മഞ്ചേരി(മലപ്പുറം): മലയാള കവി എന്നോ ദേശീയ കവി എന്നോ ഒതുക്കി നിര്‍ത്തേണ്ട ആളല്ല കുമാരനാശാനെന്നും വിശ്വമഹാകവി എന്ന തരത്തില്‍ ശ്രദ്ധയാകര്‍ഷിക്കപ്പെടേണ്ട കവിയാണ് എന്നും സാഹിത്യ നിരൂപകന്‍ ആഷാമേനോന്‍ പറഞ്ഞു. സനാതന ധര്‍മ്മത്തിന്റെ മര്‍മ്മം തന്റെ ശിഷ്യനില്‍ പകര്‍ന്നുനല്കാന്‍ തക്ക അര്‍ഹതയുള്ള ആത്മീയാചാര്യനായ ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനാകാന്‍ സാധിച്ചതാണ് ആശാന്റെ ഭാഗ്യം. കുമാരനാശാന്റെ നൂറ്റമ്പതാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഭാരതീയ വിചാരകേന്ദ്രം മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ആശാന്‍ സ്മൃതി സദസ്സില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ആശാന്‍ കവിതകളിലെ വിഷാദാത്മകത ഒരു വിഷാദരോഗിയുടേതായി ചിത്രീകരിക്കുന്നതില്‍ അര്‍ത്ഥമില്ല. ആര്‍ക്കു മുന്നിലും തലകുനിക്കാതെ തന്റെ അഭിപ്രായം തുറന്നു പറയുന്ന തന്റേടിയായിരുന്നു അദ്ദേഹം ആഷാ മേനോന്‍ പറഞ്ഞു.
ഭാരത ദേശീയത, ആര്‍ഷഭാരത ദാര്‍ശനികത, സനാതന ആശയ സ്വാധീനം, ഉല്‍ക്കടമായ സ്വാതന്ത്ര്യ ഇച്ഛ എന്നിവ കുമാരനാശാന്റെ കത്തുകളിലും പ്രഭാഷണങ്ങളിലും ജീവിതത്തിലും തെളിഞ്ഞും കവിതകളില്‍ ഒളിഞ്ഞും ദൃശ്യമാണെന്ന് അഡ്വ. ശങ്കു ടി. ദാസ് പറഞ്ഞു. ഹിന്ദുത്വ ദര്‍ശനങ്ങളുടെ ഉപാംശം മാത്രമായാണ് കുമാരനാശാന്‍ ബുദ്ധമത ആശയങ്ങളെ കണ്ടത്. ദുരവസ്ഥ ഒരു മതത്തിനും എതിരല്ല. അത് അന്നത്തെ സാമൂഹ്യ അവസ്ഥയുടെ യഥാര്‍ത്ഥമായ ചിത്രീകരണം മാത്രമാണെന്നും ആശാന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സ്വാതന്ത്ര്യ സമര പോരാട്ടത്തിനായി രൂപീകരിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വിഭാവനം ചെയ്യുന്നതിന് എത്രയോ മുമ്പ് തന്നെ ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്നുള്ള പൂര്‍ണസ്വാതന്ത്ര്യം എന്ന ആശയം ആശാന്‍ മുന്നോട്ടുവച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറി
ശ്രീധരന്‍ പുതുമന ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ പ്രസിഡന്റ് ഡോ.എം.പി. രവിശങ്കര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.പി. കൃഷ്ണാനന്ദന്‍ സ്വാഗതവും യൂണിറ്റ് പ്രസിഡന്റ് അഡ്വ.കെ.ആര്‍. അനൂപ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക