ചെന്നൈ: ഏഷ്യാ കപ്പ് ഹോക്കിയില്‍ പാകിസ്ഥനെ തകര്‍ത്ത് ഇന്ത്യ. റൗണ്ട് റോബിന്‍ ലീഗില്‍ നടന്ന അവസാന മത്സരത്തില്‍ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്കാണ് ഇന്ത്യ പാരമ്പര്യവൈരികളായ പാകിസ്ഥാനെ തകര്‍ത്തത്. രണ്ട് ഗോളുകള്‍ പെനാല്‍റ്റി കോര്‍ണറില്‍ നിന്ന് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത്് സിങ്ങാണ് സ്വന്തമാക്കിയത്. ഒരോ ഗോള്‍ ജുഗ്‌രാജ് സിങ്ങും ആകാശ്ദീപ് സിങ്ങും നേടി. ഇതോടെ ഒന്നാം സ്ഥാനക്കാരായി ഇന്ത്യ സെമിയിലെത്തി. തോല്‍വിയോടെ പാകിസ്ഥാന്‍ സെമി കാണാതെ പുറത്തായി. ഇന്ത്യക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായി മലേഷ്യയും മൂന്നും നാലും സ്ഥാനക്കാരായി ദക്ഷിണ കൊറിയയും ജപ്പാനും അവസാന നാലിലെത്തി.
കളിയുടെ തുടക്കത്തില്‍ മികച്ച ചില മുന്നേറ്റങ്ങളുമായി പാകിസ്ഥാന്‍ ഇന്ത്യയെ വിറപ്പിച്ചുവെങ്കിലും പിന്നീട് ഇന്ത്യ മേല്‍ക്കൈ നേടി. കളിയുടെ 15-ാം മിനിറ്റില്‍ ഇന്ത്യ ആദ്യ ഗോളടിച്ചു. പെനാല്‍റ്റി കോര്‍ണറില്‍ നിന്നായിരുന്നു ഗോള്‍. ഹാര്‍ദിക് സിങ് എടുത്ത പെനാല്‍റ്റി കോര്‍ണര്‍ ഹര്‍മന്‍പ്രീത് സിങ് വലയിലെത്തിക്കുകയായിരുന്നു. പിന്നീട് 23-ാം മിനിറ്റില്‍ ഇന്ത്യ രണ്ടാം ഗോളും നേടി. ഇത്തവണയും പെനാല്‍റ്റി കോര്‍ണറില്‍ നിന്ന് ലക്ഷ്യം കണ്ടത് നായകന്‍ ഹര്‍മന്‍പ്രീത് സിങ്ങാണ്. ഇതോടെ ഇടവേളയ്‌ക്ക് പിരിയുമ്പോള്‍ ഇന്ത്യ 2-0ന് മുന്നില്‍.
ഇടവേളയ്‌ക്കുശേഷം ഇന്ത്യ മൂന്നാം ഗോളും നേടി. ഇതും പെനാല്‍റ്റി കോര്‍ണറില്‍ നിന്ന്. ഇത്തവണ ജുഗ്‌രാജ് സിങ്ങാണ് പാക് വലയില്‍ പന്തെത്തിച്ചത്. പിന്നീട് 55-ാം മിനിറ്റില്‍ ഫീല്‍ഡ് ഗോളിലൂടെ ആകാശ്ദീപ് സിങ്ങും ലക്ഷ്യം കണ്ടതോടെ പാക് പതനം പൂര്‍ത്തിയായി.ഇന്നലെ നടന്ന മറ്റ് മത്സരങ്ങളില്‍ ജപ്പാനും മലേഷ്യയും വിജയം സ്വന്തമാക്കി. ജപ്പാന്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ചൈനയെ പരാജയപ്പെടുത്തി. വിജയികള്‍ക്കായി ഷോത യമാദ, കെന്റാരോ ഫുകുദ എന്നിവര്‍ ലക്ഷ്യം കണ്ടു. ദക്ഷിണകൊറിയയെയാണ് മലേഷ്യ പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ജയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: