ന്യൂദല്‍ഹി: അഖില ഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘ് (എബിആര്‍എസ്എം) രാജ്യവ്യാപകമായി നടത്തുന്ന കാമ്പയിന്റെ ഭാഗമായി ദേശീയ അധ്യാപക പരിഷത്ത് (എന്‍ടിയു) പ്രതിനിധികള്‍ കേന്ദ്രമന്ത്രിമാരെയും എംപിമാരെയും സന്ദര്‍ശിച്ചു.
രാജ്യത്താകെയുള്ള അധ്യാപകര്‍ക്ക് സ്റ്റാറ്റിയൂട്ടറി പെന്ഷന് പദ്ധതി പുനഃസ്ഥാപിച്ചു നല്‍കുക, അധ്യാപകരെ മറ്റുജോലികള്‍ക്ക് നിയോഗിക്കുന്നത് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ശൈക്ഷിക് മഹാസംഘ് ദേശവ്യാപകമായി നടത്തുന്ന പ്രചാരണത്തിന് പാര്‍ലമെന്റ് അംഗങ്ങളുടെയും മന്ത്രിമാരുടെയും പിന്തുണ തേടിയാണ് പ്രതിനിധികളുടെ സന്ദര്‍ശനം. കേന്ദ്രമന്ത്രിമാരായ വി. മുരളീധരന്, രാജീവ് ചന്ദ്രശേഖര്‍, എംപിമാരായ പി.ടി. ഉഷ, ഹൈബി ഈഡന്, എ.എ. റഹിം, ജമ്മുകശ്മീരില്‍ നിന്നുള്ള എംപി ഗുലാം അലി എന്നിവര്‍ക്കാണ് പാര്‍ലമെന്റിലെത്തി എന്‍ടിയു സംഘം നിവേദനം നല്‍കിയത്. സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാര്‍, സെക്രട്ടറി എ.ജെ. ശ്രീനി എന്നിവരാണ് എന്‍ടിയുവിനെ പ്രതിനിധീകരിച്ചത്.
കേരളത്തില്‍ അധ്യാപകര്‍ക്ക് ദീര്‍ഘകാലമായി ക്ഷാമബത്ത നിഷേധിക്കുന്നത് സംബന്ധിച്ചും ഉച്ചഭക്ഷണച്ചെലവ് വര്‍ധിപ്പിക്കാത്തത് സംബന്ധിച്ചും കേന്ദ്രമന്ത്രിമാരെ ധരിപ്പിച്ചു. അധ്യാപകരെ സംബന്ധിച്ച പ്രശ്നങ്ങള്‍ കേന്ദ്രമന്ത്രിമാരും എംപിമാരും സശ്രദ്ധം കേള്‍ക്കുകയും അനുകൂല സമീപനം ഉണ്ടാകുമെന്നറിയിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: