തൃശൂര്‍: വയോജനങ്ങള്‍ നാടിന്റെ അഭിമാനവും ദേശീയതയുടെ പ്രതീകങ്ങളുമാണെന്ന് ബിഎംഎസ് ദക്ഷിണ ക്ഷേത്രിയ സഹ. സംഘടനാ സെക്രട്ടറി എം.പി. രാജീവന് പ്രസ്താവിച്ചു.
അവര്‍ നാടിനു വേണ്ടി ചെയ്ത സേവനങ്ങളും അവരുടെ അനുഭവസമ്പത്ത് വിവിധ മേഖലകളില്‍ നാടിനു വേണ്ടി സമര്‍പ്പിക്കുകയും ചെയ്യുമ്പോള്‍ രാജ്യ പുരോഗതിയില്‍ മുഖ്യപങ്ക് വഹിക്കുന്ന വയോജനങ്ങള്‍ നാടിന്റെ അഭിമാനമാണ്. സീനിയര്‍ സിറ്റിസണ്‍ സംഘ് സംസ്ഥാന സമിതിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പ്രസിഡന്റ് എ.എന്‍. പങ്കജാക്ഷന് അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന ഡെ. ജനറല്‍ സെക്രട്ടറി കെ. ജ്യോതിഷ്കുമാര്‍ സ്വാഗതം ആശംസിച്ചു. ജനറല്‍ സെക്രട്ടറി കെ.വി. അച്ചുതന് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മിനിമം പെന്ഷന് 5000 രൂപയെങ്കിലും ആക്കി ഉയര്‍ത്തുക,
ട്രെയിന്‍ യാത്രാ ഇളവ് പുന:സ്ഥാപിക്കുക, അവശതയനുഭവിക്കുന്ന വയോജനങ്ങള്‍ക്ക് സൗജന്യ ചികിത്സ ഉറപ്പുവരുത്തുക എന്നീ അടിയന്തര ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. യോഗത്തില്‍ സംസ്ഥാന സെക്രട്ടറി വി. സുധാകരന്, ട്രഷറര്‍ ടി.ആര്. മോഹനന്, കെ. രാധാകൃഷ്ണപിള്ള, പി. പ്രസന്നകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: