വസിഷ്ഠമഹര്‍ഷി പറഞ്ഞു, ”ഇന്ദീവരേക്ഷണനായ രാഘവ! നീ കേള്‍ക്ക, സംസൃതി(ലോകം)യെന്നു പേരായുള്ള ഈ മഹാമായ ഓര്‍ത്താല്‍ ഒരന്തമില്ലാത്തതാണ്. തന്റെ ചിത്തജയംകൊണ്ടുമാത്രം അതടങ്ങീടുകയുള്ളു. വേറേ പ്രകാരത്തില്‍ അല്പവും മായയെ അടക്കീടുവാന് സാധിക്കയില്ലെന്നറിയുക. ധന്യമൗലേ! ജഗന്മായയുടെ വൈഭവം നിനക്കു നന്നായറിയാനായി പ്രശസ്തമായ ഒരു ഇതിഹാസം ഞാന്‍ പറയാം, നീ ശ്രദ്ധവെച്ചു കേട്ടാലും.
കോസലമെന്നു പേരുള്ള ഒരു മണ്ഡലത്തില്‍ പണ്ട് വളരെ ഗുണങ്ങള്ചേര്ന്ന ഒരു ബ്രാഹ്മണന് വാണിരുന്നു. അദ്ദേഹത്തിന്റെ പേരു ഗാധി എന്നായിരുന്നു. അദ്ദേഹം ഉള്ളിലെന്തോ കാര്യമോര്‍ത്ത് ബന്ധുക്കളെയെല്ലാമുപേക്ഷിച്ച് ഒരു കൊടുംകാട്ടില്‍ നന്നായിണങ്ങുന്ന ഒരു താമരപ്പൊയ്കയില്‍ ചെന്ന് കഴുത്തുവരെയും വെള്ളത്തില്‍ മുങ്ങി എല്ലാ ആകുലങ്ങളെയും ദൂരെക്കളഞ്ഞ് തപസ്സുതുടങ്ങി. അങ്ങനെ ആ ബ്രാഹ്മണന് എട്ടുമാസം തപസ്സുതുടര്‍ന്നു വരവെ കാരുണ്യമൂര്ത്തിയാകുന്ന നാരായണന് അടുക്കല്‍ പ്രത്യക്ഷപ്പെട്ട് പറഞ്ഞു, ‘നിന്റെ ജലമദ്ധ്യവാസം മതിയാക്കുക. കരയേറി വരം വരിച്ചീടുക. നീ ചെയ്ത തപസ്സ് ഇപ്പോള്‍ സഫലമായി വന്നിരിക്കുന്നു.’ സാരസനാഥന്റെ വാക്കുകള്‍ കേട്ട് ഹൃദയത്തില്‍ ആനന്ദമാര്‍ന്ന് ആ ബ്രാഹ്മണന് പറഞ്ഞു, ‘നാഥ! മുരാരേ! ഹരേ! കാരുണ്യവാരിധേ! നമോസ്തുതേ. പത്മനാഭ! അങ്ങയാല്‍ സൃഷ്ടിക്കപ്പെട്ട് പാരമാത്മികയായി, ഭവരൂപിണിയായി, അത്ഭുതകാരിണിയാകുന്ന ഈ മായയെ കണ്ടീടുവാന്‍ എന്റെ ഉള്ളില്‍ വളരെ ആഗ്രഹമുണ്ട്.’ ഇങ്ങനെ പ്രാര്‍ത്ഥിച്ച ബ്രാഹ്മണനോട് സനാതനനായ മാധവന് പറഞ്ഞു, ‘നീയിനി ഈ മായയെ നന്നായിക്കാണും. പിന്നെ ത്യജിക്കുന്നുവെങ്കില് ത്യജിച്ചാലും.’ ഇങ്ങനെ പറഞ്ഞിട്ട് ഭഗവാന് മറഞ്ഞു. ഭഗവാന് മറഞ്ഞപ്പോള്‍ ജലത്തില്‍നിന്ന് ആ ബ്രാഹ്മണന് കരയേറി. നാഥനെ നേരിട്ടുകണ്ടതുകൊണ്ട് ഹൃദയത്തില്‍ വളരെ ആനന്ദമുണ്ടായി. പിന്നെ ആ കാട്ടില്‍ സന്തോഷത്തോടെ വസിച്ചു.
നല്ല ചെന്താമരപുഷ്പങ്ങള്‍ നന്നായി ഉല്ലസിക്കുന്ന ഒരു പൊയ്കയില്‍ ലക്ഷ്മീവല്ലഭന്റെ വാക്കുകള്‍ ഓര്‍ത്തുകൊണ്ട് സ്നാനത്തിനായി ഒരിക്കല്‍ പോയി. അന്തണശ്രേഷ്ഠന് ജലത്തില്‍ മുങ്ങിയപ്പോള്‍ ഉടനെ മന്ത്രവും മറ്റും മറന്നുപോയി. തന്റെ മന്ദിരത്തില്ക്കിടന്ന് താന്‍ ക്ലേശപ്പെട്ടു മരിച്ചതായി കണ്ടു. ശ്വാസമടക്കി ദുഃഖിച്ച് ബന്ധുക്കളെല്ലാം ചുറ്റും നില്ക്കുന്നു. കാന്ത! എന്നെ എന്തിനു ചതിച്ചു എന്നു പറഞ്ഞുകൊണ്ട് ഭാര്യ പാദത്തില്‍ വീണുകരയുന്നു. ദുഃഖിതയായ അമ്മ താടിക്കു കൈവെച്ചു വല്ലാതെ വിലപിക്കുന്നു. മാറത്തടിച്ചും കരഞ്ഞും ഉരുണ്ടും അവര്‍ വീടു മുഴങ്ങുമാറ് വിലപിക്കുന്നുണ്ട്. പിന്നെ ശ്മശാനസ്ഥലത്തുകൊണ്ടുപോയി ശവം ദഹിപ്പിക്കയും ചെയ്തു.
ഭൂമിയില്‍ നല്ല പ്രസിദ്ധമായ ഹൂണദേശത്തുള്ള ഊരിന്നടുക്കലായി ചണ്ഡാലക്കൂട്ടം വസിക്കുന്നതില്‍ ഒരു ചണ്ഡാലസ്ത്രീയുടെ ഗര്ഭത്തിലായി, ഉള്ളില്‍ ആധി വല്ലാതെ വളര്‍ന്ന ഗാധി, വാഴുന്നതായി കണ്ടു. താനേ കറുത്തിരുണ്ടുള്ള ഒരു കുട്ടിയായി ചണ്ഡാലി തന്നെ പ്രസവിച്ചതായി കണ്ടു. ചണ്ഡാലക്കുടിലില് ശിശുത്വമോടെ വാണ് വയസ്സ് പതിനാറായി. ശരീരം നന്നായി തടിച്ച് നല്ല ധരാധരം(പര്‍വതം)പോലെ തടിച്ചവനായി, യൗവ്വനയുക്തയായ ഒരു ചണ്ഡാലസ്ത്രീയോടും ചേര്‍ന്ന് കുടിലുകളിലും ഗുഹകളിലും സന്തോഷിച്ചു രസിച്ചു വാണു. നാലഞ്ചു കുഞ്ഞുങ്ങളും പിറന്ന് ശേഷം യൗവ്വനം ഒട്ടു കുറഞ്ഞു. ദൂരെയൊരു പര്ണശാലയും കെട്ടീട്ടു ധീരനാകുന്ന ഒരു മാമുനിയെപ്പോലെ വാണു. പുത്രരും പത്നിയും താനും അനന്തരം വാര്ദ്ധക്യമാര്ന്നു. പിന്നീട് പുത്രരും പത്നിയും ചത്തുപോയതുകൊണ്ട് വളരെ ദുഃഖിതനായി കരഞ്ഞുകൊണ്ടിരുന്നു. ക്ലേശം സഹിക്കാനാവാതെ ആ ദേശം വെടിഞ്ഞു പലദിക്കും നടന്നു.”
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: