ദുബായ്: ഐസിസി ടി 20 ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യയുടെ യുവതാരം തിലക് വര്‍മയ്ക്ക് മികച്ച നേട്ടം. ഏറ്റവും പുതിയ റാങ്കിങ്ങില്‍ 46-ാം സ്ഥാനത്തേക്കുയര്‍ന്നു ഇന്ത്യന്‍ താരം. ഇഷാന് കിഷന്, ഹാര്‍ദിക് പാണ്ഡ്യ ഉള്‍പ്പടെയുള്ള താരങ്ങളെ പിന്തള്ളിയാണ് തിലക് വര്‍മയുടെ കുതിപ്പ്. വിന്‍ഡീസിനെതിരായ മൂന്നാം ടി 20യിലും തിളങ്ങിയ തിലക് ഒറ്റക്കുതിപ്പില്‍ 21 സ്ഥാനങ്ങളാണ് മെച്ചപ്പെടുത്തിയത്. പുതിയ റാങ്കിങ്ങില്‍ ഏറ്റവും കൂടുതല്‍ സ്ഥാനം മെച്ചപ്പെടുത്തിയ ബാറ്റര്‍ തിലകാണ്. 39, 51, 49* എന്നിങ്ങനെയാണ് തിലക് അരങ്ങേറ്റ പരമ്പരയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ആദ്യ മൂന്ന് ടി 20കളില്‍ നേടിയ സ്കോറുകള്‍. ബാറ്റര്‍മാരില്‍ ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവ് 907 റേറ്റിങ് പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. വിന്‍ഡീസിനെതിരായ മൂന്നാം ടി20യില്‍ താരം 44 പന്തില്‍ 83 റണ്‍സ് നേടിയിരുന്നു. പാകിസ്ഥാന് താരങ്ങളായ മുഹമ്മദ് റിസ്വാന് (811), ബാബര്‍ അസം (756) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്ത്. അതേസമയം ആദ്യ പത്തില്‍ മറ്റൊരു ഇന്ത്യന്‍താരവും ഇടംപിടിച്ചില്ല.
വിന്‍ഡീസ് താരങ്ങളും റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി. വെസ്റ്റ് ഇന്‍ഡീസിന്റെ ആദ്യ രണ്ട് ടി20കളിലെ വിജയങ്ങളിലും നിര്‍ണായകമായ ബാറ്റര്‍ നിക്കോളാസ് പുരാന് 14-ാം സ്ഥാനത്താണ്. വിന്‍ഡീസിനായി തകര്‍ത്തടിക്കുന്ന മറ്റൊരു താരമായ റോവ്മാന്‍ പവല്‍ 6 സ്ഥാനങ്ങളുയര്‍ന്ന് 32ലെത്തി. ഒരു സ്ഥാനം മെച്ചപ്പെടുത്തി ബ്രാണ്ടന്‍ കിങ് 18ലേക്ക് വന്നു.
ബൗളര്‍മാരില്‍ അഫ്ഗാന്റെ റാഷിദ് ഖാന് ഒന്നാം സ്ഥാനം നിലനിര്‍ത്തി. 713 പോയിന്റാണ് റാഷിദ് ഖാനുള്ളത്. ഓസീസിന്റെ ജോഷ് ഹേസല്‍വുഡ്, ലങ്കന്‍ താരങ്ങളായ വനിന്ദു ഹസരങ്ക, മഹീഷ് തീക്ഷന, ഇംഗ്ലണ്ടിന്റെ ആദില്‍ റഷീദ് എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍. ബൗളര്‍മാരില്‍ വിന്‍ഡീസ് പേസര്‍ അല്‍സാരി ജോസഫ് ഒന്‍പത് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 13ലെത്തി. 24 സ്ഥാനങ്ങളുയര്‍ന്ന് 51ലെത്തിയ കുല്‍ദീപ് യാദവാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയ ഇന്ത്യന്‍ ബൗളര്‍. ആദ്യ പത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ഇല്ല. ഓള്‍റൗണ്ടര്‍മാരില്‍ ബംഗ്ലാദേശിന്റെ ഷാക്കിബ് അല്‍ ഹസന്, ഇന്ത്യയുടെ ഹാര്‍ദിക് പാണ്ഡ്യ, അഫ്ഗാന്റെ മുഹമ്മദ് നബി എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: