ആലുവ: ”മകളെ ക്രുരമായി കൊലപ്പെടുത്തിയ അസഫാക് അലിയെ തൂക്കികൊല്ലണം, അതു മാത്രമാണ് ആവശ്യം. മറ്റൊരു സഹായവും വേണ്ട’ ആലുവായില്‍ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ അച്ഛന്‍ കൈകൂപ്പി പറഞ്ഞു.
‘കേരളത്തെ ഏറെ വിശ്വസിച്ചു. കണ്ണൂരിലും പാലക്കാട്ടും ഒക്കെ ജോലി ചെയ്തിട്ടുണ്ട്. ഇടപെട്ടവരെല്ലാം നല്ല മനുഷ്യരായിരുന്നു. എന്നിട്ടും ഇവിടെവെച്ച് എന്റെ മോള്‍ക്ക് ഇത് സംഭവിച്ചല്ലോ” കുട്ടികളുടെ അവകാശസംരക്ഷണ സംഘടനയായ സൗരക്ഷികയുടെ ഭാരവാഹികളോട്് അദ്ദേഹം കണ്ണീര്‍ വാര്‍ത്തുകൊണ്ട് പറഞ്ഞു.
‘ സാമ്പത്തിക സഹായവും കുട്ടുകളുടെ പഠന സഹായവും ഒക്കെ പലരും വാഗ്ദാനം ചെയ്തു. മലയാളികളുടെ നല്ല മനസ്സാണിതെല്ലാം കാണിക്കുന്നത്. പക്ഷേ ഞങ്ങള്‍ക്ക് വേണ്ടത് മകളെ കൊന്നവനെ തൂക്കിലേറ്റും എന്ന ഉറപ്പാണ്. ആരെയും അവന്‍ ഇനി ദ്രോഹിക്കരുത്. മറ്റൊരു കുട്ടിക്കും ദുരന്തം ഉണ്ടാകരുത്’
സഹായം എന്തു ചെയ്യണം എന്നു ചോദിച്ചപ്പോള്‍ വര്‍ഷങ്ങളായി കേരളത്തില്‍ കുടുംബസമേതം താമസിക്കുന്ന ബീഹാറുകാരന്‍ പറഞ്ഞു.
ബീഹാറിലായിരുന്നു ഇത്തരമൊരു ക്രൂരത നടന്നതെങ്കില്‍ പ്രതിയെ ജനങ്ങള്‍ കൈകാര്യം ചെയ്യുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
”ഭാര്യയുടെ മനോനില നേരെയായിട്ടില്ല, പ്രതിയുമായി വന്നപ്പോള്‍ കസേര എടുത്ത് അടിക്കാനൊരുങ്ങിയത് അതിനാലാണ് . ബംഗാള്‍ അതിര്‍ത്തിയിലാണ് അസഫാക് അലിയുടെ വീട്. ബംഗഌദേശില്‍നിന്ന്് നുഴഞ്ഞുകയറിയവര്‍ ഉള്ള പ്രദേശമാണത്. നാനുറ് കിലോമീറ്റര്‍ അകലെ യുപി അതിര്‍ത്തിയിലാണ് ഞങ്ങളുടെ ഗ്രാമം’. ഇന്റീരിയര്‍ ഡെക്കറേഷന്‍ ജോലിക്കാരനായ അദ്ദേഹം പറഞ്ഞു. സൗരക്ഷിക സംസ്ഥാന ജനറൽ സെക്രട്ടറി ജി സന്തോഷ്‌കുമാര്‍, സെക്രട്ടറിമാരായ എം. മനോജ്, പി സി ഗിരീഷ് കുമാർ, ബാലഗോകുലം സംസ്ഥാന സെക്രട്ടറി എന്‍ വി പ്രജിത്,, നിര്‍വാഹകസമിതി അംഗങ്ങളായ പി ജി അനന്തകൃഷ്ണന്‍, പി ശ്രീകുമാര്‍, ബിജെപി വക്താവ് സന്ദീപ് വാചസ്പതി എന്നിവരാണ് ആലുവയിലെ വാടകവീട്ടിലെത്തി അനുശോചനവും പിന്തുണയും അറിയിച്ചത്.
ആലൂവായില്‍ നടന്ന ബാലഗോകുലം സംസ്ഥാന സമിതിയോഗവും മന:സാക്ഷിയെ ഞെട്ടിപ്പിച്ച സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി. സംസ്ഥാന അധ്യക്ഷന്‍ ആര്‍ പ്രസന്നകുമാര്‍ അധ്യക്ഷം വഹിച്ചു. പൊതുകാര്യദര്‍ശി കെ എന്‍ സജികുമാര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: