ഈറോഡ്(തമിഴ്‌നാട്): നാല്പത് വര്‍ഷമായി അരുന്ധത്യാര്‍ ജനവിഭാഗം താമസിക്കുന്ന മൂന്നര ഏക്കര്‍ ഭൂമി വഖഫ് ബോര്‍ഡിന് തമിഴ്‌നാട് സര്‍ക്കാര്‍ രഹസ്യമായി പതിച്ചുനല്കിയെന്ന് പരാതി. കൊമരപാളയം പഞ്ചായത്തില്‍ അംഗനകൗന്ദന്‍ പുത്തൂര്‍ മേഖലയിലാണ് എഴുപതിലേറെ കുടുംബങ്ങള്‍ തങ്ങളുടെ വീടുകള്‍ നഷ്ടമാകുമെന്ന ആശങ്കയില്‍ സമരത്തിനിറങ്ങുന്നത്.
പ്രദേശവാസിയായ ഒരാള്‍ മരിച്ചതിനെത്തുടര്‍ന്ന് സ്വത്തുക്കള്‍ സ്വന്തം പേരിലേക്ക് മാറ്റാന്‍ അദ്ദേഹത്തിന്റെ മകന്‍ സത്യമംഗലം രജിസ്ട്രാര്‍ ഓഫീസിലെത്തിയപ്പോഴാണ് സര്‍ക്കാരിന്റെ ചതി പുറത്താവുന്നത്. വഖഫ് ബോര്‍ഡില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് കിട്ടാതെ സ്വന്തം വീടും വസ്തുവും മറ്റൊരാളുടെ പേരിലാക്കാന്‍ ആവില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുകയായിരുന്നു.
1980ലെ പെരുമ്പള്ളം ആറ്റിലെ വെള്ളപ്പൊക്കത്തെ തുടര്‍ന്നാണ് ആദി ദ്രാവിഡര്‍ വെല്‍ഫെയര്‍ വകുപ്പ് മൂന്ന് സെന്റ് ഭൂമി വീതം 73 അരുന്ധത്യാര്‍ കുടുംബങ്ങള്‍ക്ക് പതിച്ചു നല്കിയത്. സര്‍ക്കാരില്‍ നിന്ന് ലഭിച്ച പട്ടയമുള്‍പ്പെടെ ഇവരുടെ പക്കലുണ്ട്.
ഈ പട്ടയം ഉപയോഗിച്ച് കൊമരപാളയം പഞ്ചായത്ത് ഭരണസമിതിയുടെ ഗോബി കോര്‍പ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്ന് ഇവരില്‍ പലരും ലോണെടുത്തിട്ടുണ്ട്.
വീടുകള്‍ വച്ച് പ്രദേശത്തിന് പെരിയോര്‍ നഗര്‍ എന്ന് പേരും നല്കി നാല്പത് വര്‍ഷമായി ഇതേ പ്രദേശത്ത് കഴിയുകയാണ് ഈ കുടുംബങ്ങള്‍. നിയമപ്രകാരം വീട്ടുകരവും അടയ്‌ക്കുന്നുണ്ട്. വൈദ്യുതി, വാട്ടര്‍ കണക്ഷനുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: