പുതുച്ചേരി: ജി 20 ഉച്ചകോടിയുടെ ഔദ്യോഗിക സമിതിയായ സി 20യുടെ പ്രവർത്തനങ്ങളുടെ ഭാഗമായി മാതാ അമൃതാനന്ദമയീമഠത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ഗ്ലോബൽ സീഡ്ബോൾ പദ്ധതിയിൽ വൃക്ഷങ്ങളുടെ വിത്തടങ്ങുന്ന 5 ലക്ഷം സീഡ് ബോളുകൾ മണ്ണിൽ നിക്ഷേപിക്കുന്നതിന്റെ ഉദ്ഘാടനം പുതുച്ചേരിയിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു നിർവഹിച്ചു. വില്ലിയന്നൂർ തിരുകാഞ്ചി ശ്രീ ഗംഗാവരാഹ നദീശ്വരർ ക്ഷേത്രപരിസരത്ത് സീഡ് ബോളുകൾ നിക്ഷേപിച്ചാണ് രാഷ്‌ട്രപതി ഉദ്ഘാടനം നിർവഹിച്ചത്.
പുതുച്ചേരി ലഫ്റ്റനന്റ് ഗവർണർ തമിഴിസൈ സൗന്ദരരാജൻ, പുതുച്ചേരി മുഖ്യമന്ത്രി എൻ. രംഗസ്വാമി, കൃഷി-വനംവകുപ്പ് മന്ത്രി സി ജയകുമാർ, മാതാ അമൃതാനന്ദമയി മഠം ട്രഷറർ സ്വാമി രാമകൃഷ്ണാനന്ദപുരി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. പരിസ്ഥിതി സംരക്ഷണത്തിനായി യുവാക്കളെയും പൊതുജനങ്ങളെയും പ്രചോദിപ്പിക്കുന്നതിനുമുള്ള കൂട്ടായ പരിശ്രമങ്ങളാണ് ഗ്ലോബൽ സീഡ്‌ബോൾ കാമ്പയിനിലൂടെ നടത്തുന്നതെന്നും ഇതിൽ എല്ലാവരുടെയും പങ്കാളിത്തം അനിവാര്യമാണെന്നും മാതാ അമൃതാനന്ദമയി മഠം ട്രഷറർ സ്വാമി രാമകൃഷ്ണാനന്ദപുരി പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ പുതുച്ചേരിയിലെ വിവിധ സ്‌കൂളുകളിലെയും കോളേജുകളിലെയും വിദ്യാർത്ഥികളാണ് 5 ലക്ഷത്തോളം സീഡ് ബോളുകൾ തയ്യാറാക്കിയത്. വിവിധ എൻജിഒകളും ഈ പദ്ധതിയിൽ ഭാഗമായി.
പുതുച്ചേരിയിലും സമീപപ്രദേശങ്ങളിലുമുള്ള തരിശുനിലങ്ങളിലും മറ്റുമാണ് ഈ സീഡ് ബോളുകൾ നിക്ഷേപിക്കുക. വൃക്ഷങ്ങളെ സംരക്ഷിക്കുന്നതിലൂടെ പരിസ്ഥിതിയെയും സംരക്ഷിക്കുക, ജൈവവൈവിധ്യങ്ങളെ നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് സി 20 വർക്കിങ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ലോകവ്യാപകമായി സീഡ് ബോൾ കാമ്പയിൻ നടത്തുന്നത്. സി 20 അധ്യക്ഷ കൂടിയായ മാതാ അമൃതാനന്ദമയി ദേവിയുടെ നിർദേശമനുസരിച്ചാണ് യുവജനങ്ങളിൽ ഉൾപ്പെടെ പ്രകൃതിസംരക്ഷണത്തിന്റെ സന്ദേശമെത്തിക്കുകയെന്ന ഉദ്ദേശത്തോടെ ആഗോളതലത്തിൽ സീഡ്ബോൾ കാമ്പയിൻ നടത്തിവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: