തൃശൂര്‍: കേരള പോലീസ് അസോസിയേഷന് തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക വിഭാഗത്തിന് വന്‍ തിരിച്ചടി. സംസ്ഥാനത്ത് ഭരണപക്ഷത്തിന് നഷ്ടപ്പെട്ട ഏക കമ്മിറ്റിയും തൃശൂരിലേതായി. തൃശൂര്‍ സിറ്റി ജില്ലാ പ്രസിഡന്റും റൂറലിലെ സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ എക്സി. അംഗവും പരാജയപ്പെട്ടു. കേരള പോലീസ് അക്കാദമിയിലെ ജില്ലാ കമ്മിറ്റി ഔദ്യോഗിക പക്ഷത്തിന് നഷ്ടമായി.
സിറ്റിയില്‍ ആകെ മത്സരം നടന്ന 30 സീറ്റുകളില്‍ 6 സീറ്റിലാണ് പ്രതിപക്ഷാനുകൂല വിഭാഗം വിജയിച്ചതെങ്കിലും ജില്ലാ പ്രസിഡന്റ് പരാജയപ്പെട്ടത് വലിയ തിരിച്ചടിയായി. എരുമപ്പെട്ടി പോലീസ് സ്റ്റേഷനില്‍ ജില്ലാ പ്രസിഡന്റ് മധുവാണ് പരാജയപ്പെട്ടത്. ഗുരുവായൂര്‍ ടെമ്പിള്‍, ചാവക്കാട്, ഗുരുവായൂര്‍, എരുമപ്പെട്ടി, ചെറുതുരുത്തി, മണ്ണുത്തി എന്നിവിടങ്ങളിലാണ് പ്രതിപക്ഷാനുകൂല വിഭാഗം വിജയിച്ചത്. എ.ആര്. ക്യാമ്പിലെ 11 സീറ്റുകളില്‍ മത്സരമുണ്ടായെങ്കിലും മുഴുവന്‍ സീറ്റും ഭരണപക്ഷം നേടി.
നേരിട്ട് വോട്ട് ചെയ്യാന്‍ അവസരം നല്‍കാതെ ഭരണപക്ഷം സമ്മര്‍ദ്ദം ചെലുത്തി പ്രോക്സി വോട്ട് സമാഹരിച്ചതുകൊണ്ടാണ് ക്യാമ്പില്‍ പ്രതിപക്ഷാനുകൂല വിഭാഗം പരാജയപ്പെട്ടതെന്ന് ആരോപണമുണ്ട്. റൂറലില്‍ ആകെയുള്ള 31 സീറ്റില്‍ മത്സരം നടന്ന 16 സീറ്റില്‍ 5 സീറ്റുകളാണ് പ്രതിപക്ഷത്തിന് ലഭിച്ചത്. ചാലക്കുടിയില്‍ നിന്ന് വിജയിച്ച അസോസിയേഷന് മുന്‍ ജില്ലാ ട്രഷററും നിലവില്‍ ജില്ലാ പോലീസ് സഹ. സംഘം ബോര്‍ഡ് മെമ്പറുമായ വില്‍സണാണ് വിജയിച്ചവരില്‍ പ്രതിപക്ഷ വിഭാഗത്തിലെ പ്രമുഖന്. ജില്ലയില്‍ പ്രതിപക്ഷ വിഭാഗം പല സീറ്റിലും പരാജയപ്പെട്ടത് നേരിയ വോട്ടുകളുടെ വ്യത്യാസത്തിലും നറുക്കെടുപ്പിലുമാണ്.
പോലീസ് അക്കാദമിയില്‍ ആകെയുള്ള 5 സീറ്റുകളില്‍ 3 സീറ്റ് നേടി പ്രതിപക്ഷ വിഭാഗം ഭരണം പിടിച്ചെടുത്തു. ഇവിടെ പ്രതിപക്ഷ വിഭാഗത്തിലെ ഒരു സ്ഥാനാര്‍ത്ഥിയുടെ നോമിനേഷന് ക്ലെറിക്കല്‍ അപാകത സൂചിപ്പിച്ച് തള്ളിയിരുന്നു. മേലുദ്യോഗസ്ഥരെയും രാഷ്ട്രീയനേതാക്കളെയും ഉപയോഗിച്ച് സ്വാധീനിച്ചും ഭരണപക്ഷമെന്ന നിലയില്‍ ഭീഷണിപ്പെടുത്തിയും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഭരണപക്ഷം കിണഞ്ഞ് ശ്രമിച്ചിട്ടും തിരിച്ചടിയുണ്ടായത് പോലീസുകാര്‍ക്കിടയിലെ അസംതൃപ്തിയും ജോലിഭാരവും ആനുകൂല്യങ്ങളുടെ നിഷേധവും മൂലമാണെന്ന് വിലയിരുത്തപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: