പാലക്കാട്: ജോലിയോടുള്ള അര്‍പ്പണ മനോഭാവവും കക്ഷികളോടുള്ള കാരുണ്യവുമാണ് അഭിഭാഷകരെ വ്യത്യസ്തരാക്കുന്നതെന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന് പറഞ്ഞു. അഭിഭാഷകവൃത്തിയില്‍ 73 വര്‍ഷം പൂര്‍ത്തിയാക്കി ഇന്ത്യന്‍ ബുക്ക് ഓഫ് റിക്കാര്‍ഡ്സില്‍ സ്ഥാനം നേടിയ അഡ്വ. പി.ബി. മേനോനെ ആദരിക്കുന്ന ചടങ്ങ് ബാര്‍ അസോസിയേഷന് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഠിനാധ്വാനവും ജോലിയോടുള്ള ആത്മാര്‍ത്ഥതയും ഉത്തരവാദിത്വത്തെ സന്തോഷമുള്ളതാക്കി മാറ്റും. ദീര്‍ഘകാലത്തെ അഭിഭാഷകവൃത്തികൊണ്ട് പി.ബി. മേനോന് വക്കീലന്മാര്ക്കിടയിലെ സര്‍വകലാശാലയാണെന്ന് അദ്ദേഹം പറഞ്ഞു. മൂന്ന് തലമുറകളിലെ അഭിഭാഷകര്‍ക്ക് മാര്‍ഗദര്‍ശനമേകിയ വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. കേസുമായി തന്റെ മുമ്പില്‍ വരുന്നവരുടെ പ്രശ്നങ്ങള്‍ മനസിലാക്കി കൈകാര്യം ചെയ്യുക എന്നതാണ് ഒരു അഭിഭാഷകന്റെ ദൗത്യം. കരുണയാണ് അവര്‍ക്ക് ആവശ്യം. ഉത്തരവാദിത്വത്തോടെ ജോലി ചെയ്യാന്‍ കഴിഞ്ഞാല്‍ അതില്‍നിന്ന് ലഭിക്കുന്ന ആനന്ദം വേറെയാണ്. ഒന്നിനെയും നിസാരമായി കാണരുത്.
97 ാം വയസിലും മേനോന് ‘അപ് ടു ഡേറ്റ്’ ആണ് എന്നതാണ് ശ്രദ്ധേയം. ഇന്നത്തെ തലമുറ തീര്‍ച്ചയായും അദ്ദേഹത്തെ മാതൃകയാക്കേണ്ടതാണെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് പറഞ്ഞു.
ബാര്‍ അസോസിയേഷന് പ്രസിഡന്റ് സി.ജി. ഹരിദാസ് അധ്യക്ഷത വഹിച്ചു. എക്സി. മെമ്പര്‍ കെ.ആര്. കണ്ണരാജ് മുഖ്യാതിഥിയെ പരിചയപ്പെടുത്തി. അഡ്വ. എ.വി. അരുണ്‍ പി.ബി. മേനോനെ പരിചയപ്പെടുത്തി. ജസ്റ്റിസ് ദേവന് രാമചന്ദ്രന് പി.ബി. മേനോന് നീതിദേവതയുടെ മാതൃക നല്കി ആദരിച്ചു.
ജില്ലാ സെഷന്‍സ് ജഡ്ജ് ഇന്‍ ചാര്‍ജ് കെ.പി. തങ്കച്ചന്, കേരള ബാര്‍ കൗണ്‍സിലംഗം പി. ശ്രീപ്രകാശ്, ജില്ലാ ഗവ. പ്ലീഡര്‍ പി. അനില്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന് കെ. ഷീബ, പി.ബി.എ. വൈസ് പ്രസിഡന്റ് കെ.എന്‍. ശ്രീലത, സീനിയര്‍ അഭിഭാഷകന് പി. മദന്മോഹന്, ടി.എന്‍. ഹര്ഷന്, സെക്രട്ടറി വിനോദ് കയനാട്ട്, വൈസ് പ്രസിഡന്റ് ജി. ജയചന്ദ്രന് സംസാരിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അഭിഭാഷകര്‍, ജൂഡീഷ്യല്‍ ഓഫീസര്‍മാര്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: