റാഞ്ചി: രാജ്യത്തുടനീളം കലാപങ്ങള്‍ സൃഷ്ടിക്കാനുള്ള ആസൂത്രിത നീക്കങ്ങളെ കരുതിയിരിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് ദേശീയ ജനറല്‍ സെക്രട്ടറി മിലിന്ദ് പരാണ്ഡെ.
ഹരിയാനയിലെ മേവാതില്‍ ശ്രാവണ പൂജാ യാത്രയ്‌ക്കു നേരെയും ബംഗാളിലും ബീഹാറിലും രാജസ്ഥാനിലും രാമനവമി ആഘോഷങ്ങള്‍ക്കു നേരെയും നടന്ന അതിക്രമങ്ങള്‍ വിരല്‍ചൂണ്ടുന്നത് രാജ്യത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ചിലരുടെ നീക്കത്തിലേക്കാണെന്നും അദ്ദേഹം പറഞ്ഞു. റാഞ്ചി ദിഗംബര്‍ജെയിന്‍ ഭവനില്‍ ബജ്രംഗ് ദള്‍ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മിലിന്ദ് പരാണ്ഡെ.
മേവാത്തില്‍ തീര്‍ത്ഥാടകരെ അക്രമിക്കാന്‍ ആധുനിക ആയുധങ്ങളും പെട്രോള്‍ ബോംബുകളും കരുതിയിരുന്നുവെന്നത് സ്ഥിതിഗതികള്‍ ഗുരുതരമെന്ന് സൂചിപ്പിക്കുന്നു. എല്ലാ വിഭാഗം ജനങ്ങളും ഒരുമിച്ചു കഴിയുകയും ഉത്സവങ്ങള്‍ ആഘോഷിക്കുകയും ചെയ്യുന്ന സാഹചര്യം നൂഹ് മേഖലയിലടക്കം ഉണ്ടായതാണ് മതതീവ്രവാദികളെ പ്രകോപിപ്പിച്ചത്. ഇത്തരം അക്രമങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും മിലിന്ദ് പരാണ്ഡെ പറഞ്ഞു.
ഭീകരതയ്‌ക്കെതിരെ ശക്തമായ നടപടികള്‍ രാജ്യം സ്വീകരിച്ചതോടെ മറ്റ് വഴികളിലൂടെയാണ് അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ ഇക്കൂട്ടര്‍ ശ്രമിക്കുന്നത്. വനവാസി മേഖലകളില്‍ കടന്നുകയറി വിവാഹബന്ധങ്ങളിലൂടെ ഭൂമി കൈവശമാക്കുന്നു.
മണിപ്പൂരിലടക്കമുള്ള പ്രശ്നങ്ങളില്‍ ഇത്തരക്കാരുടെ പങ്കാളിത്തമുണ്ടെന്നത് ശ്രദ്ധേയമാണെന്ന് മിലിന്ദ് പരാണ്ഡെ ചൂണ്ടിക്കാട്ടി. ഉത്തര്‍പ്രദേശ്, ദല്‍ഹി, പഞ്ചാബ്, ഹരിയാന, ആസാം, പശ്ചിമ ബംഗാള്‍, ബീഹാര്‍, ഝാര്‍ഖണ്ഡ്, ബംഗ്ലാദേശ് എന്നിവയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ രോഹിങ്ക്യന്‍ നുഴഞ്ഞുകയറ്റക്കാരുണ്ടെന്നത് ഗൗരവമായി കാണണം.
ആശയപ്രചരണ മേഖലയിലും ഇത്തരക്കാര്‍ ശക്തമാണ്. ഇവരെ പിന്തുണയ്‌ക്കുന്ന രാഷ്‌ട്രീയക്കാരും രാജ്യത്തിന്റെ ശത്രുക്കളാണെന്നും അദ്ദേഹം പറഞ്ഞു.
ബജ്‌രംഗ്ദള്‍ ദേശീയ സംയോജക് നീരജ് ദൗനേരിയ, ദേശീയ സഹസംയോജക് സൂര്യ നാരായണ്‍ റാവു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: