പാലക്കാട്: മെഡിക്കല്‍ കോളേജ് കെട്ടിടത്തില്‍ നിന്ന് വീണ് രോഗി മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും ആരോഗ്യ മന്ത്രിക്കും പരാതി. പൈപ്പ് ഡക്ടിന്റെ വാതില്‍ പൂട്ടിയിടുന്നതില്‍ ആശുപത്രി അധികൃതര്‍ക്ക് സംഭവിച്ച വീഴ്ചയാണ് അപകടമുണ്ടാക്കിയതെന്നാണ് ആരോപണം. ജില്ലയിലെ സാമൂഹ്യ പ്രവര്‍ത്തകരാണ് പൊല്‍പ്പുള്ളി സ്വദേശി മോഹനന് ഡക്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പരാതി നല്‍കിയത്.
ശനിയാഴ്ച ഉച്ചക്കാണ് സംഭവം. മുകള്‍നിലകളിലേക്ക് കുടിവെള്ളം കൊണ്ടുപോവുന്ന പൈപ്പില്‍ നിന്നും ചോര്‍ച്ച ഉണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രി ജീവനക്കാര്‍ പൈപ്പ് ഡക്ട് തുറന്നത്. ഈ സമയത്താണ് ആശുപത്രിയില്‍ ചികിത്സക്കായെത്തിയ പൊല്‍പ്പുള്ളി സ്വദേശി മോഹനനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ശൗചാലയമെന്ന് കരുതി അബദ്ധത്തില്‍ ഡക്ടിലേക്ക് കയറിയപ്പോള്‍ അപകടം സംഭവിച്ചതെന്നാണ് നിഗമനം. എന്നാല്‍ പൂട്ട് ഉപയോഗിച്ച് അടച്ചിടേണ്ട ഡക്ട്, ആശുപത്രി അധികൃതര്‍ അലക്ഷ്യമായി തുറന്നിട്ടതാണ് അപകടത്തിന് വഴിവെച്ചതെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
ആരോഗ്യ വകുപ്പിന്റെ വീഴ്ച ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനുമാണ് സാമൂഹ്യ പ്രവര്‍ത്തകര്‍ പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: