ബെംഗളൂരു: ചന്ദ്രയാന്‍ മൂന്ന് തന്റെ ചാന്ദ്രയാത്രയ്ക്കിടെ ഒപ്പിയെടുത്ത കൂടുതല്‍ മനോഹരമായ ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ ലോകത്തിന് സമര്‍പ്പിച്ചു. ഏതാനും ദിവസം മുന്‍പ് ചന്ദ്രോപരിതലത്തിന്റെ ഭംഗിയാര്‍ന്ന ഒരു ചിത്രം ഐഎസ്ആര്‍ഒ പുറത്തുവിട്ടിരുന്നു. അതിനു പിന്നാലെയാണ് ഇന്നലെ രണ്ടു ചിത്രങ്ങള്‍ കൂടി പങ്കുവച്ചത്.
ചന്ദ്രനിലെ ഗര്‍ത്തങ്ങള്‍ വ്യക്തമായി കാണാവുന്നതാണ് ഇതിലൊന്ന്. അഹമ്മദാബാദിലെ സ്പേസ് ആപ്ലിക്കേഷന്‍സ് സെന്ററും ബെംഗളൂരുവിലെ ഇലക്ട്രോ ഒപ്റ്റിക്സ് സിസ്റ്റംസ് ലബോറട്ടറിയും ചേര്‍ന്ന് വികസിപ്പിച്ച, ലാന്‍ഡര്‍ ഹൊറിസോണ്ടല്‍ വെലോസിറ്റി ക്യാമറ (എല്‍എച്ച് വിസി) ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.
അതിനിടെ പേടകത്തിന്റെ രണ്ടാമത്തെ ഭ്രമണപഥം മാറ്റല്‍ കഴിഞ്ഞ രാത്രിയില്‍ നടന്നു. ഇപ്പോള്‍ പേടകം ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്ന് വെറും 1,437 കിലോമീറ്റര്‍ അകലെയാണ്. ഭ്രമണപഥം മാറ്റല്‍ ഈ മാസം 14നാണ് ഇനി നടക്കുക.പേടകം ലക്ഷ്യത്തിലെത്താന്‍ ഇനി രണ്ടാഴ്ച മാത്രമാണുള്ളത്. സോഫ്റ്റ് ലാന്‍ഡിങ്ങിന് മുന്നോടിയായി രണ്ടു തവണ ഭ്രമണപഥം മാറ്റിക്കഴിഞ്ഞു.
ചന്ദ്രന്റെ ഭ്രമണപഥത്തില്‍ മറ്റേതെങ്കിലും ഉപഗ്രഹവുമായി ചന്ദ്രയാന്‍ കൂട്ടിയിടിക്കാതിരിക്കാനുള്ള ക്രമീകരണങ്ങളും ഐഎസ്ആര്‍ഒ ചെയ്യുന്നുണ്ട്. ചന്ദ്രനിലും ചൊവ്വയിലും വളരെയേറെ പര്യവേഷണങ്ങളും നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇന്ത്യയുടേത് അടക്കം നിരവധി രാജ്യങ്ങളുടെ ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തുണ്ട്. അതിനു പുറമേ പല പഴയ ഉപഗ്രഹങ്ങളുടെയും അവശിഷ്ടങ്ങളും ബഹിരാകാശത്ത് ചുറ്റിക്കറങ്ങുന്നുണ്ട്. ഇവയെല്ലാം ഭീഷണികളാണ്. ഇവയുമായി ചന്ദ്രയാന്‍ മൂന്ന് കൂട്ടിയിടിക്കുന്നത് ഒഴിവാക്കേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: