തിരുവനന്തപുരം: മികച്ച മാനേജ്മെന്റ് വിദഗദ്ധനും സാംസ്കാരിക സംഘാടകനുമായ ഡോ.ജി.രാജ്മോഹന്റെ 80-ാം പിറന്നാള്‍ സ്നേഹക്കൂട്ടായ്മയോടെ ആഗസ്റ്റ് 11 വെളളിയാഴ്ച വൈകുന്നേരം തലസ്ഥാനത്ത് ആഘോഷിക്കുന്നു.
ഹിന്ദുസ്ഥാന്‍ ലാറ്റ്ക്സ് സിഎംഡി ആയിരുന്ന കാലം മുതല്‍ സാംസ്കാരികരംഗത്തെ പരിപോഷിപ്പിക്കാന്‍ അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ അനുപമമാണ്. സ്വരലയ, ചലച്ചിത്ര, ഒഎന്‍വി ഫൗണ്ടേഷന്, മാര്‍ഗി, കേരളീയം തുടങ്ങിയ സാംസ്കാരിക-സാമൂഹിക പ്രസ്ഥാനങ്ങളുടെ സാരഥി എന്ന നിലയിലും വലിയ സംഭാവനയാണ് നല്‍കിവരുന്നത്. ഈ പശ്ചാത്തലത്തിലാണ് വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ സ്നേഹക്കൂട്ടായ്മ വെളളിയാഴ്ച വൈകുന്നേരം 6.30ന് ട്രിവാന്‍ഡ്രം ക്ലബ്ബ് ആഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്നത്.
കേരളീയനായ മികച്ച സാംസ്കാരിക സംഘാടകനുളള ഫൊക്കാന (FOKANA )പുരസ്കാരം ഈ വേളയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഡോ.ജി.രാജ്മോഹന്‍ സമ്മാനിക്കും. ഒരു ലക്ഷം രൂപയും ശില്പവുമാണ് നല്‍കുന്നത്. അമേരിക്കന്‍ ഐക്യനാടുകളിലെയും കാനഡയിലെയും പ്രവാസി മലയാളികളുടെ പൊതുസംഘടനയാണ് ഫൊക്കാന (FOKANA – Federation of Kerala Associations in North America).
ആഘോഷസമ്മേളനത്തില്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി എം.എ.ബേബി അധ്യക്ഷനാകും. ഗോവ ഗവര്‍ണര്‍ അഡ്വ.പി.എസ്.ശ്രീധരന് പിളള മുഖ്യാതിഥിയാകും. എണ്‍പതാം പിറന്നാളിന്റെ ആശംസാപത്രം പ്രശസ്ത സാഹിത്യകാരന് ടി.പത്മനാഭന് സമ്മാനിക്കും. മുന്‍മന്ത്രി രമേശ് ചെന്നിത്തല, മന്ത്രിമാരായ വി.ശിവന്‍കുട്ടി, ആന്റണി രാജു, ജി.ആര്.അനില്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്, ഗുരുരത്നം ജ്ഞാനതപസ്വി, കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് ബാവ എന്നിവരും വിവിധ മേഖലകളിലെ പ്രമുഖരും പങ്കെടുക്കും. ഗായത്രി അശോകന്റെ ഗസല്‍ ഉള്‍പ്പെടെയുളള സംഗീതവിരുന്നും ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: