വാഷിങ്ടണ്‍: അമേരിക്കയിലെ ഇന്ത്യാനയില്‍ അമിതമായി വെള്ളം ശരീരത്തിലെത്തിയതിനെ തുടര്‍ന്ന് മുപ്പത്തഞ്ചുകാരി മരിച്ചു. വാട്ടര്‍ ടോക്സിസിറ്റിയാണ് മരണ കാരണമെന്നാണ് റിപ്പോര്‍ട്ട്.
രണ്ടു കുട്ടികളുടെ അമ്മയായ ആഷ്ലിക്കാണ്, അപൂര്‍വങ്ങളില്‍ അപൂര്‍വമായി അമിത ജലപാനം കാരണം ജീവന് നഷ്ടമായത്. അരമണിക്കൂറിനുള്ളില്‍ രണ്ട് ലിറ്റര്‍ വെള്ളമാണ് ആഷ്ലി കുടിച്ചത്. അവധി ആഘോഷിക്കാനായി ഇന്ത്യാനയിലെ ലേക്ക് ഫ്രീമാന്‍ സന്ദര്‍ശിക്കുന്നതിനിടെ ആഷ്ലിക്ക് നിര്‍ജലീകരണം അനുഭവപ്പെട്ടിരുന്നു. തുടര്‍ന്നാണ് അമിതമായി വെള്ളം കുടിച്ചതെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു.
തിരികെ വീട്ടിലെത്തിയ ആഷ്ലി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമിതമായി വെള്ളം ശരീരത്തിലെത്തുന്നതുമൂലം പത്തു ലക്ഷത്തിലൊരാള്‍ക്കു മാത്രമുണ്ടാകുന്ന വാട്ടര്‍ ടോക്സിസിറ്റിയാണ് ആഷ്ലിക്കുണ്ടായത്. അമിതമായി വെള്ളം കുടിക്കുമ്പോള്‍ രക്തത്തിലെ സോഡിയത്തിന്റെ അളവ് അപകടകരമാം വിധം കുറയുന്നതാണ് കാരണം.
ഒരു മണിക്കൂറില്‍ ഒരു ലിറ്റര്‍ വെള്ളം മാത്രമാണ് നമ്മുടെ വൃക്കയ്ക്ക് കൈകാര്യം ചെയ്യാനാവുകയെന്ന് ആഷ്ലിയെ പ്രവേശിപ്പിച്ച ആശുപത്രിയിലെ ഡോക്ടര്‍ അലോക് ഹര്‍വാനി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: