സജി ചന്ദ്രന്
വെള്ളറട: വെള്ളറട പഞ്ചായത്തില്‍ ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങളായെങ്കിലും തകര്‍ന്നുകിടക്കുന്ന റോഡിന്റെ നിര്‍മ്മാണം തുടങ്ങിയില്ല. പഞ്ചായത്തിലെ കലുങ്കുനട ആറാട്ടുകുഴി കൂട്ടപ്പൂ റോഡാണ് പൂര്‍ണമായും തകര്‍ന്നത്. റോഡില്‍ വന്‍ കുഴികള്‍ രൂപപ്പെട്ടതു കാരണം ഇരുചക്ര വാഹനക്കാരും കാല്‍നട യാത്രക്കാരും അനുഭവിക്കുന്ന ബുദ്ധിമുട്ടിന് പരിഹാരമില്ല.
റോഡിലെ കുഴികളില്‍ മഴവെള്ളം കെട്ടി നില്‍ക്കുന്നതോടെ ഇരുചക്രവാഹനങ്ങള്‍ കുഴിയില്പ്പതിച്ചുള്ള അപകടം പതിവായി. റോഡിന്റെ വശങ്ങളില്ല് ശാസ്ത്രീയമായി നിര്‍മ്മിച്ച ഓടയില്ലാത്തതും വീടുകളില്‍ നിന്ന് മലിനജലം റോഡിലേക്ക് ഒഴുക്കിവിടുന്നതും റോഡ്തകരുന്നതിന് കാരണമാണ്. വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ കാല് നടയാത്രക്കാരുടെ ശരീരത്തിലേക്ക് ചെളിതെറിക്കുന്നതും നിത്യസംഭവമാണ്. കേരള-തമിഴ്നാട് അതിര്‍ത്തി പ്രദേശത്തെ ഇരു സംസ്ഥാനങ്ങളിലൂടെയും കടന്നു വരുന്ന നിരവധി ചരക്കു വാഹനങ്ങളും പ്രധാനറോഡിലേക്ക് ഇതുവഴിയാണ് പോകുന്നത്. ചരക്കുവാഹനങ്ങള്‍ റോഡിലെ കുഴികളില്പ്പെടുന്നതോടെ ഗതാഗത തടസവും പതിവാണ്.
നിരവധി തവണ കുഴികള്‍ അടച്ചെങ്കിലും മഴപെയ്താല്‍ റോഡ് പെട്ടെന്ന്തകരുന്നു. റോഡ് പുനര്‍ നിര്‍മ്മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 22 കോടി രൂപയ്ക്ക് ടെന്‍ഡര്‍ ചെയ്തു. കരാര്‍ ഏറ്റെടുത്തയാള്‍ റോഡ് പണിക്കു ഉപകരണങ്ങളുമായി എത്തിയെങ്കിലും പണി തുടങ്ങിയില്ല. ജര്‍മന്‍ ടെക്നോളജി ഉപയോഗിച്ച് ആധുനിക രീതിയില്‍ പണിചെയ്യുന്നതിനു വേണ്ടിയാണ് ഗുജറാത്ത് ആസ്ഥാനമായ കമ്പനിക്ക് കരാര്‍നല്‍കിയത്. ഇതിനിടയില്‍ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ആറാട്ടുകുഴിയില്‍ സംഘടിപ്പിച്ച പൊതുയോഗത്തിലായിരുന്നു ഉദ്ഘാടനം.എന്നാല്‍ മാസങ്ങള്‍പിന്നിട്ടിട്ടും നിര്‍മ്മാണം തുടങ്ങാതെ തകര്‍ന്നു കിടക്കുകയാണ് കലുങ്കുനട കൂതാളി റോഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: