ആലപ്പുഴ: സാമ്പത്തിക ക്രമക്കേടാരോപണം ഉയര്‍ന്നതോടെ സിപിഎം നിയന്ത്രണത്തിലുള്ള ചേതന പാലിയേറ്റീവ് സൊസൈറ്റിയില്‍ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. സെക്രട്ടറി സ്ഥാനം വഹിക്കുന്ന അമ്പലപ്പുഴ എംഎല്‍എ എച്ച് സലാം എട്ടു വര്‍ഷത്തിനിടെ ആദ്യമായാണ് കണക്ക് അവതരിപ്പിക്കുന്നത്. പൊതുയോഗത്തില്‍ സലാമിനെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്തു. നേരത്തെ കോടികളുടെ പണമിടപാട് നടക്കുന്ന സൊസൈറ്റിയുടെ വരവ് ചെലവ് കണക്കുകള്‍ പുറത്തുവിടാത്തത് വിവാദമായിരുന്നു.
സിപിഎം നിയന്ത്രണത്തിലുള്ള പാലിയേറ്റീവ് സൊസൈറ്റിയില്‍ ക്രമക്കേടെന്ന് ആരോപിച്ച് തോട്ടപ്പള്ളി മുന്‍ ലോക്കല്‍ സെക്രട്ടറി, എസ്.ശ്രീകുമാറാണ് പാര്‍ട്ടി സംസ്ഥാന, ജില്ലാ നേതൃത്വങ്ങള്‍ക്ക് പരാതി നല്‍കിയത്. സൊസൈറ്റി രൂപീകരിച്ചിട്ട് എട്ടു വര്‍ഷമായിട്ടും കണക്കവതരിപ്പിച്ചിട്ടില്ലെന്നും നിയമപരമായി ചേരേണ്ട പൊതുയോഗം അടക്കമുള്ളവ ചേര്‍ന്നിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.
പരാതി ജില്ലാ സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യുകയും ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ. പ്രസാദിനെ അന്വേഷണത്തിന് ചുമതലപ്പെടുത്തുകയും ചെയ്തു. പാര്‍ട്ടി അന്വേഷിക്കുന്നതിനിടെയാണ് ഈ കണക്ക് അവതരിപ്പിച്ചതെന്നതും ശ്രദ്ധേയമാണ്. പൊതുയോഗം വിളിച്ച് ചേര്‍ത്തായിരുന്നു നടപടി. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ സഹായം ലഭിക്കുന്ന സൊസൈറ്റിഎട്ടു വര്‍ഷമായി കണക്ക് അവതരിപ്പിക്കാതെ പ്രവര്‍ത്തിച്ചതിന് സഹകരണ വകുപ്പിന്റെ അവിഹിത സഹായം ലഭിച്ചതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. അഴിമതി ആരോപണങ്ങള്‍ വരെ ഉയര്‍ന്ന സാഹചര്യത്തിലാണ് തിടുക്കത്തില്‍ കണക്ക് അവതരിപ്പിച്ചതെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: