എസ്.കെ.
രാമായണത്തിലെ കഥാപാത്രങ്ങളില്‍ ധര്‍മചാരികളും അധര്‍മചാരികളുമുണ്ട്. ധര്‍മപാലനവും ലംഘനവും വിവരിക്കുന്ന സന്ദര്‍ഭങ്ങളും അതിലുടനീളം കാണാം. ഇവയില്‍ നിന്ന് മൂല്യാധിഷ്ഠിതമായ ജീവിതത്തിന് ആവശ്യമായ കാര്യങ്ങള്‍ കണ്ടെത്താനും പ്രാവര്‍ത്തികമാക്കാനും കഴിയുമ്പോഴാണ് രാമായണ പാരായണം സാര്‍ഥകമാകുക.
മൂന്നുലോകങ്ങളും കീഴടക്കിയ രാവണന് പലപ്പോഴും തന്റെ മനസ്സിനെ കീഴടക്കാന്‍ കഴിയുന്നില്ല. ദുര്‍മ്മോഹങ്ങള്‍ ആ ശക്തന്റെ പതനത്തിന് കാരണമാകുന്നു. ഭുജബലവും അഹങ്കാരവും കൊണ്ട് മതിമറക്കുന്നവരെയെല്ലാം കാത്തിരിക്കുന്നത് ഇത്തരം വീഴ്ചകളാണ്. വരം, കരുത്ത്, പദവി എന്നിവയെല്ലാം ധര്‍മത്തില്‍ നിന്ന് വ്യതിചലിക്കുന്തോറും ദുര്‍ബലമായിത്തീരും.
സീതാപഹരണത്തിന് മുന്‍പും പിന്‍പും അതുമൂലമുണ്ടാകാന്‍ പോകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് എത്ര പേരാണ് രാവണനെ ഓര്‍മിപ്പിക്കുന്നത്!
‘‘നല്ലതു നിനക്കു ഞാന്‍ ചൊല്ലുവന്‍-
കേള്‍ക്കുന്നാകില്‍
നല്ലതല്ലേതും നിനക്കിത്തൊഴിലറിക നീ”
എന്നു മാരീചനും
”സീതയെ രാമനുകൊണ്ടെക്കൊടുത്തു തല്‍
പാദപത്മാനുചരനായ് ഭവിക്ക നീ
നല്ലതത്രെ ഞാന്‍ നിനക്കു പറഞ്ഞതു
നല്ല ജനത്തോടു ചോദിച്ചു കൊള്‍കെടോ”
എന്നു ശുകനും
‘‘സാമവേദജ്ഞ! സര്‍വജ്ഞ! ലങ്കേശ്വര!
സാമമാമെന്നുടെ വാക്കു കേള്‍ക്കേണമേ
സീതയെ രാമനു കൊണ്ടെക്കൊടുത്തു നീ
സോദരനായ്‌ക്കൊണ്ടു രാജ്യവും നല്‍കുക”
എന്നു കാലനേമിയും
”ശ്രീരാമനോടു കലഹം തുടങ്ങിയാ-
ലാരും ശരണമില്ലെന്നതറിയണം
കൊണ്ടല്‍ നേര്‍വണനുജാനകീദേവിയെ
ക്കൊണ്ടക്കൊടുത്തു സുഖിച്ചു വസിക്ക നീ”
എന്നു വിഭീഷണനും
”നല്ലതും തിയ്യതും താനറിയാതവന്‍
നല്ലതറിഞ്ഞു ചൊല്ലുന്നവര്‍ ചൊല്ലുകള്‍
നല്ലവണ്ണം കേട്ടുകൊള്ളുകിലും നന്ന-
തല്ലാതവര്‍ക്കുണ്ടോ നല്ലതുണ്ടാകുന്നു?”
എന്നു വിഭീഷണനും
”ചൊല്ലുവാന്‍ ഞാന്‍ തവനല്ലതു, പിന്നെ നീ
യെല്ലാം നിനക്കൊത്തവണ്ണമനുഷ്ഠിക്ക”
എന്നു മാല്യവാനും പറഞ്ഞത് രാവണന്‍ കേട്ടില്ല. ആ നല്ല വാക്കുകളെ രാക്ഷസന്മാര്‍ പുച്ഛിച്ചു തള്ളുക മാത്രമല്ല അവരെ നിന്ദിക്കുകയും ചെയ്തു. അങ്ങനെ ആപത്തൊഴിവാക്കാന്‍ കിട്ടിയ അവസരങ്ങളെല്ലാം രാവണന്‍ പാഴാക്കി. സ്വസ്ഥജീവിതം നയിക്കാനാഗ്രഹിക്കുന്നവര്‍ക്കെല്ലാം ഇതു പാഠമാകേണ്ടതാണ്. പ്രതിസന്ധിഘട്ടങ്ങളില്‍ കുഴപ്പത്തില്‍ ചാടാതിരിക്കാന്‍ വിവേകികളുടെ ഉപദേശം സ്വീകരിക്കണം. തന്നിഷ്ടം മാത്രം നോക്കി പ്രവര്‍ത്തിക്കരുത്.
പ്രശംസയാണ് പൊതുവെ എല്ലാവരും ആഗ്രഹിക്കുന്നത്. വെറും മുഖസ്തുതിയാണെങ്കില്‍ പോലും മിക്കവരും അതിഷ്ടപ്പെടുന്നു. നമ്മളിലെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുകയും തിരുത്താന്‍ ഉപദേശിക്കുകയും ചെയ്യുന്നവരെ പലരും വെറുക്കുന്നു. നമ്മുടെ നന്മയാണ്, ഇഷ്ടം നേടലല്ല അവരുടെ ലക്ഷ്യമെന്ന് നാം പലപ്പോഴും ഓര്‍ക്കാറില്ല.
”ഇഷ്ടം പറയുന്ന ബന്ധുക്കളാരുമേ
കഷ്ടകാലത്തിങ്കലില്ലെന്നു നിര്‍ണയം’
സജ്ജനങ്ങള്‍ ഇഷ്ടം മാത്രം പറയുന്നവരല്ല. ജീവിതത്തിലെ നിര്‍ണായക ഘട്ടങ്ങളില്‍, സ്വയം തീരുമാനമെടുക്കാനാവാതെ വരുമ്പോള്‍ പക്വമതികളുടെ ഉപദശേം തേടുകയും അനുസരിക്കുകയും ചെയ്താല്‍ ആപത്തുകളും ഒഴിവാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: