ഓക്ക്ലന്‍ഡ്: ഏഷ്യന്‍ വനിതാ ഫുട്ബോള്‍ കരുത്ത് സെമിയിലേക്ക് വ്യാപിപ്പിക്കാന്‍ ജപ്പാന് ഇന്ന് സ്വീഡനെതിരെ. ലോക ചാമ്പ്യന്മാരെ നേരത്തെ തീര്‍ത്തതിന്റെ ആത്മവിശ്വാസത്തില്‍ ജപ്പാന് കുതിപ്പിന് തടയിടാനൊരുങ്ങി കാത്തിരിക്കുയാണ് സ്വീഡന്. ഫിഫ വനിതാ ലോകകപ്പ് ഫുട്ബോള്‍ ക്വാര്‍ട്ടറില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിലാണ് ഇരുവരും തമ്മില്‍ ഏറ്റുമുട്ടുക. ഉച്ചയ്ക്ക് ഒന്നിന് ന്യൂസിലാന്‍ഡിലെ ഓക്ക്ലന്‍ഡിലാണ് പോരാട്ടം.
പതുങ്ങിനിന്ന് പുഴുതുകളില് നിര്‍ദാക്ഷിണ്യം ഇരച്ചുകയറി സ്കോര്‍ ചെയ്യുന്നതാണ് ജപ്പാന് കുതിപ്പിന്റെ കരുത്ത്. എതിരാളിയുടെ മൂര്ച്ഛയനുസരിച്ച് ശൈലിമാറ്റി പരീക്ഷിക്കാനുള്ള മികവും ഉണ്ട്. പാസിങ് ഗെയിമിലൂടെയാണ് സ്വീഡന് ലോകകപ്പില്‍ ഇതുവരെ തോല്‍ക്കാതെ തലയുയര്‍ത്തി നില്‍ക്കുന്നത്. ഈ രണ്ട് ശൈലികള്‍ തമ്മിലുള്ള യുദ്ധമായിരിക്കും ഇന്നത്തെ ക്വാര്‍ട്ടര്‍.
ഇത്തവണ ഇതുവരെ വളരെ ഗംഭീര പ്രകടനമാണ് ജപ്പാന് വനിതാ ടീം ലോകകപ്പില്‍ നടത്തിവന്നിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ 11 ഗോളുകള്‍. പ്രീക്വാര്‍ട്ടറില്‍ മുന്‍ ലോകചാമ്പ്യന്മാരായ നോര്‍വെയെ തോല്‍പ്പിച്ചത് 3-1ന്.
ഗ്രൂപ്പ് ജിയില്‍ നിന്നും അജയ്യരായാണ് സ്വീഡന്റെ വരവ്. പ്രീക്വാര്‍ട്ടറില്‍ അമേരിക്കന്‍ കരുത്തിനെ തടഞ്ഞുനിര്‍ത്തി. ഗോളടിക്കാന്‍ സമ്മതിക്കാതെ നിശ്ചയദാര്‍ഢ്യത്തോടെ പൊരുതിനിന്നു. ഒടുവില്‍ ഷൂട്ടൗട്ടില്‍ ക്വാര്‍ട്ടര്‍ ടിക്കറ്റ് സ്വന്തമാക്കി.
ഗ്രൂപ്പ് ഘട്ടത്തില്‍ എല്ലാ മത്സരങ്ങളും ജയിച്ച രണ്ട് ടീമുകളാണ് ജപ്പാനും സ്വീഡനും. ഇരുവരും നേര്‍ക്കുനേര്‍ വരുമ്പോള്‍ ജപ്പാന് ഒരു കണക്ക് പറയാനുണ്ട്. രണ്ട് വര്‍ഷം മുമ്പ് ടോക്കിയോ ഒളിംപിക്സ് ഫൈനലില്‍ ഏറ്റുമുട്ടിയപ്പോള്‍ നാട്ടുകാരെ 3-1ന് തോല്‍പ്പിച്ച് സ്വീഡന് സ്വര്‍ണവും കൊണ്ടു പറന്നു. അന്ന് വെള്ളികൊണ്ട് തൃപ്തരായ ജപ്പാന് എത്രത്തോളം മാറിയെന്ന് മാറ്റുരയ്ക്കാന്‍ ഇന്നത്തെ മത്സരത്തേക്കാള്‍ വലിയ അവസരമില്ല. ഓരോ മത്സരത്തിലും ഓരോ ടാക്ടിക്സുമായി ഇറങ്ങുന്ന ജാപ്പനീസ് ശൈലിയും ഏതു വമ്പനെയും പാസിങ് ഗെയിംകൊണ്ട് കീഴ്പ്പെടുത്താനുള്ള സ്വീഡിഷ് ആത്മവിശ്വാസത്തിന്റെ ആഴവും കണ്ടറിയാം.
കരുത്തിന്റെ മാറ്റുരയ്ക്കലായ് സ്പാനിഷ്-ഡച്ച്
ഫിഫ വനിതാ ലോകകപ്പ് ഫുട്ബോള്‍ രണ്ടാം ക്വാര്‍ട്ടറില്‍ കരുത്തന് ടീമുകളായ സ്പെയിനും നെതര്‍ലന്‍ഡ്സും ഏറ്റുമുട്ടും. വൈകീട്ട് 6.30ന് വെല്ലിങ്ടണിലാണ് മത്സരം.
പ്രീക്വാര്‍ട്ടറില്‍ സ്വിറ്റ്സര്‍ലന്‍ഡിനെ 5-1ന് മുക്കി അഴകും പെര്‍ഫെക്ഷനും ഒത്തുചേര്‍ന്ന പ്രകടനവുമായി കാഴ്ച്ചക്കാരെ കൊതുപ്പിച്ചുകൊണ്ടാണ് സ്പാനിഷ് പെണ്‍പട ക്വാര്‍ട്ടറിനിറങ്ങുന്നത്. കഴിഞ്ഞ കളിയില്‍ താരതമ്യേന ദുര്‍ബലരായ ദക്ഷിണാഫ്രിക്കയെ ഏകപക്ഷീയമായ രണ്ട് ഗോളിന് ആധിപത്യപൂര്‍വ്വം തോല്‍പ്പിച്ചാണ് നെതര്‍ലന്‍ഡ്സ് എട്ടിലൊരു ടീമായത്.
തോല്‍വി അറിയാതെയാണ് നെതര്‍ലന്‍ഡ്സിന്റെ കുതിപ്പ്. ഗ്രൂപ്പ് ഘട്ടത്തില്‍ പോര്‍ചുഗലിനെയും വിയെറ്റ്നാമിനോയും തോല്‍പ്പിച്ചപ്പോള്‍ അമേരിക്കയോട് സമനില പാലിച്ചു. ഏഴ് പോയിന്റുമായി നോക്കൗട്ടിലേക്ക് കുതിച്ചു. പ്രീക്വാര്‍ട്ടറില്‍ ഗ്രൂപ്പ് ജിയിലെ രണ്ടാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയെ നേരിട്ടു, വിജയിച്ചു, ക്വാര്‍ട്ടറിലെത്തി. സ്പെയിന് ഗ്രൂപ്പ് സിയില്‍ നിന്ന് ജപ്പാന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായണ് പ്രീക്വാര്‍ട്ടറിലെത്തിയത്. ജപ്പാനെ നേരിട്ട സ്പാനിഷ് ടീമിന് ഗ്രൂപ്പ് ഘട്ട പോരില്‍ അടിതെറ്റിയിരുന്നു.
ജപ്പാനും സ്വീഡനും, ഇവരില്‍ നിന്നൊരു ടീം ഇന്ന് പുറത്തേക്ക് തെറിക്കും. ജയിക്കുന്നവര്‍ സെമിയിലേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: