Categories: Thrissur

കുരുന്നുകള്‍ക്ക് കരുതലിന്റെ പാഠങ്ങള്‍ നല്‍കി പോലീസുകാര്‍

രാവും പകലും ജനങ്ങള്‍ക്ക് വേണ്ടി അധ്വാനിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പൂച്ചെണ്ടുകളുമായി പോയ കുരുന്നുകളെ പുഞ്ചിരിയോടു കൂടി സബ് ഇന്‍സ്‌പെക്ടര്‍ ഷാജു എടത്താടന്‍ സ്വാഗതം ചെയ്തു.

Published by

ചാലക്കുടി: പഠനയാത്രയുടെ ഭാഗമായി ചാലക്കുടി പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ച കാര്‍മല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എല്‍പി വിഭാഗം കുട്ടികള്‍ക്ക് കരുതലിന്റെ പാഠങ്ങള്‍ നല്‍കി പോലീസ് ഉദ്യോഗസ്ഥര്‍. രാവും പകലും ജനങ്ങള്‍ക്ക് വേണ്ടി അധ്വാനിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പൂച്ചെണ്ടുകളുമായി പോയ കുരുന്നുകളെ പുഞ്ചിരിയോടു കൂടി സബ് ഇന്‍സ്‌പെക്ടര്‍ ഷാജു എടത്താടന്‍ സ്വാഗതം ചെയ്തു. സ്റ്റേഷനിലെ പ്രവര്‍ത്തനങ്ങളെപ്പറ്റിയും പോലീസ് സേനയുടെ സേവനങ്ങളെ പറ്റിയും എസ്‌ഐ സതീഷ്, എഎസ്‌ഐ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ കുട്ടികള്‍ക്ക് വിവരിച്ചു നല്‍കി.

കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ എങ്ങനെ തിരിച്ചറിയാം എന്നും അതിനെ പ്രതിരോധിക്കാന്‍ എടുക്കേണ്ട മുന്‍കരുതലുകളെ കുറിച്ചും മൊബൈല്‍ ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെകുറിച്ചും സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥയായ ബീനമോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കി. സി ഐ സന്ദീപ് കെ. എസ്. ആശംസകള്‍ നേര്‍ന്നു. കുട്ടികളുടെ സംശയങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ മറുപടി നല്‍കി. മധുര വിതരണവും ഉണ്ടായി. വിദ്യാര്‍ത്ഥി പ്രതിനിധി സഫ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നന്ദി രേഖപ്പെടുത്തി. പോലീസുകാരെയും പോലീസ് സ്റ്റേഷനേയും ഭയപ്പാടോടെ കണ്ടിരുന്ന കുഞ്ഞുമക്കള്‍ക്ക് ഈ യാത്ര പുതിയൊരു അനുഭവം പകര്‍ന്നു നല്‍കി. അറിവിന്റെ പുതിയൊരു വെളിച്ചവുമായാണ് അവര്‍ തിരികെ വിദ്യാലയത്തില്‍ എത്തിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts