പൂച്ചാക്കല്‍: തൈക്കാട്ടുശേരി ഫെറിയില്‍ ലേക്ക് വ്യൂ പാര്‍ക്ക് പദ്ധതി പാതിവഴി ഉപേക്ഷിച്ചിട്ട് എട്ടു വര്‍ഷങ്ങളായി. കായല്‍ ടൂറിസത്തിന്റെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തുവാനാണ് ലക്ഷ്യമിട്ടത്. എന്നാല്‍ പദ്ധതി പ്രദേശം കാട് കയറി സാമൂഹ്യ വിരുദ്ധരുടേയും ഇഴജന്തുക്കളുടേയും കേന്ദ്രമായി.
തുറവൂര്‍ – പമ്പ പാതയിലെ തൈക്കാട്ടുശേരി പാലം തുറന്നതോടെ നിലച്ചുപോയ ജങ്കാര്‍ ഫെറിയോട് ചേര്‍ന്നുള്ള 59 സെന്റ് സ്ഥലത്താണ് , പാര്‍ക്കും മറ്റ് അനുബന്ധ സ്ഥാപനങ്ങളും വിഭാവനം ചെയ്തത്. കെ.പി.കൃഷ്ണന് നായര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്താണ് പദ്ധതിയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചത്. ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ മേല്‍നോട്ടത്തില്‍ പാര്‍ക്ക് നിര്‍മ്മിക്കാനായിരുന്നു തീരുമാനം. കായല്‍ സവാരിക്ക് പെഡല്‍ ബോട്ടുകള്‍, ഹൗസ് ബോട്ട് ടെര്‍മിനല്‍, കെടിഡിസിയുടെ ഹോട്ടല്‍, ഐസ് ക്രീം പാര്‍ലര്‍ തുടങ്ങിയവയാണ് പ്ലാന്‍ ചെയ്തിരുന്നത്.
ഇതിനായി 99 ലക്ഷം രൂപ സര്‍ക്കാര്‍ വകയിരുത്തി. ആദ്യ ഘട്ടമെന്ന നിലയില്‍ 50 ലക്ഷം രൂപ അനുവദിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കാരാറെടുത്തവര് പാതിവഴിയില്‍ പണി നിര്‍ത്തി സ്ഥലം വിട്ടതോടെ പദ്ധതി പ്രതിസന്ധിയിലായി. കരാര്‍ കമ്പനിക്കെതിരെ പഞ്ചായത്തും, ഡിടിപിസിയും നടപടികള്‍ ആരംഭിച്ചുവെങ്കിലും തീരുമാനങ്ങളൊന്നുമായിട്ടില്ല. പ്രതിസന്ധി പരിഹരിക്കുവാന്‍ പഞ്ചായത്ത് കമ്മറ്റി ടൂറിസം വകുപ്പിനെ സമീപിച്ചിട്ടുണ്ടെന്ന് പറയുന്നു. ലേക്ക് വ്യൂ പാര്‍ക്കിന്റെ നിര്‍മ്മാണം എത്രയും വേഗം പൂര്ത്തിയാക്കണമെന്നാവശ്യപ്പട്ട് നിരവധി സംഘടനകള്‍ പ്രക്ഷോഭങ്ങള്‍ നടത്തിയെങ്കിലും ഇത് വരെ ഫലം കണ്ടിട്ടില്ല. കായലോരത്ത് നിര്‍മ്മിക്കാനുദ്ദേശിച്ച ലേക്ക് വ്യു പാര്‍ക്ക് എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: