ഗുരുവായൂര്‍: ശ്രീഗുരുവായൂരപ്പന് വഴിപാടായി തമിഴ്നാട് കുംഭകോണം ശ്രീഗുരുവായൂരപ്പ ഭക്തസേവാ സംഘം പൂര്‍ത്തീകരിച്ച വിപുലീകൃത വരിപന്തലിന്റെയും, അനുബന്ധ പദ്ധതികളുടെയും സമര്‍പ്പണം ഭക്തിനിര്‍ഭരമായ ചടങ്ങില്‍ നടന്നു. പന്തീരടി പൂജക്കുശേഷം, ഭക്തജനങ്ങളുടെ സാന്നിധ്യത്തില്‍ കിഴക്കേ നടയിലായിരുന്നു സമര്‍പ്പണ ചടങ്ങ്. 40 ലക്ഷം രൂപ ചെലവിട്ട് കുംഭകോണം ശ്രീഗുരുവായൂരപ്പന് ട്രസ്റ്റാണ് ഇവ സാധ്യമാക്കിയത്. കിഴക്കേനട വരിപന്തലിന് സമീപം പുര്‍ത്തീകരിച്ച പദ്ധതികള്‍, ദേവസ്വം ചെയര്മാന് ഡോ. വി.കെ. വിജയന് ഉദ്ഘാടനം ചെയ്തു.
ക്ഷേത്രം തന്ത്രി ദിനേശന് നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളായ സി. മനോജ്, മനോജ് ബി. നായര്‍, വി.ജി. രവീന്ദ്രന്, അഡ്മിനിസ്ട്രേറ്റര്‍ കെ.പി. വിനയന് എന്നിവരും നൂറുകണക്കിന് ഭക്തജനങ്ങളും ചടങ്ങില്‍ സന്നിഹിതരായി. കിഴക്കേ നടയില്‍ നിന്നും വൈജയന്തി കെട്ടിടം വരെ നീട്ടിയ പുതിയ പന്തല്‍, പുതിയ മൂലയൂട്ടല്‍ കേന്ദ്രം, ദേവസ്വം പുസ്തകശാലയുടെ നവീകരിച്ച ഷീറ്റ് പന്തല്‍, കിഴക്കേ നടയുടെ വടക്ക് ഭാഗത്ത് സ്ഥാപിച്ച ഇരിപ്പിട സൗകര്യമുള്ള വിപുലീകരിച്ച വരിപന്തല്‍, പുതിയ നിര്‍മാണ സ്ഥലത്തെ ഗ്രാനൈറ്റ് വിരിച്ചതറ എന്നീ പ്രവൃത്തികളുടെ സമര്‍പ്പണമാണ് നടന്നത്.
ട്രസ്റ്റ് പ്രസിഡന്റ് മണി രവി ചന്തിരന്‍, കുംഭകോണം, രംഗമണി രാമു, കുംഭകോണം എന്നിവരെ ഡോ. വി.കെ. വിജയന് പൊന്നാടയണിയിച്ചു ആദരിച്ച്, ദേവസ്വത്തിന്റെ ഉപഹാരമായി ശ്രീഗുരുവായൂരപ്പന്റെ ഫോട്ടോയും, നിലവിളക്കും പ്രസാദ കിറ്റും നല്കി. ചടങ്ങില്‍ പങ്കെടുത്ത ശ്രീഗുരുവായൂരപ്പ ട്രസ്റ്റ് ഭാരവാഹികളെയെല്ലാം പൊന്നാടയണിയിച്ചും, ഉപഹാരം നല്‍കിയും ആദരിച്ചു.
1991 മുതല്‍ എല്ലാ വര്‍ഷവും ഓഗസ്റ്റ് 8 ന്, ഗുരുവായൂരപ്പന് ലക്ഷങ്ങളുടെ വഴിപാട് നടത്തുന്നവരാണ് ശ്രീ ഗുരുവായൂരപ്പ ഭക്തസേവാ സംഘം. ചടങ്ങില്‍ ശ്രീഗുരുവായൂരപ്പ ട്രസ്റ്റ് പ്രവര്‍ത്തകര്‍ക്കൊപ്പം ക്ഷേത്രം ഡെ. അഡ്മിനിസ്ട്രേറ്റര്‍ പി. മനോജ്കുമാര്‍, ദേവസ്വം ചീഫ് എന്‍ജിനീയര്‍ എം.വി. രാജന്, എക്സി. എന്‍ജിനീയര്‍ എം.കെ. അശോക്കുമാര്, അസി. എക്സി. എന്‍ജിനീയര്‍ വി.ബി. സാബു, അസി. എന്‍ജീനിയര്‍ നാരായണന് ഉണ്ണി, ദേവസ്വം പി.ആര്.ഒ. വിമല്‍ ജി. നാഥ്, ക്ഷേത്രം അസി. മാനേജര്‍ പ്രദീപ്, പബ്ലിക്കേഷന്‍ അസി. മാനേജര്‍ കെ.ജി. സുരേഷ് കുമാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ദേവസ്വം മരാമത്ത് വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ സി.പി. സുഭാഷ് കുമാറാണ് കരാര്‍ ഏറ്റെടുത്ത് നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തീകരിച്ചത്.
കിഴക്കേനടയില്‍ പുതിയ മുലയൂട്ടല്‍ കേന്ദ്രം
ഗുരുവായൂര്‍: ശ്രീഗുരുവായൂരപ്പ ദര്‍ശനത്തിനെത്തുന്ന കുഞ്ഞുങ്ങള്‍ക്കും, മുലയൂട്ടുന്ന അമ്മമാര്‍ക്കും കരുതലായി പുതിയ മുലയൂട്ടല്‍ കേന്ദ്രം തുറന്നു. കിഴക്കേനടയില്‍ വൈജയന്തി പുസ്തകശാലയ്ക്ക് സമീപമാണ് പുതിയ മുലയൂട്ടല്‍ കേന്ദ്രം ആരംഭിച്ചത്. ഇത് ഒരേസമയം ആറ് അമ്മമാര്‍ക്ക് പ്രയോജനമാകും. ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയുടെ നിര്‍ദ്ദേശപ്രകാരം കുംഭകോണത്തെ ശ്രീഗുരുവായൂരപ്പ സേവാ സംഘമാണ് മുലയൂട്ടല്‍ കേന്ദ്രം നിര്‍മിച്ച് വഴിപാടായി സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: