തിരുവല്ല: തിരുമൂലപുരത്ത് മണിമലയാറിന്റെ തീരത്ത് 35 മീറ്റര്‍ ഭാഗത്ത് മാത്രം സംരക്ഷണ ഭിത്തി നിര്‍മ്മിക്കാനുള്ള ഇറിഗേഷന്‍ വകുപ്പിന്റെ പദ്ധതി വിവാദമാകുന്നു.
തിരുവല്ല നഗരസഭയിലെ ഇരുപത്തിയൊന്നാം വാര്‍ഡില്‍ തിരുവല്ല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസിനസ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമിക്ക് പിന്നിലായി സംരക്ഷണഭിത്തി നിര്‍മ്മിക്കുവാന്‍ ഇറിഗേഷന്‍ വകുപ്പ് നടത്തിയ നീക്കമാണ് വിവാദത്തില്‍ ആയിരിക്കുന്നത്.
സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്നതിന് മുന്നോടിയായി പുറമ്പോക്ക് ഭൂമിയില്‍ ഉള്‍പ്പെടുന്ന എട്ടോളം മരങ്ങള്‍ ചൊവ്വാഴ്ച ഉച്ചയോടെ വെട്ടി നീക്കി. നദീതീര സംരക്ഷണത്തിനായി വര്‍ഷങ്ങള്‍ക്കു മുമ്പ് വെച്ചുപിടിപ്പിച്ച ആറ്റുവഞ്ചി അടക്കമുളള മരങ്ങളാണ് വെട്ടി നില്‍ക്കപ്പെട്ടത്.
സംഭവമറിഞ്ഞ് നാട്ടുകാരില്‍ ചിലര്‍ പ്രതിഷേധവുമായി എത്തിയതോടെ മരം വെട്ടാന്‍ എത്തിയ തൊഴിലാളികള്‍ സ്ഥലത്ത് നിന്ന് മുങ്ങി. വര്‍ഷങ്ങളുടെ കാലപ്പഴക്കമുള്ള വന്മരങ്ങള് പഴക്കമുളള വനംവകുപ്പിന്റെ അനുമതിയില്ലാതെയാണ് വെട്ടി നീക്കിയതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. മേജര്‍ ഇറിഗേഷന്‍ വകുപ്പാണ് 15 ലക്ഷം രൂപയ്ക്ക് 35 മീറ്റര്‍ ഭാഗത്ത് സംരക്ഷണ ഭിത്തികെട്ടാന്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇപ്പോള്‍ മരങ്ങള്‍ മുറിച്ച ഭാഗത്ത് മണ്ണിനടിയില്‍ പഴയ സംരക്ഷണ ഭിത്തിയുണ്ടെന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. കമ്പി ഉപയോഗിച്ച് കുഴിച്ചപ്പോള്‍ ഭിത്തിയുടെ ഭാഗങ്ങള്‍ പുറത്തു കാണുകയും ചെയ്തു.
എന്നാല്‍ വിവാദമായ ഭൂമിക്ക് കിഴക്കുഭാഗത്ത് വളളംകുളം വരെയുളള ഇടങ്ങളില്‍ നീളത്തില്‍ തീരം ഇടിഞ്ഞിട്ടുണ്ട്. ഇവിടെയൊന്നും തീരംകെട്ടി സംരക്ഷിക്കുന്നതിനുളള പ്രത്യേക പദ്ധതികള്‍ നടപ്പാക്കിയിട്ടുമില്ല. കിഴക്കുനിന്ന് വരുമ്പോള്‍ ആറ് വലത്തേക്ക് തിരിയുന്ന ഭാഗമാണ് ഇവിടം. വളവുമൂലം ഒഴുക്കിന്റെ ശക്തി എതിര് കരയിലായിരിക്കും കൂടുതല്‍ ഉണ്ടാവുക. അപകടാവസ്ഥ ഇല്ലാത്ത ചെറിയ ഭാഗം മാത്രം സര്‍ക്കാര്‍ ഖജനാവില്‍ നിന്നുള്ള വന്‍ തുക മുടക്കി ഭിത്തികെട്ടുന്നത് സ്വകാര്യ വ്യക്തിയെ സഹായിക്കാനാണെന്ന ആക്ഷേപമാണ് നാട്ടുകാര്‍ ഉയര്‍ത്തുന്നത്.
അതേസമയം സംഭവം വിവാദമായ പശ്ചാത്തലത്തില്‍ നിലവിലെ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായും റവന്യൂ വിഭാഗം ഭൂമി അളന്ന് തിട്ടപ്പെടുത്തിയ ശേഷം മാത്രമേ തുടര്‍ നടപടി സ്വീകരിക്കൂ എന്നും മേജര്‍ ഇറിഗേഷന്‍ വകുപ്പ് അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: