പത്തനംതിട്ട: നിറപുത്തരി മഹോത്സവത്തിനായി ശബരിമല ക്ഷേത്ര നട ഇന്ന് വൈകിട്ട് 5ന് തുറക്കും. നിറപുത്തരി ചടങ്ങുകള്‍ നാളെ പുലര്‍ച്ചെ 5.45നും 6.15നും മദ്ധ്യേ. നെല്‍ക്കതിരുകള്‍ നാളെ പുലര്‍ച്ചെ പതിനെട്ടാം പടിയില്‍ നിന്ന് സ്വീകരിച്ച് ഗണപതിഹോമം നടക്കുന്ന മണ്ഡപത്തില്‍ എത്തിക്കും. തുടര്‍ന്ന് തന്ത്രി കണ്ഠര് രാജീവരര് നെല്‍ക്കതിരുകള്‍ പൂജിച്ച് ക്ഷേത്ര പ്രദക്ഷിണം നടത്തി ശ്രീകോവിനുള്ളിലേക്ക് കൊണ്ടുപോകും.
ഭഗവാന് മുന്നില്‍ കതിരുകള്‍ വച്ച് പ്രത്യേക പൂജ നടത്തും. നട തുറന്ന് പൂജിച്ച നെല്‍ക്കതിരുകള്‍ ശ്രീകോവിലിന് മുന്പില് തൂക്കും. തുടര്‍ന്ന് ഭക്തര്‍ക്ക് നെല്‍ക്കതിരുകള്‍ പ്രസാദമായി വിതരണം ചെയ്യും. ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ക്ഷേത്രനട രാത്രി 10ന് അടയ്ക്കും.
ചിങ്ങമാസ പൂജകള്‍ക്കായി 16ന് നട വീണ്ടും തുറന്ന് 21ന് രാത്രി പൂജകള്‍ പൂര്‍ത്തിയാക്കി അടയ്ക്കും. ഓണം നാളുകളിലെ പൂജകള്‍ക്കായി 27ന് ശബരിമല നട തുറന്ന് 31ന് അടയ്ക്കും. ഓണം നാളുകളില്‍ ശബരിമലയിലെത്തുന്ന ഭക്തര്‍ക്കായി ഓണസദ്യയും ഒരുക്കും. ഭക്തര്‍ക്ക് വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്ത് ദര്ശനത്തിനെത്തിച്ചേരാം. നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ സ്പോട്ട് ബുക്കിങ് സൗകര്യവും ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: