കോഴിക്കോട്: കേരള ചരിത്രത്തില്‍ ഇതുവരെ കാണാത്ത ഒത്തുതീര്‍പ്പുരാഷ്ട്രീയമാണ് കോണ്‍ഗ്രസും സിപിഎമ്മും നടത്തുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ മകള്‍ക്കും സ്വകാര്യ കമ്പനിക്കുമെതിരെ ഉയര്‍ന്നുവന്ന ഗുരുതര അഴിമതി ആരോപണം മായ്ച്ചു കളയാന്‍ വേണ്ടിയുള്ള സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും ശ്രമത്തിനു കൂട്ടുനില്‍ക്കുകയാണ് പ്രതിപക്ഷമെന്ന് അദ്ദേഹം ആരോപിച്ചു.
എന്തുകൊണ്ട് അഴിമതി ആരോപണത്തില്‍ നിയമസഭയില്‍ അടിയന്തര പ്രമേയം കൊണ്ടുവരാനോ മുഖ്യമന്ത്രിയുടെ വിശദീകരണം ചോദിക്കാനോ പ്രതിപക്ഷം തയാറായിട്ടില്ല. വിഷയം ചര്‍ച്ച ആവാതിരിക്കാന്‍ നിയമസഭാ സമ്മേളനം
വെട്ടിച്ചുരുക്കിയ സംഭവത്തോട് പോലും അനുകൂലിക്കുന്ന സമീപനമാണ് പ്രതിപക്ഷം സ്വീകരിച്ചത്. മുഖ്യമന്ത്രിക്ക് എതിരായി മാത്രമല്ല മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവരുടെ പേരുകളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇവര്‍ക്ക് കിട്ടിയ പണത്തിന്റെ കണക്കുകൂടി പുറത്തുവരും എന്ന് പേടിച്ചാണോ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മുഖ്യമന്ത്രിക്ക് കൂട്ടുനില്‍ക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
പ്രതിപക്ഷം കാണിക്കുന്ന ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് എം.ടി. രമേശ് ആവശ്യപ്പെട്ടു. വിവാദമായ സ്വകാര്യ കമ്പനി മാസംതോറും പണം നല്‍കിയതുമായി ബന്ധപ്പെട്ട് ആധികാരികമായ ഒരു വാര്‍ത്ത വന്നിട്ടും എന്തുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന് പ്രതികരിക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു.
ഇരുപത് ലക്ഷം രൂപയിലധികം വരുന്ന തുക ബാങ്ക് മുഖാന്തിരം മാത്രമേ സംഭാവനയായി സ്വീകരിക്കാവു എന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിയമം നില്‍ക്കവെയാണ് മാസപ്പടിയായി പണം സ്വീകരിച്ചത്. വിഷയത്തില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ കേസ് രജിസ്റ്റര്‍ ചെയ്ത് സമഗ്ര അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്, ജില്ലാ സെക്രട്ടറി ടി. റെനീഷ് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: