ന്യൂദല്ഹി:
കേരളത്തിലെ കമ്പനികൾ മുഖ്യമന്ത്രിയുടെ മകൾക്ക് സർവീസ് ടാക്സ് നൽകണോയെന്ന ചോദ്യവുമായി കേന്ദ്ര ഇലക്ട്രോണിക്സ്, ഐ ടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ.
അഴിമതിയും സ്വജന പ്രീണനവും നടത്തി ശീലിച്ചു പോയ കുടുംബവാഴ്ചക്കാർ രാജ്യം വിടുക ( ക്വിറ്റ് ഇന്ത്യ) എന്ന്പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ദിവസം തന്നെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ കമ്പനിയിലേക്കും അവരുടെ സ്വന്തം അക്കൗണ്ടിലേക്കും ഒരു കമ്പനിയിൽ നിന്നും മാസം തോറും പണം ലഭിക്കുന്നുവെന്ന വാർത്തയും പുറത്തു വന്നു. നിങ്ങളെന്തിനാണ് അവർക്ക് പണം നൽകുന്നതെന്ന് ആദായനികുതി ഉദ്യോഗസ്ഥർ കമ്പനിയോട് ചോദിച്ചപ്പോൾ പ്രത്യേകിച്ച് ഒരു ബിസിനസ്സ് ഒന്നുമില്ലെങ്കിലും തങ്ങൾ അത് നൽകിയെന്ന് അവർ പറഞ്ഞതായാണ് മനസ്സിലാവുന്നത്.
കമ്പനികൾ ഹഫ്ത കൊടുക്കുന്നത് പോലെ വീണയുടെ അക്കൗണ്ടിലേക്ക് പണം നൽകുന്ന ഏർപ്പാടാണ് സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നത് എന്നാണിത് തെളിയിക്കുന്നത്. ഇത് കാണുമ്പോൾ ജിഎ എസ് ടിക്ക് സമാനമായി കേരളത്തിൽ സിപിഎം വീണ സേവന നികുതി (വീണ സർവീസ് ടാക്സ് -വിഎസ് ടി ) എന്ന ഗ്യാരന്റി പണപ്പിരിവ് നടപ്പാക്കുകയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് എഎൻഐ വാർത്ത ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
വംശാധിപത്യ, കുടുംബ രാഷ്ട്രീയത്തെയും അഴിമതിയെയും കുറിച്ച് കേരളത്തിൽ നിന്ന് ഇപ്പോൾ നിരവധി കഥകൾ കേൾക്കുന്നുണ്ട്. കൽക്കരി ഇടപാട്, കോൾഗേറ്റ് കുംഭകോണം, 2ജി മുതലായ വലിയ അഴിമതികൾക്ക് ഇന്ത്യ സാക്ഷ്യം വഹിച്ച 2004-2009 കാലഘട്ടത്തിലെ യുപിഎ ഭരണത്തെയാണ് ഇത് ഓർമ്മിപ്പിക്കുന്നത്.
മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയിൽ നിന്നും കൊച്ചിൻ മിനറൽ പോലുള്ള കമ്പനി ഒരു സേവനങ്ങളൊന്നും സ്വീകരിച്ചിട്ടില്ലെന്നു വ്യക്തമാണ്. പിന്നെന്തിനാണ് ഇത്രയും വലിയൊരു തുക അവരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചതെന്നത് ഐ.എൻ.ഡി.ഐ.എ കൂട്ട് മുന്നണിയിലെ സഹപ്രവർത്തകരായ ഇടതുപക്ഷവും കോൺഗ്രസ്സും വ്യക്തമാക്കേണ്ടതുണ്ട്, രാജീവ് ചന്ദ്രശേഖർ അഭിമുഖത്തിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: