ദല്‍ഹിയിലെ ന്യൂസ് ക്ലിക്ക് എന്ന മാധ്യമം വഴി ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ചൈന കോടിക്കണക്കിന് രൂപ ഒഴുക്കിയെന്ന ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് അങ്ങേയറ്റം ആപല്‍ക്കരമായ ഒരു സ്ഥിതിവിശേഷത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. നെവില്‍ റോയി സിംഘാം എന്നു പേരുള്ള അമേരിക്കന്‍ വ്യവസായിയാണ് ചൈനയില്‍നിന്നുള്ള പണമൊഴുക്കിന് ഇടനിലനിന്നതെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ചൈനയ്ക്ക് അനുകൂലമായി പ്രചാരണം നടത്തുന്നതിന് കോടീശ്വരനായ സിംഘാം വഴി നിരവധി പ്രസിദ്ധീകരണങ്ങള്‍ക്ക് പണം നല്‍കിയതായാണ് കരുതപ്പെടുന്നത്. പുരോഗമന ആശയങ്ങള്‍ പ്രചരിപ്പിക്കുന്നു എന്ന വ്യാജേന ഇന്ത്യ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക, അമേരിക്ക എന്നീ രാജ്യങ്ങളില്‍ ചൈനയുടെ താല്‍പ്പര്യം സംരക്ഷിക്കാനുതകുന്ന ലേഖനങ്ങളും മറ്റും ഇപ്രകാരം പ്രചരിപ്പിക്കുകയായിരുന്നു. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി അടുത്ത ബന്ധമുള്ള സിംഘാം മറ്റ് രാജ്യങ്ങളിലെ മാധ്യമപ്രവര്‍ത്തകരെയും രാഷ്ട്രീയ നേതാക്കളെയും സ്വാധീനിക്കുകയും വിലയ്ക്കെടുക്കുകയും ചെയ്യുകയായിരുന്നു. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തെയും, ചൈനീസ് സര്‍ക്കാരിന്റെ നയങ്ങളെയും ഇവരെ ഉപയോഗിച്ച് വാഴ്ത്തിപ്പാടുകയായിരുന്നുവെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അമേരിക്കന്‍ നഗരമായ ചിക്കാഗോ മുതല്‍ ചൈനീസ് നഗരമായ ഷാങ്ഹായ് വരെ നീണ്ടുകിടക്കുന്ന ഒരു ശൃംഖലയാണിതെന്നും, അമേരിക്കയിലെ സന്നദ്ധസംഘടനകളെ സമര്‍ത്ഥമായി ഉപയോഗിച്ച് മറ്റ് രാജ്യങ്ങളില്‍ ചൈനയിലെ കമ്യൂണിസ്റ്റ് സ്വേച്ഛാധിപത്യ ഭരണത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു എന്നും ന്യൂയോര്‍ക്ക് ടൈംസിന്റെ വെളിപ്പെടുത്തലില്‍നിന്ന് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു.
ന്യൂസ് ക്ലിക്കിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് പ്രബീര്‍ പുര്‍കായസ്തയുടെ വീട്ടില്‍ 2021 ല്‍ എന്‍ഫോഴ്സ്മെന്റ് ഡയറ്കടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. പ്രത്യക്ഷ വിദേശ നിക്ഷേപമെന്ന പേരില്‍ 10 കോടി രൂപ ഒരു അമേരിക്കന്‍ കമ്പനിയില്‍നിന്ന് സ്വീകരിച്ചതായി ഇഡി അന്ന് കണ്ടെത്തുകയുണ്ടായി. എന്നാല്‍ ഈ തുക എന്തിനാണ് ഉപയോഗിച്ചതെന്ന രേഖയില്ല. കമ്പനി പണം നല്കിയ കാര്യം വെളിപ്പെടുത്താന്‍ പുര്‍കായസ്ത തയ്യാറായതുമില്ല. ഈ കമ്പനിക്കുവേണ്ടി എന്തെങ്കിലും സേവനം ചെയ്തുകൊടുത്തതായും ഇയാള്‍ക്ക് പറയാന്‍ കഴിഞ്ഞില്ല. തുടരന്വേഷണത്തില്‍ ന്യൂസ് ക്ലിക്ക് 20 കോടി രൂപ കൈപ്പറ്റിയതായി കണ്ടെത്തി. ഓഫീസ് നവീകരണത്തിനെന്ന പേരില്‍ ഒന്നരകോടി രൂപ വേറെയും പുര്‍കായസ്ത വാങ്ങിയെങ്കിലും ഇതിന്റെ രേഖകളും സൂക്ഷിച്ചിരുന്നില്ല. ചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധമുള്ളവരില്‍നിന്ന് 38 കോടിരൂപ ന്യൂസ് ക്ലിക്കിന്റെ നടത്തിപ്പുകാര്‍ വാങ്ങിയതായും കണക്കാക്കപ്പെടുന്നു. ശ്രീലങ്കയും ക്യൂബയും കേന്ദ്രീകരിച്ച് വ്യാപാര ഇടപാടുകള്‍ നടത്തുന്ന സിംഘാമാണ് ഇതിലെ സുപ്രധാന കണ്ണിയെന്ന് ഇഡിയും തിരിച്ചറിഞ്ഞിരുന്നു. ഇതിനുശേഷമാണ് ഇപ്പോള്‍ ന്യൂയോര്‍ക്ക് ടൈംസും ഇതുസംബന്ധിച്ച വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്. ചൈനയുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ ഇന്ത്യാ വിരുദ്ധ പ്രചാരണം നടത്തുന്ന ചില വെബ്സൈറ്റുകളെ കേന്ദ്രസര്‍ക്കാര്‍ നേരത്തെ നിരോധിക്കുകയുണ്ടായി. ഇന്ത്യയില്‍ വലിയ പാരമ്പര്യമുള്ളതും പ്രചാരമുള്ളതുമായ ചില മാധ്യമങ്ങള്‍ ചൈനയ്ക്ക് അനുകൂലമായ വാര്‍ത്തകള്‍ നല്‍കുന്നതും, ചൈനീസ് സര്‍ക്കാരിന്റെ പരസ്യം പ്രസിദ്ധീകരിച്ചതുമൊക്കെ വലിയ വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തുകയുണ്ടായി.
നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷം നടത്തിക്കൊണ്ടിരിക്കുന്ന കുപ്രചാരണത്തില്‍ ന്യൂസ് ക്ലിക്കും പങ്കാളിയാണ്. ജനങ്ങളില്‍ മതത്തിന്റെയും ജാതിയുടെയും പേരില്‍ ഭിന്നതയുണ്ടാക്കാനും, രാജ്യത്തെ അസ്ഥിരപ്പെടുത്താനും ലക്ഷ്യമിട്ടാണിത്. കോണ്‍ഗ്രസ്സുമായും അതിന്റെ നേതാവ് രാഹുലുമായും അടുത്തബന്ധമാണ് ഇതിനുള്ളതെന്ന ആരോപണം ഉയരുകയുണ്ടായി. ചൈന സന്ദര്‍ശിച്ച സോണിയയും രാഹുലും ആ രാജ്യത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ധാരണയുണ്ടാക്കിയെന്ന വാര്‍ത്തയും, അതിര്‍ത്തിയില്‍ സംഘര്‍ഷം നടക്കുമ്പോള്‍ ചൈനയെ ന്യായീകരിച്ച് രാഹുല്‍ പ്രസ്താവന നടത്തിയതുമൊക്കെ വലിയ വിവാദത്തിനിടയാക്കുകയും ചെയ്തു. ഇതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്ന മറുപടിയാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയത്. ഈ ബന്ധത്തിന് ഒരു ദേശവിരുദ്ധ സ്വഭാവമുണ്ടെന്നാണ് ന്യൂസ് ക്ലിക്ക് സംബന്ധിച്ച് ഇഡിയുടെയും ന്യൂയോര്‍ക്ക് ടൈംസിന്റെയും വെളിപ്പെടുത്തലില്‍നിന്ന് വ്യക്തമായി മനസ്സിലാവുന്നത്. ചൈനയില്‍നിന്ന് പണം കൈപ്പറ്റി ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന മാധ്യമങ്ങള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടികളെടുത്തപ്പോള്‍ മാധ്യമങ്ങളെ അടിച്ചമര്‍ത്തുകയാണെന്ന് മുറവിളി കൂട്ടുകയാണ് കോണ്‍ഗ്രസ്സും ചില പ്രതിപക്ഷ പാര്‍ട്ടികളും ചെയ്തത്. ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഇതിനെക്കുറിച്ച് ഇപ്പോള്‍ പാര്‍ലമെന്റിലും വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്. പ്രതിക്കൂട്ടിലായിരിക്കുന്ന കോണ്‍ഗ്രസ്സിനും മറ്റു പാര്‍ട്ടികള്‍ക്കും ഇതിനു മറുപടി നല്‍കാനുള്ള ബാധ്യതയുണ്ട്. അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അധികാരമോഹംകൊണ്ട് രാജ്യത്തെ ഒറ്റുകൊടുക്കുന്നവരാണ് ഈ പാര്‍ട്ടികളും നേതാക്കളുമെന്ന് കരുതേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: