മാള: കേന്ദ്ര കുടിവെള്ള – ശുചിത്വ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ ‘സ്വച്ഛ് സര്‍വേക്ഷണ്‍ ഗ്രാമീണ്‍ 2023’ പരിശോധന മാള ഗ്രാമപഞ്ചായത്തില്‍ നടന്നു. കുരുവിലശേരി വില്ലേജിലെ സ്കൂള്‍, വീടുകള്‍ എന്നിവ സ്വച്ഛ് സര്‍വേക്ഷന്‍ ഗ്രാമീണ്‍ പദ്ധതി പ്രകാരം പരിശോധന നടത്തി.
പദ്ധതിയിലൂടെ ഗ്രാമീണ പ്രദേശങ്ങളിലെ നിലവിലെ ശുചിത്വ സ്ഥിതി വിലയിരുത്തി. സമ്പൂര്‍ണ വെളിയിട വിസര്‍ജന വിമുക്ത പദവിയുടെ ഭാഗമായി മാള ഗ്രാമപഞ്ചായത്തില്‍ ഒ.ഡി.എഫ് പ്ലസിന്റെ പരിശോധനയും സ്വച്ഛ് സര്‍വേക്ഷണ്‍ ഗ്രാമീണ്‍ സര്‍വ്വേയിലൂടെ നടത്തി. ഒ.ഡി.എഫ് പ്ലസ് റാങ്കിംഗ് നിലനിര്‍ത്തുന്നതിനും ഗ്രാമ പഞ്ചായത്തുകള്‍ക്ക് ശുചിത്വ അവാര്‍ഡ് ലഭിക്കുന്നതിനും സ്വച്ഛ് സര്‍വേക്ഷന്‍ ഗ്രാമീണ്‍ 2023′ പരിശോധനയുടെ ഫലം നിര്‍ണായകമാണ്. മാള ഗ്രാമപഞ്ചായത്ത് സെക്രട്ടറി, കെ. ജെ. രാജു, അസി. സെക്രട്ടറി പി. ജെ. ജലില്‍, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ നബിസത്, വാര്‍ഡ് മെമ്പര്‍മാരായ അമ്പിളി സജീവന്, ലിസി സേവിയര്‍, സിനി ബെന്നി എന്നിവര്‍ സന്നിഹിതരായിരുന്നു.
പരിശോധന പ്രഹസനമെന്ന് യുവമോര്‍ച്ച
മാള: സ്വച്ഛ് സര്‍വേക്ഷണ്‍ ഗ്രാമീണ്‍ 2023 പരിശോധനയുടെ ഭാഗമായി മാള ഗ്രാമപഞ്ചായത്തില്‍ നടന്ന പരിശോധന പ്രഹസനമാണെന്നു യുവമോര്‍ച്ച മാള മണ്ഡലം കമ്മിറ്റി. പഞ്ചായത്തിലെ പട്ടികജാതി, പട്ടികവര്‍ഗം, പൊതുവിഭാഗങ്ങള്‍ തുടങ്ങി എല്ലാവര്ക്കും പ്രാതിനിധ്യം കിട്ടുന്ന വിധത്തിലാണ് സര്‍വ്വേ നടത്തേണ്ടത്. എന്നാല്‍ മാള ഗ്രാമപഞ്ചായത്തില്‍ നടത്തിയ പരിശോധന ഈ മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നില്ലെന്നു യുവമോര്‍ച്ച മാള മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. മാള ഗ്രാമപഞ്ചായത്തില്‍ കുരുവിശേരി വില്ലേജില്‍ സ്വച്ഛ് സര്‍വേക്ഷണ്‍ ഗ്രാമീണ്‍ പദ്ധതി പ്രകാരം പരിശോധന നടത്തിയത് പഞ്ചായത്തിലെ മറ്റു വില്ലേജുകളിലുണ്ടായ ശുചിത്വ വീഴ്ചകള്‍ മറച്ചുപിടിച്ച് റാങ്കിങ്ങില്‍ കയറിക്കൂടാനുള്ള പഞ്ചായത്തിന്റെ അടവാണെന്നു യുവമോര്‍ച്ച ആരോപിച്ചു. സാധാരണക്കാരായ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മറ്റു വില്ലേജുകളായ അണ്ണല്ലൂര്‍, വടമ, വടക്കുംഭാഗം എന്നിവടങ്ങളില്‍ സ്വച്ഛ് സര്‍വേക്ഷണ്‍ ഗ്രാമീണ്‍ പ്രകാരം പരിശോധന നടത്തിയില്ലെന്നും യുവമോര്‍ച്ച മാള മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: