ന്യൂദല്‍ഹി: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ കമ്പനി സുതാര്യമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് സിപിഎം സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ ആരോപണം വന്നപ്പോള്‍ പാര്‍ട്ടിയുമായി ബന്ധമില്ലെന്നായിരുന്നു വിശദീകരണം.
വീണയുടെ കമ്പനിക്കെതിരെ കണ്ടെത്തല്‍ ഉണ്ടായപ്പോള്‍ സിപിഎമ്മിന്റെ സ്വന്തം കമ്പനിയെന്നത് പോലെയാണ് വിശദീകരണം. പിണറായി വിജയന്റെ മകളെ എന്നാണ് സിപിഎം സംസ്ഥാന സമിതിയില്‍ എടുത്തത്. നികുതി വെട്ടിപ്പില്‍ പിഴയടച്ച കമ്പനിയെ വെളുപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും മന്ത്രി ആരോപിച്ചു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് മാസപ്പടി വിവാദമെന്ന ആക്ഷേപം വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. ജൂണ്‍ 12നാണ് ആദായനികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് ഉത്തരവ് പുറപ്പെടുവിച്ചത്. ജൂലൈ 18നാണ് ഉമ്മന്‍ചാണ്ടി മരിച്ചത്. കരിമണല്‍ കമ്പനിക്ക് സേവനം നല്കിയതിനല്ല മുഖ്യമന്ത്രിയുടെ മകള്‍ക്ക് മാസപ്പടി കിട്ടിയത്. വീണയുടെ ഭര്‍ത്താവ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ ഭാര്യയുടെ ഈ വരുമാനം വെളിപ്പെടുത്തിയിട്ടില്ല എന്നും വി. മുരളീധരന് കൂട്ടിച്ചേര്‍ത്തു.
വീണയുടെ മാസപ്പടി വിഷയം നിയമസഭയില്‍ അവതരിപ്പിക്കാത്ത പ്രതിപക്ഷത്തിന്റെ വിശദീകരണം പരിഹാസ്യമാണ്. കേന്ദ്ര ഏജന്‍സി വീണക്കെതിരെ അന്വേഷണം തുടങ്ങിയാല്‍ കോണ്‍ഗ്രസ് ‘കേന്ദ്രവേട്ടയാടല്’എന്നു പറഞ്ഞ് എതിര്‍ക്കുമോ എന്നും കേന്ദ്രമന്ത്രി ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: