ബെംഗളൂരു: കര്‍ണാടക ജയില്‍ ഭീകരരുടെ തീവ്രവാദ റിക്രൂട്ട്മെന്റ് കേന്ദ്രമായും പഠന കേന്ദ്രങ്ങളായും മാറുന്നുവെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ തുടര്‍ച്ചയായ മുന്നറിയിപ്പുകള്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അവഗണിക്കുന്നു. ബെംഗളൂരു പരപ്പന അഗ്രഹാര അടക്കമുള്ള കര്‍ണാടകയിലെ ജയിലുകളില്‍ നിന്നും തടവുകാരില്‍ ചിലര്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്ന വാര്‍ത്തകള്‍ അടുത്തയിടെയാണ് പുറത്തു വന്നത്. ഇക്കാര്യത്തിലും സിദ്ധരാമയ്യ സര്‍ക്കാര്‍ അന്വേഷണം നടത്തിയിട്ടില്ല.
മംഗളൂരു സ്ഫോടനക്കേസിലെ പ്രതി മുഹമ്മദ് ഷാരീഖ് യുട്യൂബ് വീഡിയോകള്‍ കണ്ട് സ്ഫോടകവസ്തുക്കള്‍ നിര്‍മ്മിക്കാനുള്ള കഴിവ് നേടിയെന്ന് അവകാശപ്പെട്ടെങ്കിലും ഇത് സംബന്ധിച്ചുള്ള വിശദ അന്വേഷണം എത്തിനിന്നത് കര്‍ണാടക ജയിലിലാണ്. ജയിലിലെ ഒരു തടവുകാരനാണ് ഷാരിഖിന് ബോംബ് നിര്‍മാണത്തില്‍ പരിശീലനം നല്‍കിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ മുന്‍ ബിജെപി സര്‍ക്കാര്‍ എന്‍ഐഎ അന്വേഷണത്തിന് ആവശ്യപ്പെട്ടിരുന്നു. ഈ നടപടി പുരോഗമിക്കുന്നതിനിടെയാണ് കര്‍ണാടകയില്‍ ഭരണം മാറുന്നത്. ഇതോടെ കേസിന്റെ ഗതിയും മാറി.
മംഗളൂരു ബോംബ് സ്ഫോടനത്തില്‍ ഉള്‍പ്പെട്ട പ്രതിക്ക് അസംസ്കൃത ബോംബുകള്‍ തയാറാക്കാന്‍ പരിശീലനം നല്‍കിയത് ലഷ്കര്‍-ഇ-തൊയ്ബ ഭീകരനായ അഫ്സര്‍ പാഷയാണെന്ന് നാഗ്പൂര്‍ പോലീസ് കണ്ടെത്തിയിരുന്നു. കര്‍ണാടകയിലെ ബെളഗാവി ജയിലില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് നാഗ്പൂര്‍ പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പാഷയുടെ പങ്ക് വെളിപ്പെട്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ കര്‍ണാടക സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇതിന് തുടര്‍ച്ചയായാണ് അടുത്തിടെ ലഷ്കര്‍-ഇ-ത്വയ്ബ ഭീകരന് തടിയന്റവിട നസീറിന്റെ അനുയായികളായ അഞ്ച് പേര് ബെംഗളൂരുവില്‍ അറസ്റ്റിലാകുന്നത്. നഗരത്തില്‍ വന്‍ സ്ഫോടനത്തിന് പദ്ധതിയിട്ട പ്രതികള്‍ക്ക് എല്ലാ പിന്തുണയും നല്‍കിയത് നസീറാണ്. ജയിലില്‍ കഴിയവേയാണ് ഇയാള്‍ പ്രതികളെ ഭീകരപ്രവര്‍ത്തനത്തിന് പരിശീലിപ്പിച്ചത്. 2008ലെ ബെംഗളൂരു സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നസീര്‍ ലഷ്കര്‍-ഇ-തൊയ്ബയുടെ മുന്‍ ദക്ഷിണേന്ത്യന്‍ കമാന്‍ഡറാണ്.
പതിമൂന്നു വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന നസീര്‍ 2018നും 2019നും ഇടയില്‍ ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഇരുപതോളം യുവാക്കളെ തീവ്രവാദത്തിലേക്ക് നയിക്കാന്‍ ശ്രമിച്ചതായാണ് കര്‍ണാടക പോലീസിന്റെ കണ്ടെത്തല്‍.
കോണ്‍ഗ്രസ് ഭരണത്തില്‍ ജനങ്ങള്‍ സുരക്ഷിതരല്ലെന്നും മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബസവരാജ് ബൊമ്മൈ പ്രതികരിച്ചു. സംസ്ഥാനത്തെ ജയിലുകളിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: