തിരുവനന്തപുരം: യൂട്യൂബ് സംപ്രേഷണവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികള്‍ പരിശോധിച്ച് അവ ബ്ലോക്ക് ചെയ്യുന്നതിനായി ഡെസിഗ്നേറ്റഡ് ഓഫീസര്‍ക്ക് ശിപാര്‍ശ നല്‍കുന്നതിന് സംസ്ഥാന ഐ.ടി വകുപ്പ് സെക്രട്ടറിയെ നോഡല്‍ ഓഫീസറായി നിയമിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു. പി.വി. അന്‍വറിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിലും നോഡല്‍ ഓഫീസര്‍ക്ക് ഇത്തരത്തില്‍ ശുപാര്‍ശ നല്‍കാവുന്നതാണ്. യൂട്യൂബില്‍ ഉള്‍പ്പെടെ പ്രചരിപ്പിക്കുന്ന വിവരങ്ങള്‍ നിയമ വിരുദ്ധമായതോ രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, സുരക്ഷ, വിദേശരാജ്യങ്ങളുമായിട്ടുള്ള സൗഹൃദബന്ധം, ക്രമസമാധാനം, കോടതിയലക്ഷ്യം, മതസ്പര്‍ദ്ധ, അപകീര്‍ത്തിപ്പെടുത്തല്‍ എന്നിവയുമായി ബന്ധപ്പെട്ടതോ ആണെങ്കില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഇന്റര്‍ മീഡിയറി ഗൈഡ് ലൈന്‍സ് ആന്റ് ഡിജിറ്റല്‍ മീഡിയ എത്തിക്സ് കോഡ്) റൂള്‍സ്-2021 പ്രകാരം അവ നിരോധിച്ചിട്ടുണ്ട്.
ഇപ്രകാരം പ്രചരിപ്പിക്കപ്പെടുന്ന വിവരങ്ങള്‍ ബ്ലോക്ക് ചെയ്യുന്നതിനായി Information Technology (Procedure and Safeguards for Blocking for Access of Information by Public) Rules, 2009 പ്രകാരം കേന്ദ്ര സര്‍ക്കാര്‍ ഡെസിഗ്നേറ്റഡ് ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ ഓഫീസര്‍ക്കാണ് പരാതികളിന്മേല് നോഡല്‍ ഓഫീസര്‍ ശുപാര്‍ശ നല്‍കുക.
വളരെ കാലിക പ്രാധാന്യമുള്ളതും ഗൗരവമുള്ളതുമായ വിഷയമാണിത്. സമഗ്രമായ ഒരു നിയമനിര്‍മാണത്തിന്റെ കാര്യം പ്രത്യേകം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: