മണിപ്പൂരില്‍ എന്താണ് സംഭവിച്ചത്, എന്തുകൊണ്ടാണ് സംഭവിച്ചത്, അതിനെ നേരിടാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചത്, ഇപ്പോഴത്തെ സ്ഥിതി എന്താണ്, ഇതെപ്പറ്റി എല്ലാം ഞാന്‍ വിശദമായി പറയാം. അവിടെ കൊലപാതക പരമ്പരകള്‍ നടന്നു എന്ന പ്രതിപക്ഷ ആരോപണത്തോട് യോജിക്കുന്നു. ഈ കൊലപാതക പരമ്പരയോട് ആര്‍ക്കും യോജിക്കാന്‍ ആവില്ല. ഞങ്ങളും യോജിക്കുന്നില്ല. പ്രതിപക്ഷത്തേക്കാള്‍ കൂടുതല്‍ ദുഃഖം ഞങ്ങള്‍ക്കുണ്ട്. എന്നാല്‍ അങ്ങനെ സംഭവിച്ചു. സമൂഹം എന്ന നിലയില്‍ ഇത്തരം സംഭവങ്ങള്‍ നമ്മളെ ലജ്ജിപ്പിക്കുന്നതാണ്. അതേസമയം ഇത്തരം കാര്യങ്ങള്‍ രാഷ്ട്രീയലാഭത്തിനായി ഉപയോഗിക്കുന്നത് അതിലും ലജ്ജാകരവുമാണ്.
മണിപ്പൂര്‍ വിഷയം ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നു രാജ്യംമുഴുവന്‍ പ്രചരിപ്പിക്കാനുള്ള ശ്രമമാണു നടക്കുന്നത്. ഈ സഭയെ സാക്ഷിയാക്കി രാജ്യത്തെ ജനങ്ങളോട് ഞാന്‍ പറയുന്നു, സഭാസമ്മേളനം ആരംഭിക്കും മുന്‍പ്തന്നെ ഈ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സ്പീക്കറെ രേഖാമൂലം അറിയിച്ചിരുന്നു. എന്നാല്‍ പ്രതിപക്ഷത്തിന് ആവശ്യം ചര്‍ച്ച ആയിരുന്നില്ല. പ്രതിഷേധം നടത്തുക എന്നതായിരുന്നു. എന്റെ മറുപടി നിങ്ങള്‍ക്ക് തൃപ്തികരമല്ലെങ്കില്‍ പ്രധാനമന്ത്രിയുടെ വിശദീകരണം ആവശ്യപ്പെടാമായിരുന്നു. എന്നാല്‍ നിങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പോലും അനുവദിച്ചില്ല. മണിപ്പൂര്‍ പോലുള്ള പ്രധാനപ്പെട്ട വിഷയത്തില്‍ ആഭ്യന്തരമന്ത്രിക്ക് വിശദീകരണം നല്‍കാനുള്ള അവസരം നിഷേധിക്കുന്നത് ഏതുതരം ജനാധിപത്യവ്യവസ്ഥയാണ്? ബഹളംകൂട്ടി എന്നെ നിശബ്ദനാക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. 130 കോടി ജനങ്ങളാണ് ഞങ്ങളെ തെരഞ്ഞെടുത്ത് ഇവിടെ ഇരുത്തിയിരിക്കുന്നത്. ഞങ്ങള്‍ പറയുന്നത് നിങ്ങള്‍ കേള്‍ക്കുക തന്നെ വേണം.
ഈ സഭയിലൂടെ രാജ്യത്തെ 130 കോടി ജനങ്ങളോട് മണിപ്പൂര്‍ സംഭവങ്ങളെക്കുറിച്ചും അത് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളെക്കുറിച്ചും വിശദമായി ഞാന്‍ പറയാം. മുന്‍കാലങ്ങളില്‍ മണിപ്പൂരില്‍ എന്താണ് നടന്നതെന്നും വിശദമാക്കാം. പഴയകാര്യങ്ങളെ രാഷ്ട്രീയ നേട്ടത്തിനു വേണ്ടിയല്ല പറയുന്നത്. നിങ്ങളുടെ കാലഘട്ടത്തില്‍ നടന്നതുതന്നെയാണ് ഞങ്ങളുടെ സമയത്തും നടക്കുന്നതെന്ന ഒഴിവുകഴിവു പറയാനുമല്ല. അത് അങ്ങനെ സംഭവിക്കുന്നത് സ്വാഭാവികമാണെന്നു പറയാനുമല്ല. അത് ഞങ്ങളുടെ രീതി അല്ല. യുപിഎയുടെ രീതിയാണ്. ഇത്തരം സംഭവങ്ങള്‍ ഞങ്ങള്‍ക്ക് ഒരിക്കലും വെച്ചുപൊറുപ്പിക്കാനാകില്ല. പഴയ കാര്യങ്ങള്‍ പറയുന്നത് മണിപ്പൂരിലെ വര്ഗ്ഗീയലഹളകളുടെ ചരിത്രവും സ്വഭാവവും നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ് എന്നതുകൊണ്ടാണ്.
ഏതാണ്ട് ആറര വര്‍ഷമായി മണിപ്പൂരില്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ സര്‍ക്കാരാണ് ഭരിക്കുന്നത്. അതിനിടെ, കഴിഞ്ഞ മെയ് മാസം മൂന്നാം തീയതി വരെ ഒരു ദിവസം പോലും മണിപ്പൂരില്‍ കര്‍ഫ്യു പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. ഒരു ദിവസം പോലും ബന്ദ് നടന്നിട്ടില്ല. ഒരു ദിവസം പോലും വഴി തടയല്‍ ഉണ്ടായിട്ടില്ല. തീവ്രവാദ ആക്രമണങ്ങള്‍ ഏതാണ്ട് ഇല്ലാതായി വരികയുമാണ്.
2021ല്‍ നമ്മുടെ അയല്‍രാജ്യമായ മ്യാന്മാറില് പട്ടാളം ഭരണം ഏറ്റെടുത്തു. ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനായി അവിടത്തെ കുക്കി ഡെമോക്രാറ്റിക് ഫ്രണ്ട് പ്രക്ഷോഭം ആരംഭിച്ചു. അതിനെ പട്ടാള ഭരണകൂടം ശക്തമായി നേരിടുകയും അടിച്ചമര്‍ത്തല്‍ ആരംഭിക്കുകയും ചെയ്തു. നമ്മുടെയും മ്യാന്മാറിന്റേയും അതിര്‍ത്തികള്‍ വേലിക്കെട്ടുകള്‍ ഇല്ലാത്ത, തുറന്നതാണ്. അത്, സ്വാതന്ത്ര്യം കിട്ടിയ കാലം മുതലേ അങ്ങനെയാണ്. പ്രക്ഷോഭം പട്ടാളഭരണകൂടം നേരിടാന്‍ ആരംഭിച്ചതോടെ മിസോറാമിലേയ്ക്കും മണിപ്പൂരിലേയ്ക്കും മ്യാന്മാറില് നിന്നുള്ള കുക്കി സഹോദരന്മാരുടെ വലിയ തോതിലുള്ള അഭയാര്‍ത്ഥി പ്രവാഹം ആരംഭിച്ചു. ആയിരക്കണക്കിനു കുക്കി ആദിവാസി സഹോദരന്മാരാണ് ഇങ്ങോട്ട് പലായനം ചെയ്തത്. അങ്ങനെ എത്തിയവര്‍ മണിപ്പൂരിലെ കാടുകളില്‍ താമസം ആരംഭിച്ചു. ഇതോടെ മണിപ്പൂരില്‍ സുരക്ഷിതാവസ്ഥയെ സംബന്ധിച്ച് ആശങ്കകള്‍ ഉണ്ടാവാന്‍ തുടങ്ങി. ഈ അവസരത്തില്‍ത്തന്നെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഈ അതിര്‍ത്തി തുറന്നിടാന്‍ സാധിക്കില്ലെന്ന തീരുമാനമെടുത്തു. 2022ല്‍, വേലിക്കെട്ടു നിര്‍മാണനടപടികള്‍ തുടങ്ങി. ഇതുവരെ പത്തു കിലോമീറ്റര്‍ ഫെസിങ് പൂര്‍ത്തിയാക്കി. 60 കിലോമീറ്ററില്‍ നിര്‍മ്മാണം പുരോഗമിക്കുന്നു. അറുന്നൂറ് കിലോമീറ്ററില്‍ സര്‍വ്വേ നടന്നുകൊണ്ടിരിക്കുന്നു. ഇതുവഴി നുഴഞ്ഞുകയറ്റം ഒരു പരിധിവരെ കുറയ്ക്കാന്‍ സാധിക്കും.
പക്ഷെ മണിപ്പൂരിലെ ആശങ്ക വര്‍ദ്ധിച്ചു വന്നു. മണിപ്പൂരിലെ ഡെമൊഗ്രഫി വളരെ നിര്‍ണ്ണായകമാണ്. താഴ്വരയില് മെയ്ത്തി വംശജരും പര്‍വ്വതപ്രദേശങ്ങളില്‍ നാഗ, കുക്കി വംശജരുമാണ് താമസിക്കുന്നത്. ജാതീയമായ ജനസംഖ്യ അവിടെ വലിയ സമ്മര്‍ദ്ദം ഉണ്ടാക്കുന്ന ഘടകമാണ്. അതിനാല്‍, അഭയാര്ത്ഥികലായി എത്തിയവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിനുള്ള നടപടികള്‍ ജനുവരിയില്‍ ആരംഭിച്ചു. അവരുടെ വിരലടയാളവും കണ്ണുകള്‍ സ്കാന്‍ ചെയ്ത് വിവരങ്ങളും ശേഖരിച്ചു. ഈ വിവരങ്ങള്‍ വോട്ടര്‍ ലിസ്റ്റിന്റേയും ആധാര്‍കാര്‍ഡിന്റേയും നെഗറ്റീവ് ലിസ്റ്റില്‍ ചേര്‍ക്കുന്ന നടപടികള്‍ ആരംഭിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇവിടെ കണ്ണുമൂടി നിശബ്ദരായി ഇരിക്കുകയല്ല ചെയ്യുന്നത്. വലിയ തോതില്‍ വന്നിരുന്ന അഭയാര്‍ത്ഥികളുടെ എണ്ണം മെയ്തി വംശജരില്‍ സുരക്ഷിതത്വമില്ലായ്മയുടെ ആശങ്ക വര്‍ദ്ധിപ്പിച്ചു. അവിടെയുള്ളത് സ്വതന്ത്രമായ ഒരു സംവിധാനമാണ്. നേപ്പാളിലേതു പോലെ ഇവിടെയും പാസ്പോര്‍ട്ട് ആവശ്യമില്ല. അതിര്‍ത്തിയില്‍ നാല്പതു കിലോമീറ്റര്‍ പരിധിയില്‍ രണ്ട് രാജ്യങ്ങളിലേയ്ക്കും യാത്ര ചെയ്യുന്നതിനു പാസ്പോര്‍ട്ട് ആവശ്യമില്ല എന്നത് ഭാരതവും മ്യാന്മറും തമ്മില്‍ 1968 മുതല്‍ ഉള്ള ധാരണയാണ്. അതു ഞങ്ങള്‍ കൊണ്ടുവന്നതല്ല. ഈ ധാരണയുള്ളതിനാല്‍ ആരേയും തടയാനും സാധിക്കില്ല. ആയിരക്കണക്കിനു കിലോമീറ്റര്‍ അതിര്‍ത്തിയില്‍ വേലി ഇല്ലാത്തതിനാല്‍ അവിടെ നിന്നു വരുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. മെയ്ത്തികളുടെ ആശങ്കയും വര്‍ദ്ധിച്ചു.
ഇതിനിടയില്‍ ഏപ്രില്‍ മുപ്പതിനു മറ്റൊരു കിംവതന്തി പ്രചരിപ്പിക്കപ്പെട്ടു. അഭയാര്‍ത്ഥികളായി എത്തിയവരുടെ 58 സെറ്റില്‍മെന്റുകള്‍ (അഭയാര്‍ത്ഥികള്‍ ആയി എത്തിയവര്‍ വനങ്ങളില്‍ തമ്പടിച്ച വനപ്രദേശങ്ങള്‍) ഗ്രാമം ആയി പ്രഖ്യാപിച്ചു എന്നും അവര്‍ ഇനി സ്ഥിരമായി അവിടെത്തന്നെ താമസിക്കും എന്നുമായിരുന്നു അത്. ഈ തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കപ്പെട്ടതോടെ താഴ്വരയില് വലിയ ആശങ്ക വളരാന്‍ തുടങ്ങി. ഇത് തെറ്റായ വാര്‍ത്തയാണെന്ന് മൈക്ക് ഉപയോഗിച്ച് വിവിധ വാഹനങ്ങളിലൂടെ പ്രചരണം നടത്തിയെങ്കിലും ഊഹാപോഹങ്ങള്‍ വലിയ രീതിയില്‍ പ്രചരിപ്പിക്കപ്പെട്ടു,
ഈ അസ്വസ്ഥതകള്‍ നിലനില്‍ക്കുന്ന അവസരത്തില്‍ എരിതീയില്‍ എണ്ണയൊഴിക്കുന്ന പണി ചെയ്തത് മണിപ്പൂര്‍ ഹൈക്കോടതിയുടെ ഉത്തരവാണ്. വര്‍ഷങ്ങളായി പരിഗണിക്കാതെ കിടന്ന ഒരു പെറ്റീഷന് പെട്ടന്ന് പരിഗണനക്കെടുത്ത കോടതി ഏപ്രില്‍ 29നു മുന്‍പ് മെയ്ത്തി വിഭാഗത്തെ പട്ടിക വര്‍ഗ്ഗമായി പ്രഖ്യാപിക്കണം എന്ന് ഉത്തരവ് പുറപ്പെടുവിച്ചു. കേന്ദ്ര സര്‍ക്കാരിന്റേയോ, പട്ടികവര്‍ഗ്ഗ വകുപ്പിന്റേയോ, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേയോ മണിപ്പൂര്‍ സര്‍ക്കാരിന്റേയോ അഭിപ്രായം ആരായാതെയായിരുന്നു ഉത്തരവ്. ഇതോടെ പര്‍വ്വതമേഖലയില്‍ വലിയ അസ്വസ്ഥത ഉടലെടുത്തു. മെയ്ത്തി വിഭാഗം പട്ടികവര്ഗ്ഗമായാല് തങ്ങള്‍ക്ക് ജോലി ലഭിക്കാനുള്ള സാധ്യതകുറയും എന്നത് സ്പര്‍ധ വളര്‍ത്താന്‍ കാരണമായി. നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാതെ വന്ന ഈ ഉത്തരവോടെ പര്‍വ്വതപ്രദേശങ്ങളിലും അസ്വസ്ഥത വര്‍ദ്ധിക്കാന്‍ തുടങ്ങി. അങ്ങനെ താഴ്വരയിലും പര്‍വ്വതപ്രദേശത്തും ഒരു പോലെ അസ്വസ്ഥത വളര്‍ന്നു. മെയ് 3-ാം തീയതി ആദ്യത്തെ അക്രമം ആരംഭിച്ചു. അതോടെ പരസ്പരമുള്ള ആക്രമണങ്ങള്‍ വ്യാപിച്ചു ആ അശാന്തിയുടെ അവസ്ഥ ഇപ്പോഴും നിലനില്ക്കുന്നു. ഈ പരിസ്ഥിതിയില്‍ അയാള്‍ എന്തുകൊണ്ട് പോയില്ല ഇയാള്‍ എന്തുകൊണ്ട് പോയില്ല എന്ന താരതമ്യം ചെയ്യുന്നത് ശരിയല്ല. ഇത് ഈ പ്രത്യേക സാഹചര്യത്തില്‍ പൊട്ടിപ്പുറപ്പെട്ട കലാപമാണ്. മറ്റൊരു പ്രധാനപ്പെട്ട കാര്യം കൂടി സൂചിപ്പിക്കാനുള്ളത് മ്യാന്മാറില് പട്ടാള ഭരണം വന്നതോടെ അവിടെ പ്രശ്നങ്ങള്‍ ഉണ്ട്. മ്യാന്മാറില് നിന്നും മണിപ്പൂരിലേയ്ക്കുള്ള മയക്കുമരുന്ന് കടത്തും അവിടെ അസ്വസ്ഥകള്‍ക്ക് കാരണമായിട്ടുണ്ട്. എന്നാല്‍ സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണമാക്കിയത് ഹൈക്കോടതി ഉത്തരവാണ്. അത് നടപ്പാക്കാനുള്ള അവസാന തീയതി ഏപ്രില്‍ 29 ആയിരുന്നു. അതിനെതിരെ ഒരു പ്രകടനം നടന്നു. ആ പ്രകടനത്തെ തൂടര്‍ന്ന് രണ്ട് വിഭഗങ്ങള്‍ ഏറ്റുമുട്ടി. ആ ഏറ്റുമുട്ടല്‍ വളരെ പെട്ടന്ന് താഴ്വരയിലും പര്‍വ്വതപ്രദേശത്തും വ്യാപിച്ച് രണ്ടുവിഭാഗങ്ങള്‍ തമ്മില്‍ പരസ്പരം ജീവനെടുക്കുന്ന കലാപമായി മാറി.
ഇനിയുള്ള ചോദ്യം അക്രമങ്ങള്‍ തുടങ്ങിയ ശേഷം എന്തുചെയ്തു എന്നതാണ്. അതിനു മുന്‍പ് മണിപ്പൂരിലെ വംശീയ കലാപങ്ങളുടെ ചരിത്രം മനസ്സിലാക്കേണ്ടതുണ്ട്. 1993ല്‍ നരസിംഹ റാവു പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവായ രാജ്കുമാര് ദോരേന്ദ്ര സിംഗ് മണിപ്പൂരിന്റെ മുഖ്യമന്ത്രിയും ആയിരുന്ന സമയത്ത് മണിപ്പൂരില്‍ നാഗ കുക്കി കലാപം ഉണ്ടായി. ആ സമയത്ത് 750 ആളുകള്‍ കൊല്ലപ്പെട്ടു. 200ലധികം ആളുകള്‍ക്ക് പരിക്കേറ്റു. 45,000 ആളുകള്‍ അഭയാര്‍ത്ഥികള്‍ ആയി. ഒന്നരവര്‍ഷം ആ സംഘര്‍ഷം നീണ്ടുനിന്നു. ആ കലാപത്തെക്കുറിച്ച് മറുപടി പറഞ്ഞത് ആരാണെന്ന് അറിയാമോ? സഹമന്ത്രിയായിരുന്ന രാജേഷ് പൈലറ്റ്! അവരാണ് ഇപ്പോള്‍ എന്നെ സംസാരിക്കാന്‍ അനുവദിക്കാത്തത്. ഇത്രയും ഗുരുതരമായ സംഭവങ്ങള്‍ നടന്നിട്ടും അന്നത്തെ കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിച്ച് ആരെങ്കിലും അവിടെ പോയിരുന്നോ? പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി പോയോ? ഇല്ല. സാമൂഹ്യക്ഷേമവകുപ്പ് മന്ത്രി പോയിരുന്നോ? ഇല്ല. ആഭ്യന്തര മന്ത്രി പോയിരുന്നോ എന്ന ചോദ്യം തന്നെ ഉദിക്കുന്നില്ല. ആഭ്യന്തരസഹമന്ത്രി പോയോ? അതും ഇല്ല. അവരാണ് പ്രധാനമന്ത്രി എന്തുകൊണ്ട് പോയില്ലെന്ന് ഞങ്ങളോട് ചോദിക്കുന്നത്. അന്ന് പാര്‍ലമെന്റില്‍ പ്രതിപക്ഷം ചോദ്യങ്ങള്‍ ചോദിച്ച് ചോദിച്ച് ക്ഷീണിതരായി. ആഭ്യന്തരമന്ത്രി ഉത്തരം പറയാന്‍ തയ്യാറായില്ല. ഒടുവില്‍ ആഭ്യന്ത്ര സഹമന്ത്രിയാണ് ഉത്തരം പറഞ്ഞത്. ആ കൂട്ടര് ആണ് ഇന്ന് പ്രധാനമന്ത്രി തന്നെ മറുപടി പറയണം എന്നാവശ്യപ്പെട്ടുകൊണ്ട് പാര്‍ലമെന്റ് നടപടികള്‍ സ്തംഭിപ്പിക്കുന്നത്.
(വിവര്‍ത്തനം: ഒ.വി.മണികണ്ഠന്)
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: