ഹൈദരാബാദ്: ബാലാജി നഗറിലെ നടുറോഡില്‍ യുവതിക്കു നേരെ മദ്യപിച്ചെത്തിയ വ്യക്തിയുടെ ലൈംഗീക അതിക്രമം. റോഡിലൂടെ പോവുകയായിരുന്ന സ്ത്രീയുടെ വസ്ത്രമാണ് പ്രതിയായ യുവാവ് വലിച്ചുകീറിയത്. സംഭവം ഞെട്ടിക്കുന്നതാണെന്നും പ്രതിയെ പിടികൂടിയെന്നും ഹൈദരാബാദ് പോലീസ് അറിയിച്ചു.
റാച്ചകൊണ്ട പോലീസ് കമ്മീഷണറേറ്റിലെ ജവഹര്‍ നഗര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ ബാലാജി നഗര്‍ ബസ് സ്റ്റാന്‍ഡിന് സമീപമാണ് സംഭവം. ഇന്നലെ രാത്രി 8.30ഓടെ നടന്ന സംഭവത്തില്‍ പെദ്ദമരയ്യ എന്ന പ്രതി റോഡിലൂടെ പോവുകയായിരുന്നു സ്ത്രീയോട് മോശമായി പെരുമാറുകയും, പരസ്യമായി വസ്ത്രം വലിച്ചുകീറുകയുമായിരുന്നു.
കൂലിപ്പണിക്കാരനും സ്ഥിരം മദ്യപാനിയുമായ പെദ്ദമരയ്യ തന്റെ അമ്മയുടെ മുന്നില്‍ വച്ചാണ് ഈ ലൈംഗീക അതിക്രം നടത്തിയത്. റോഡിലൂടെ നടന്നുപോകുന്നതിനിടെ ആണ് യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചത്. ഇതിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സ്ത്രീ ഇയാളെ തള്ളിയിട്ട് സ്വയം രക്ഷിക്കാന്‍ ശ്രമിച്ചപ്പോഴാണ് പെദ്ദമാരയ്യ അവരുടെ വസ്ത്രങ്ങള്‍ വലിച്ചുകീറിയത്. സംഭവം തടയാന്‍ പ്രതിയുടെ അമ്മ ഒന്നു തന്നെ ചെയ്തില്ല എന്നാണ് സാക്ഷികള്‍ പറയുന്നത്.
വണ്ടിയോടിച്ചെത്തിയ മറ്റൊരു സ്ത്രീ ഇതിനെ ചോദ്യം ചെയ്യാന്‍ നിര്‍ത്തിയപ്പോള്‍ അവരേയും പ്രതി ആക്രമിക്കുകയായിരുന്നു. ഇര 15 മിനിറ്റോളം അര്ധവസ്ത്രയായി റോഡില്‍ നിന്നുവെന്നാണ് റിപ്പോര്‍ട്ട്. പ്രതികള്‍ സ്ഥലം വിട്ടതോടെ യുവതിയെ ജനം ഒരു തുണി നല്കി പുതപ്പിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് പോലീസില്‍ വിവരമറിയിച്ചു. സംഭവത്തില്‍ ഇരയായ യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: