൊല്ലപ്പെട്ട എല്ലാവരുടേയും ആശ്രിതര്‍ക്ക് പത്ത് ലക്ഷം രൂപ വീതം നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. 30,000 മെട്രിക് ടണ്‍ അരി അടിയന്തിരമായി എത്തിച്ചിട്ടുണ്ട്. അത് വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ഏതെങ്കിലും പ്രദേശത്ത് മെഡിക്കല്‍ ടീമിന്റെ കുറവുണ്ടെങ്കില്‍ അത് പരിഹരിക്കുന്നതിനു കേന്ദ്രസര്‍ക്കാര്‍ വിവിധ സ്ഥലങ്ങളിലായി 8 മെഡിക്കല്‍ ടീമുകളെ സജ്ജരാക്കിയിട്ടുണ്ട്. കേസുകളില്‍ എല്ലാവര്ക്കും പറയാനുള്ളത് കേള്‍ക്കുന്നതിനായി നാലു ജില്ലകളിലും ജില്ലകള്ക്ടര്മാരുടെ ഓഫീസുകളില്‍ വീഡിയോ കോണ്‍ഫ്രന്‍സ് സംവിധാനം ഏര്‍പ്പാടാക്കിയിട്ടുണ്ട്. ആര്‍ക്കും ഹൈക്കോടതി വരെ പോകേണ്ട ആവശ്യം വരുന്നില്ല. കുട്ടികളുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കുന്നുണ്ട്. താഴ്വരയില് 98% സ്ക്കൂളുകളും തുറന്നിട്ടുണ്ട്. 80% അറ്റന്‍ഡന്‍സ് ഉണ്ട്. 2% സ്ക്കൂളുകളില്‍ ക്യാമ്പുകള്‍ നടക്കുന്നുണ്ട്. അത് മറ്റ് സ്ഥലങ്ങളിലേയ്ക്ക് മാറ്റാനുള്ള ശ്രമം നടന്നുവരുന്നു. എത്രയും വേഗത്തില്‍ മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കുമെന്ന് ഞാന്‍ വാക്കു നല്കുന്നു.
അതിര്‍ത്തി സുരക്ഷിതമാക്കുന്നതിന് ഇനിയും ഫെന്‍സിങ് സ്ഥാപിക്കേണ്ട സ്ഥലത്തെ സര്‍വ്വെ നടപടികള്‍ വളരെ വേഗത്തില്‍ മുന്നേറുന്നുണ്ട്. ആളുകളുടെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള നടപടികളും ഞങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. മണിപ്പൂരിലെ രണ്ട് സമുദായങ്ങളോടും ഈ സഭയെ സാക്ഷിയാക്കി ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്, അക്രമം ഒന്നിനും പരിഹാരം അല്ല. അതുകൊണ്ട് ചര്‍ച്ച നടത്തണം. മെയ്തി സമുദായത്തോടും കുക്കി സമുദായത്തോടും ഞാന്‍ തന്നെ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ചര്‍ച്ചകളിലൂടെ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള ഭാരത സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കൊപ്പം സഹകരിക്കണം എന്നുള്ളതാണ് അഭ്യര്‍ത്ഥന. ഈ വിഷയം രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുത്. സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള എന്റെ അപേക്ഷയില്‍ ഈ സഭയില്‍ രണ്ടു പക്ഷത്തുള്ളവരും ഒന്നിച്ചു നില്ക്കും എന്ന് ഞാന്‍ കരുതുന്നു. എല്ലാവരുടേയും കാര്യം എനിക്ക് പറയാന്‍ ആവില്ല. എന്നാല്‍ എന്‍ഡിഎയില്‍ ഉള്ള എല്ലാവരും എന്നെ പിന്തുണയ്ക്കും എന്ന് ഞാന്‍ കരുതുന്നു.
(അവസാനിച്ചു)
(വിവര്‍ത്തനം: ഒ.വി.മണികണ്ഠന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: