Categories: Literature

കുമാരനാശാന്റെ ഹിന്ദു മുഖം

അദൈ്വതം പോലെ രമണീയമായ ഒരു സിദ്ധാന്തം ലോകത്ത് വേറെയില്ലെന്ന് ആശാന്‍ സമര്‍ത്ഥിച്ചു. 1907 ല്‍ 'വീണപൂവ്' എഴുതുന്നതുവരെ അദ്ദേഹം സ്തോത്ര കൃതികളാണ് രചിച്ചിരുന്നത്. അവയാകട്ടെ, അദൈ്വതസത്ത നിറഞ്ഞുനില്‍ക്കുന്നവയുമാണ്. പില്‍ക്കാലത്ത് ആശാനില്‍ കണ്ട ബുദ്ധമത ധാരയും ഭാരതീയം തന്നെ.

Published by

ഇന്ദിരാ സുദേവന്‍

ലയാളികള്‍ വേണ്ടവണ്ണം മനസ്സിലാക്കാന്‍ വിട്ടുപോയ മഹാകവി കുമാരനാശാന്റെ അദൈ്വത മുഖം അനാവരണം ചെയ്യുന്ന പുസ്തകമാണ് പ്രമുഖ എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ രാമചന്ദ്രന്‍ എഴുതിയ ‘ഹിന്ദുത്വം ഉറപ്പിച്ച കുമാരനാശാന്‍.’ മാപ്പിളലഹളയുടെ പശ്ചാത്തലത്തില്‍, കുമാരന്‍ ആശാന്‍ 1921 ല്‍ നടത്തിയ മലബാര്‍ യാത്ര ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പുറത്തുകൊണ്ടു വന്ന രാമചന്ദ്രന്‍, ആശാന്റെ അധികം പഠിക്കാത്ത സ്‌തോത്ര കൃതികളിലേക്ക് കൂടി കടന്നുചെന്ന്, ഹിന്ദുമതത്തിനാകെ കവി ചെയ്ത സംഭാവനകള്‍ അപഗ്രഥിക്കുകയാണ്. ഇത് സ്‌ഫോടനാത്മകമായ ഒരു വായനാനുഭവമാണ്.  

വേദാന്തം നന്നായറിഞ്ഞ ആശാന്‍, ശങ്കരാചാര്യരെ വിശേഷിപ്പിച്ചത് ലോകഗുരുവായി തന്നെയാണ്. ആശാന്‍ ആദ്യമായി പരിഭാഷ ചെയ്തത്. ശങ്കരാചാര്യരുടെ ‘സൗന്ദര്യ ലഹരി’ ആയിരുന്നു. ജാതിവിവേചനത്തിനെതിരെ പോരാടാനുള്ള ഊര്‍ജം കുമാരനാശാന് കിട്ടിയതു തന്നെ. ശങ്കരനില്‍ നിന്നാകണം.

അദൈ്വതം പോലെ രമണീയമായ ഒരു സിദ്ധാന്തം ലോകത്ത് വേറെയില്ലെന്ന് ആശാന്‍ സമര്‍ത്ഥിച്ചു. 1907 ല്‍ ‘വീണപൂവ്’ എഴുതുന്നതുവരെ അദ്ദേഹം സ്തോത്ര കൃതികളാണ് രചിച്ചിരുന്നത്. അവയാകട്ടെ, അദൈ്വതസത്ത നിറഞ്ഞുനില്‍ക്കുന്നവയുമാണ്. പില്‍ക്കാലത്ത് ആശാനില്‍ കണ്ട ബുദ്ധമത ധാരയും ഭാരതീയം തന്നെ.

ഈഴവര്‍ ബുദ്ധമതത്തില്‍ ചേരണമെന്ന വാദങ്ങള്‍ക്ക് മറുപടി ആയാണ് ആശാന്‍ ‘മതപരിവര്‍ത്തന രസവാദം’ എഴുതിയത്. ഈഴവര്‍ ഹിന്ദുമതത്തില്‍ ഉറച്ചു നില്‍ക്കണം എന്ന വിശ്വാസത്തില്‍ ആശാന്‍ എത്തിയത് അഗാധമായ ആര്‍ഷജ്ഞാനം നിമിത്തമാണ്. അതിനാല്‍, ഭാരതീയതയ്‌ക്ക് മേല്‍ കത്തിവയ്‌ക്കുന്ന ഏത് മതവിശ്വാസത്തിനും അദ്ദേഹം എതിരായിരുന്നു.

അദൈ്വതം ആത്മാവിലുള്ള ആശാന്‍, ഹിംസയില്‍ ഊന്നിയ പ്രത്യയശാസ്ത്രങ്ങളെ വര്‍ജ്ജിച്ചു. അതിനാല്‍, ഹിന്ദുവംശഹത്യ വരുത്തിവച്ച മാപ്പിളലഹളയെ ധീരമായി അദ്ദേഹം കാവ്യരൂപേണ ചെറുത്തു. മാര്‍ക്‌സിസം തിന്മയുടെ തത്വശാസ്ത്രമായതിനാല്‍ സമകാലികരായ കാള്‍ മാര്‍ക്‌സ്, ലെനിന്‍ എന്നിവരെപ്പറ്റി ഒരക്ഷരം പോലും ആശാന്‍ എഴുതിയില്ല.  

പതിനൊന്ന് അധ്യായങ്ങളുള്ള പുസ്തകത്തില്‍ ‘ദുരവസ്ഥ’ യുടെ രാഷ്‌ട്രീയം പ്രത്യേകം കൈകാര്യം ചെയ്തിട്ടുണ്ട്. ‘ദുരവസ്ഥ’യില്‍ മാപ്പിളലഹളയെ വിമര്‍ശിച്ചതു മാറ്റിവച്ച് പുരോഗമനം മാത്രം കണ്ട ഇഎംഎസിന്റെ ഇരട്ടത്താപ്പിനെ പുറത്തുകൊണ്ടു വന്നിട്ടുണ്ട്. ശ്രീനാരായണ ഗുരുവും ആശാനും ആര്യസമാജവുമായി ബന്ധപ്പെട്ട സാഹചര്യവും വിശദീകരിച്ചിരിക്കുന്നു.

ഹിന്ദുമതത്തെ ഉറപ്പിച്ചു നിര്‍ത്തി കുമാരനാശാന്‍ നടത്തിയ കാവ്യ, സാമൂഹിക പോരാട്ടങ്ങളെപ്പറ്റി വ്യത്യസ്തമായ ഒരു പഠനമാണ് ഈ പുസ്തകം. നമ്മുടെ പൈതൃകത്തില്‍ അഭിമാനിക്കുന്നവരും അതിനെ എതിര്‍ക്കുന്നവരും ആവശ്യം വായിക്കേണ്ട അമൂല്യ ഗ്രന്ഥം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക