ന്യൂദല്‍ഹി : മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം രാഷ്ട്രീയം കളിക്കുന്നത് ലജ്ജാകരമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.മണിപൂരിലെ സംഭവ വികാസങ്ങളില്‍ തനിക്ക് വേദനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭയില്‍ സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.
മണിപ്പൂരില്‍ വര്‍ദ്ധിച്ച തോതില്‍ അക്രമം നടന്നുവെന്ന പ്രതിപക്ഷത്തിന്റെ വാദത്തോട് ഞാന്‍ യോജിക്കുന്നു. സത്യത്തില്‍ കൂടുതല്‍ വേദനിക്കുന്നത് ഞങ്ങളാണ്. ഒരു സമൂഹമെന്ന നിലയില്‍ നാം ലജ്ജിക്കേണ്ട സംഭവങ്ങള്‍ അവിടെ നടന്നിട്ടുണ്ട്. സംഭവങ്ങള്‍ ലജ്ജാകരമാണെങ്കിലും, അതില്‍ രാഷ്ട്രീയം കാണിക്കുന്നത് അതിലും ലജ്ജാകരമാണ്,- അമിത് ഷാ പറഞ്ഞു.
”രാഹുല്‍ ഗാന്ധി മണിപ്പൂരില്‍ നടത്തിയത് നാടകമാണ്. വിമാനത്താവളത്തിന് പുറത്ത് വന്നതിന് ശേഷം ചുരാചന്ദ്പൂര്‍ സന്ദര്‍ശിക്കണമെന്ന് പറഞ്ഞു. ഹെലികോപ്റ്ററില്‍ യാത്ര ചെയ്യാന്‍ പൊലീസ് നിര്‍ദ്ദേശിച്ചു. റോഡിലൂടെ യാത്ര ചെയ്യണമെന്ന് രാഹുല്‍ഗാന്ധി നിര്‍ബന്ധം പിടിച്ചപ്പോള്‍ സുരക്ഷ കരുതി തടയേണ്ടി വന്നു. പിറ്റേന്ന് ഹെലികോപ്റ്ററില്‍ അവിടേക്ക് പോയി. അദ്ദേഹം നേരത്തെ തന്നെ ഹെലികോപ്റ്റര്‍ തെരഞ്ഞെടുക്കേണ്ടതായിരുന്നു ” അമിത് ഷാ ചൂണ്ടിക്കാട്ടി.
മേയ് 4 ന് കാംഗ്പോപി ജില്ലയിലെ ബി ഫൈനോം ഗ്രാമത്തില്‍ അക്രമത്തിനിടെ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തെ അമിത്ഷാ അപലപിച്ചു. ഇത് സമൂഹത്തിന് കളങ്കം എന്ന് വിശേഷിപ്പിച്ചു.
”ഇത് വളരെ നിര്‍ഭാഗ്യകരമായ സംഭവമാണ്. എന്നാല്‍ ഈ പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് എന്തുകൊണ്ടാണ് നഗ്നരാക്കി നടത്തുന്ന വീഡിയോ പുറത്തു വന്നത്? ഈ വീഡിയോ ആരുടെയെങ്കിലും കൈവശമുണ്ടെങ്കില്‍ അവര്‍ അത് ഡിജിപിക്ക് നല്‍കേണ്ടതായിരുന്നു. എങ്കില്‍ അന്ന് തന്നെ നടപടിയുണ്ടാകുമായിരുന്നു.സംഭവത്തില്‍ കുറ്റക്കാരായ ഒമ്പത് പേരെയും തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തിട്ടുണ്ട്,” ആഭ്യന്ത്രരമന്ത്രി പറഞ്ഞു.
മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗിനെ അമിത് ഷാ ന്യായീകരിച്ചു. കേന്ദ്രവുമായി സഹകരിച്ചാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്.
സമാധാന ചര്‍ച്ചകളില്‍ ഏര്‍പ്പെടാന്‍ മെയ്തേയ്, കുക്കി സമുദായങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. അക്രമം ഒരു പ്രശ്നത്തിനും പരിഹാരമല്ല. സംസ്ഥാനത്ത് സമാധാനം കൊണ്ടുവരുമെന്ന് ഉറപ്പ് നല്‍കുകയാണ്. ഈ വിഷയത്തില്‍ രാഷ്ട്രീയം പാടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: