ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം ചുമര്‍ചിത്ര പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍, രാമായണ മാസാഘോഷത്തിന്റെ ഭാഗമായി ‘ചിത്ര രാമായണം’ ദേശീയ ചിത്ര പ്രദര്‍ശനവും, ത്രിദിന സെമിനാറും വൈജയന്തി ബില്‍ഡിങ്ങിലെ പഠനകേന്ദ്രം ചിത്രശാലയില്‍ വെച്ച് നടത്തും. ‘ചിത്ര രാമായണം’ പ്രദര്‍ശനം, രാവിലെ 9.30 ന് ഗുരുവായൂര്‍ ദേവസ്വം ചെയര്മാന് ഡോ. വി.കെ. വിജയന് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍, കേരള ലളിത കലാ അക്കാദമി ചെയര്മാന് മുരളി ചീരോത്ത് ഉദ്ഘാടനം ചെയ്യും.
കേരളത്തിലെ ചുമര് ചിത്രങ്ങള്‍, ദാരുശില്പങ്ങള്, ആദിവാസി ഗോത്ര ചിത്രങ്ങള്‍, കറുംബ, മധുബനി, കലംകാരി, മിനിയേച്ചര്‍ ചിത്രങ്ങള്‍, ബസ്തര്‍ ലോഹശില്പങ്ങള്, ഗോണ്ട്, വെര്‍ലി കാലിഗ്രാഫി തുടങ്ങിയ ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്.
ആഗസ്റ്റ് 14 ന് രാമായണം – കല – ജീവിതം – സംസ്കാരം എന്നീ വിഷയങ്ങളെ അധികരിച്ചുള്ള ത്രിദിന സെമിനാര്‍ രാവിലെ 9.30 ന് ചരിത്രകാരനും, കലാ നിരൂപകനുമായ ഡോ. എം.ജി. ശശിഭൂഷണ്‍ ഉദ്ഘാടനം ചെയ്യും. ഗുരുവായൂര്‍ ദേവസ്വം ചെയര്മാന് ഡോ. വി.കെ. വിജയന് അധ്യക്ഷനാകും. കവി ആലങ്കോട് ലീലാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് ആഗസ്റ്റ് 15, 16 തീയതികളില്‍ നടക്കുന്ന സെമിനാറില്‍ കലാ ഗവേഷകന് കെ.കെ. മാരാര്‍, കലാ നിരൂപകന് പി. സുരേന്ദ്രന്, ഡോ. എ.ടി. മോഹന്‍രാജ്, ഡോ. ലക്ഷ്മിശങ്കര്‍, പ്രൊഫ. കാട്ടൂര്‍ നാരായണ പിള്ള, ഡോ. വി. അച്ചുതന്‍കുട്ടി, എം. ശിവകൃഷ്ണന്‍, ഡോ. ഇ.കെ. സുധ, ഡോ. എം. ഹരിനാരായണന്, സാജു തുരുത്തില്, സുരേഷ് മുതുകുളം എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ആഗസ്റ്റ് 16 ന് ഗുരുവായൂരപ്പന് ഓഡിറ്റോറിയത്തില്‍ 4 ന് നടക്കുന്ന ദേവസ്വം രാമായണ മാസാചരണ പരിപാടികളുടെ സമാപന സമ്മേനത്തില്‍ വെച്ച് ഗുരുവായൂര്‍ ദേവസ്വം മതഗ്രന്ഥശാല നടത്തിയ രാമായണ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: