മുംബൈ: പലിശനിരക്കിൽ തുടർച്ചയായ മൂന്നാം തവണയും മാറ്റം വരുത്താതെ വ്യാഴാഴ്ച ചേര്‍ന്ന റിസര്‍വ് ബാങ്ക് പണ അവലോകന സമിതി യോഗം. ഇതോടെ റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരും. കഴിഞ്ഞ വര്‍ഷം മെയ് മുതല്‍ തുടര്‍ച്ചയായി ആറു തവണ വര്‍ധിപ്പിച്ച റിപ്പൊ നിരക്ക് ഏപ്രില്‍ മുതല്‍ മാറ്റമില്ലാതെ തുടരുകയാണ്.
പണപെരുപ്പം പിടിച്ചു നിര്‍ത്തുന്നതിനുള്ള നടപടികള്‍ക്കായി വിപണിയെ സസൂക്ഷ്മം നിരീക്ഷിക്കുമെന്ന് യോഗതീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.
പണപ്പെരുപ്പത്തിന്റെ കാര്യത്തിൽ അല്‍പം ആശങ്കയുണ്ട്. റിസര്‍വ്വ് ബാങ്ക് 2023-24 സാമ്പത്തിക വർഷത്തേക്കുള്ള പണപ്പെരുപ്പ നിരക്ക് നേരത്തെ പ്രവചിച്ചിരുന്ന 5.1 ശതമാനത്തിൽ നിന്ന് 5.4 ശതമാനമായി ഉയർത്തിയിട്ടുണ്ട്. റിസര്‍വ്വ് ബാങ്കിന്റെ കണക്ക് പ്രകാരം ഇന്ത്യയ്‌ക്ക് സഹിക്കാവുന്ന പരമാവധി പണപ്പെരുപ്പ നിരക്ക് 6 ശതമാനമാണ്. പച്ചക്കറി വില ഉയര്‍ന്നത് കാരണം പണപ്പെരുപ്പ നിരക്ക് അല്‍പം ഉയരുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു
പക്ഷെ പണപ്പെരുപ്പ നിരക്ക് 4 ശതമാനത്തിലേക്ക് എത്തിക്കുകയാണ് റിസര്‍വ്വ് ബാങ്കിന്റെ ലക്ഷ്യം. ഇന്ത്യയുടെ ശക്തമായ സ്ഥൂലസാമ്പത്തകി അടിത്തറ രാജ്യത്തെ വളർച്ചയിലേക്ക് നയിച്ചു, ആഗോള വളർച്ചയിൽ ഇന്ത്യ ഏകദേശം 15 ശതമാനം സംഭാവന ചെയ്യുന്നതായും റിസർവ് ബാങ്ക് ഗവർണർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: