പൂനെ: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് പൂനെയില്‍ എത്തിയ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറുമായി ആദ്യമായി വേദി പങ്കിട്ടു. ശരിയായ ഇടത്താണ് ഇപ്പോള്‍ അജിത് പവാര്‍ ഇരിക്കുന്നതെന്നും അദ്ദേഹം ഇവിടെയെത്താന്‍ വളരെയധികം സമയമെടുത്തെന്നും അജിത് പവാറിനെ വേദിയിലിരുത്തി അമിത് ഷാ പറഞ്ഞു. സെന്‍ട്രല്‍ രജിസ്റ്റാര്‍ ഔഫ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ പൂനെയിലെ ഓഫീസിനു തുടക്കം കുറിക്കുന്നതിനാണ് അമിത് ഷാ എത്തിയത്.
ഉപമുഖ്യമന്ത്രിയായതിനു ശേഷം അജിത് പവാറിനൊപ്പം ഞാന്‍ ഒരു വേദിയില്‍ ഇതാദ്യമാണ്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന് ശരിയായ വ്യക്തിയാണ് അജിത് ദാദ. ഇപ്പോഴാണ് താങ്കള്‍ ശരിയായ വേദിയിലിരിക്കുന്നത്, അമിത് ഷാ പറഞ്ഞു.
അജിത് പവാര്‍ നേതൃത്വം നല്കുന്ന എന്‍സിപി, ബിജെപി ശിവസേന സഖ്യത്തിന്റെ ഭാഗമായതിനു ശേഷം ആദ്യമായാണ് അമിത് ഷാ പൂനെയില്‍ എത്തുന്നത്. മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാര്‍ എന്നിവര്‍ അമിത് ഷായ്ക്ക് ഊഷ്മളമായ സ്വീകരണം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: