വെഞ്ഞാറമൂട്: കുടുംബവഴക്കിന്റെ പേരില്‍ പോലീസ് പിടിച്ചുകൊണ്ടുപോയ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം വേണമെന്ന് കുടുംബാംഗങ്ങള്‍. വെഞ്ഞാറമൂട് ആലിയാട് പത്തേക്കര്‍ അജി ഭവനില്‍ അജിത് കുമാര്‍ (47) നെയാണ കഴിഞ്ഞ ദിവസം വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭാര്യയുമായുള്ള പ്രശ്നവുമായി ബന്ധപ്പെട്ട് കോടതിയില്‍ കേസ് നടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് വനിത സെല്ലില്‍ പരാതി ഉണ്ടായിരുന്നു. വനിതാ സെല്ലില്‍ നിന്നുള്ള റിപ്പോര്‍ട്ട് അനുസരിച്ച് അജിത് കുമാറിനെ ഈമാസം രണ്ടിന് വെഞ്ഞാറമൂട് പോലീസ് വീട്ടില്‍ നിന്നും പിടിച്ചുകൊണ്ടുപോയി. മകന്റെ മുന്നില്‍ വെച്ചും സ്റ്റേഷനില്‍ കൊണ്ടുപോയും അതി ക്രൂരമായി അജിത്തിനെ പോലീസ് മര്‍ദ്ദിച്ചുവെന്നും കുടുംബം ആരോപിക്കുന്നു.
പോലീസ് മര്‍ദ്ദനമേറ്റെന്ന് സുഹൃത്തുക്കളോടും വീട്ടുകാരോടും പറയുകയും തൊട്ടടുത്ത ദിവസം കന്യാകുളങ്ങര കുടുംബരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയിരുന്നതായും ബന്ധുക്കള്‍ പറയുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം അന്വേഷണം ആവശ്യപ്പെട്ട് ഉന്നത അധികാരികള്‍ക്ക് പരാതി നല്‍കുമെന്നും അജിത് കുമാറിന്റെ പിതാവ് ഗോപിനാഥന് നായര്‍ പറഞ്ഞു.
അതേസമയം ആരോപണങ്ങള്‍ പോലീസ് നിഷേധിച്ചു. കുടുംബപ്രശ്നങ്ങള്‍ കാരണം ഇയാള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നുവെന്ന് പോലീസ് പറഞ്ഞു. വീട്ടില്‍ ബഹളം വച്ചതോടെയാണ് വീട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ അടക്കം എല്ലാവരെയും സ്റ്റേഷനില്‍ വിളിച്ചുവരുത്തി സംസാരിച്ചതിനു ശേഷം വിട്ടയച്ചു. അത് കഴിഞ്ഞ് രണ്ടാം ദിവസമാണ് ഇയാള്‍ മരിച്ചത്. മറ്റ് ആരോപണങ്ങള്‍ ശരിയല്ലെന്നും വെഞ്ഞാറമൂട് പോലീസ് പറഞ്ഞു.
വിചിത്രയാണ് അജിത്തിന്റെ ഭാര്യ. മക്കള്‍: അബി, അഭിരാമി
പ്രതികരിക്കാൻ ഇവിടെ എഴുതുക: