ന്യൂദല്‍ഹി: തദ്ദേശീയ ഉത്പന്നങ്ങള്‍ക്ക് വേണ്ടിയുളള വാദം ഒരു ബഹുജന മുന്നേറ്റമായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ടെക്സ്റ്റൈല്‍ മേഖലയില്‍ ആരംഭിച്ച പദ്ധതികള്‍ നെയ്ത്തുകാര്‍ക്കും കരകൗശലത്തൊഴിലാളികള്‍ക്കും നീതി ലഭ്യമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.ദല്‍ഹി പ്രഗതി മൈതാനിയിലെ ഭാരത് മണ്ഡപത്തില്‍ 9-ാമത് ദേശീയ കൈത്തറി ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ദേശീയ കൈത്തറി ദിനത്തില്‍ പ്രാദേശിക ഉല്പന്നങ്ങള് പ്രോത്സാഹിപ്പിക്കാന്‍ പ്രധാനമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ശക്തമായ കൈത്തറി മേഖല രാജ്യത്തിന്റെ വൈവിധ്യത്തിന്റെ മാതൃകയാണെന്ന് മോദി പറഞ്ഞു. കൈത്തറി വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ ഈടില്ലാതെ വായ്പ നല്‍കുകയും നെയ്ത്തുകാര്ക്കായി അസംസ്കൃത വസ്തുക്കള്‍ വിലക്കുറവില്‍ നല്‍കുകയും ചെയ്യുന്നു.
ഇപ്പോള്‍ എല്ലാ ചെറുകിട സംരംഭങ്ങള്‍ക്കും അവരുടെ ഉത്പന്നങ്ങള്‍ ജെം പോര്‍ട്ടലില്‍ നേരിട്ട് വില്ക്കാന് കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. നിലവില്‍ 1.75 ലക്ഷം സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ ജെം പോര്‍ട്ടലുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ സംസ്ഥാനങ്ങളിലെയും കരകൗശല ഉല്പന്നങ്ങളുടെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിനായി രാജ്യത്തുടനീളം ‘ഏക്ത മാള്‍’ സ്ഥാപിക്കുന്നുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. വിവിധ ജില്ലകളുടെ തനത് ഉല്പന്നങ്ങള് പ്രോത്സാഹിപ്പിക്കുന്നതിനായി ‘ഒരു ജില്ല, ഒരു ഉല്‍പ്പന്നം’ എന്ന പദ്ധതി നടപ്പാക്കിയിട്ടുണ്ട്. ഇന്ന് ടെക്സ്റ്റൈല്‍ വ്യവസായം ഒരു ലക്ഷത്തി 30,000 കോടി രൂപയില്‍ എത്തിയിട്ടുണ്ടന്നും രാജ്യത്തുടനീളം 600 ലേറെ ടെക്സ്റ്റൈല്‍ ക്ലസ്റ്ററുകള്‍ തുറന്നിട്ടുണ്ടെന്നും മോദി പറഞ്ഞു.
പരിപാടിയില്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി എന്‍ഐഎഫ്ടി വികസിപ്പിച്ചെടുത്ത ‘ഭാരതീയ വസ്ത്ര ഏവം ശില്പ് കോഷ്’-ന്റെ ഇ-പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു.
പരിപാടിയില്‍ 3000-ലധികം കൈത്തറി, ഖാദി നെയ്ത്തുകാരും കരകൗശല വിദഗ്ധരും ടെക്സ്റ്റൈല്‍, എംഎസ്എംഇ മേഖലകളില്‍ നിന്നുള്ള പങ്കാളികളും പങ്കെടുത്തു. 2015 ആഗസ്ത് 7-ന് നടന്ന ദേശീയ കൈത്തറി ദിനത്തോടെയാണ് സര്‍ക്കാര്‍ ദേശീയ കൈത്തറി ദിനം ആഘോഷിക്കാന്‍ തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: