കേന്ദ്ര സര്‍ക്കാരിന്റെ അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി 508 റെയില്‍വെ സ്റ്റേഷനുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കംകുറിച്ചതിലൂടെ റെയില്‍വെയുടെയും രാജ്യത്തിന്റെയും വികസനത്തിന് പുതിയൊരു ഗതിവേഗം ലഭിച്ചിരിക്കുകയാണ്. 25 ലക്ഷം കോടി രൂപയോളം ചെലവഴിക്കുന്ന ഈ പദ്ധതിയുടെ ഗുണഫലങ്ങള്‍ വലിപ്പ ചെറുപ്പമില്ലാതെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ലഭിക്കും. കേരളത്തിലെ ഷൊര്‍ണൂര്‍ ജംഗ്ഷന്‍, തിരൂര്‍, വടകര, പയ്യന്നൂര്‍, കാസര്‍കോട് സ്റ്റേഷനുകളടക്കം ദക്ഷിണ റെയില്‍വെയിലെ 25 സ്റ്റേഷനുകളും ഇതില്‍പ്പെടുന്നു എന്നത് സന്തോഷകരമായ കാര്യമാണ്. വെറുതെ പണം ചെലവഴിക്കുകയല്ല, റെയില്‍വെ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് നഗരത്തിന്റെ മൊത്തത്തിലുള്ള വികസനം സാധ്യമാകുന്ന തരത്തില്‍ സമഗ്രമായ വീക്ഷണം പ്രാവര്‍ത്തികമാക്കുകയാണ് ചെയ്യുന്നത്. സിറ്റി സെന്ററുകളായി ഓരോ സ്റ്റേഷനുകളെയും വികസിപ്പിക്കുന്നതിനു പുറമെ, യാത്രക്കാര്‍ക്കായി അത്യാധുനിക സൗകര്യങ്ങളും ഒരുക്കും. അതത് സംസ്ഥാനങ്ങളിലെ പൈതൃകം, സംസ്‌കാരം, വാസ്തുവിദ്യ എന്നിവയ്‌ക്ക് അനുസരിച്ച് സ്റ്റേഷന്‍ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഇപ്പോഴത്തെ പലതും അങ്ങേയറ്റം പഴഞ്ചനും തീരെ ആകര്‍ഷകവുമല്ലാത്ത സ്റ്റേഷനുകളാണ്. കാഴ്ചയില്‍ തന്നെ അവ മടുപ്പുളവാക്കുന്നു. ഇതില്‍നിന്ന് വ്യത്യസ്തമായി ഓരോ സംസ്ഥാനത്തിന്റെയും സവിശേഷതയ്‌ക്കനുസരിച്ചുള്ള നിര്‍മിതികളാവുമ്പോള്‍ അത് വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്നതും, അന്നാട്ടുകാരുടെ അഭിമാനം വര്‍ധിപ്പിക്കുന്നതുമായിരിക്കും. യാത്രക്കാരുടെ വിരസതയകറ്റി അവര്‍ക്ക് ഉത്സാഹം നല്‍കും.
വിവിധ ഘട്ടങ്ങളിലായി രാജ്യത്തെ 1300 ലേറെ സ്റ്റേഷനുകളാണ് അമൃത് ഭാരത് പദ്ധതിയില്‍പ്പെടുത്തി നവീകരിക്കുന്നത് എന്നതില്‍നിന്നു തന്നെ ഇതിന്റെ വ്യാപ്തി ഊഹിക്കാന്‍ കഴിയും. റെയില്‍വെയുടെ മുഖഛായ തന്നെ ഇതിലൂടെ മാറും. റെയില്‍വെയുടെ ചരിത്രത്തിലെ പുതിയ അധ്യായമാണിതെന്ന് അമൃത് ഭാരത് പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് ഇതുകൊണ്ടാണ്. രാജ്യത്തെ റെയില്‍വെ ശൃംഖല ദിനംപ്രതി വികസിക്കുകയും നവീകരിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണെന്നു പറഞ്ഞ പ്രധാനമന്ത്രി, ടൂറിസം മുതലായ അനുബന്ധ മേഖലകളുടെ വികസനങ്ങള്‍ക്ക് ഇത് ഉത്തേജനമാകുമെന്നും ചൂണ്ടിക്കാട്ടുകയുണ്ടായി. ‘ഒരു സ്റ്റേഷന്‍ ഒരു ഉല്‍പ്പന്നം’ എന്ന പദ്ധതിയിലൂടെ കരകൗശല തൊഴിലാളികളുടെ ജീവിതത്തിന് താങ്ങാവും. മോദി സര്‍ക്കാരിന്റെ ഭരണത്തില്‍ വന്‍തോതിലുള്ള വികസനവും മാറ്റവും കൈവരിക്കാന്‍ കഴിഞ്ഞ മേഖലകളിലൊന്ന് റെയില്‍വെയാണ്. റെയില്‍വെ ബജറ്റ് പ്രത്യേകമായി അവതരിപ്പിക്കുന്നതിനു പകരം പൊതുബജറ്റിന്റെ ഭാഗമാക്കിയതു തന്നെ പ്രതീകാത്മകമാണ്. പൊതുവികസനത്തിനൊപ്പം സഞ്ചരിക്കാന്‍ ഇതിലൂടെയും കഴിയുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ തന്നെ രണ്ടരലക്ഷം കോടി രൂപ റെയില്‍ വികസനത്തിന് അനുവദിച്ചത് ഇതിന്റെ ഭാഗമാണ്. മോദി സര്‍ക്കാര്‍ അധികാരത്തിലേറുന്നതിനു മുന്‍പ് ആറായിരത്തില്‍ കുറവ് റെയില്‍വെ മേല്‍പ്പാലങ്ങളും അടിപ്പാതകളും മാത്രമാണുണ്ടായിരുന്നത്. ഇന്നത് പതിനായിരം കവിഞ്ഞു. 2200 കിലോമീറ്ററിലധികം ചരക്ക് ഇടനാഴികള്‍ നിര്‍മിക്കാന്‍ കഴിഞ്ഞതിലൂടെ ചരക്കുവണ്ടികളുടെ യാത്രാസമയം വന്‍തോതില്‍ കുറയ്‌ക്കാന്‍ കഴിഞ്ഞു. ഇതൊക്കെ റെയില്‍ വെയുടെ ചരിത്രത്തിലെ വലിയ മാറ്റങ്ങളാണ്.
നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണത്തിന്‍ കീഴില്‍ റെയില്‍വെയ്‌ക്കുണ്ടായ മാറ്റം ഓരോ യാത്രക്കാരനും അനുഭവിച്ചറിയാവുന്നതാണ്. മൂക്കുപൊത്തി മാത്രം പ്രവേശിക്കാന്‍ കഴിയുമായിരുന്ന റെയില്‍വെ സ്റ്റേഷനുകളില്‍ ഇപ്പോള്‍ ശുദ്ധവായു ശ്വസിക്കാം. വൃത്തികേടിന്റെ പര്യായമായിരുന്ന കമ്പാര്‍ട്ടുമെന്റുകളില്‍ ശുചിത്വം കളിയാടുന്നു. ഭക്ഷണത്തിന്റെ ഗുണനിലവാരവും അതിന്റെ വിതരണവും എത്രയോ മെച്ചപ്പെട്ടിരിക്കുന്നു. മോദി സര്‍ക്കാരിന്റെ പരിപാടികളിലൊന്നായ സ്വച്ഛഭാരത് റെയില്‍വെയില്‍ അത്ഭുതങ്ങളാണ് പ്രവര്‍ത്തിച്ചത്. കണ്‍മുന്നില്‍ കാണുന്ന യാഥാര്‍ത്ഥമായിരുന്നിട്ടും ഇതൊക്കെ തമസ്‌കരിക്കാനും ഇകഴ്‌ത്തിക്കാണിക്കാനുമാണ് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ശ്രമിച്ചത്. ഇതിന്റെ മുന്നില്‍നില്‍ക്കുന്നത് ഇടതുഭരണമുള്ള കേരളമാണ്. റെയില്‍വെ വികസനത്തിനുവേണ്ടി എന്തും നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറുള്ളപ്പോഴും കേരളം ഭരിക്കുന്നവര്‍ക്ക് അതുവേണ്ട. അവര്‍ക്കുവേണ്ടത് അഴിമതി നടത്താന്‍ കഴിയുന്ന കമ്മിഷന്‍ റെയിലുകളാണ്. സില്‍വര്‍ ലൈനിനുവേണ്ടി നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചതിലും, ഇപ്പോള്‍ പറഞ്ഞുകേള്‍ക്കുന്ന ബദല്‍ പദ്ധതിയിലും അഴിമതി മാത്രമാണ് ഇക്കൂട്ടര്‍ ലക്ഷ്യം വയ്‌ക്കുന്നത്. വികസനത്തിന്റെ പുത്തന്‍ സന്ദേശവുമായി രാജ്യം മുഴുവന്‍ സഞ്ചരിക്കുന്ന വന്ദേഭാരത് എക്‌സ്പ്രസിനെതിരെയും സിപിഎമ്മും ഇടതുമുന്നണി സര്‍ക്കാരും കുപ്രചാരണം നടത്തി. ഈ ട്രെയിനുകള്‍ കേരളത്തിന് നല്‍കുന്നില്ലെന്ന് കള്ളം പറഞ്ഞു. ഒടുവില്‍ വണ്ടികള്‍ ഓടിത്തുടങ്ങിയപ്പോള്‍ ഒപ്പംകൂടി. നിഷേധാത്മകവും ജനവിരുദ്ധവുമായ ഈ സമീപനം ഉപേക്ഷിച്ച് കേന്ദ്ര സര്‍ക്കാരിന്റെ റെയില്‍വെ വികസനവുമായി കൈകോര്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: