ന്യൂദല്‍ഹി: അമൃത് ഭാരത് സ്റ്റേഷന് പദ്ധതിക്ക് കീഴില്‍ 24,470 കോടി രൂപ ചെലവില്‍ രാജ്യത്തുടനീളമുള്ള 508 റെയില്‍വേ സ്റ്റേഷനുകളുടെ പുനര്‍വികസനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഇന്ന് തറക്കല്ലിട്ടു.
508 റെയില്‍വേ സ്റ്റേഷനുകളുടെ പുനര്‍വികസനം ഇന്ത്യയിലെ റെയില്‍ അടിസ്ഥാന സൗകര്യങ്ങളില്‍ കാര്യമായ പരിവര്‍ത്തനത്തിന് വഴിയൊരുക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. റെയില്‍വേക്കുള്ള ബജറ്റ് വകയിരുത്തല്‍ 2014 നെ അപേക്ഷിച്ച് അഞ്ച് മടങ്ങ് വര്‍ധിപ്പിച്ചിട്ടുണ്ടെന്നും അത് ഇപ്പോള്‍ 2.40 ലക്ഷം കോടി രൂപയാണെന്നും മോദി പറഞ്ഞു. ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തില്‍ വികസനത്തിന്റെ പുതിയ യുഗം തുടങ്ങുകയാണെന്നും ഇത് രാജ്യത്തെ എല്ലാ പൗരന്മാര്ക്കും പ്രയോജനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ 1300 പ്രധാന റെയില്‍വേ സ്റ്റേഷനുകള്‍ അമൃത് ഭാരത് റെയില്‍വേ സ്റ്റേഷനായി വികസിപ്പിക്കുമെന്നും അതില്‍ 508 എണ്ണത്തിന്റെ പുനര്‍വികസനം ഇന്ന് ആരംഭിക്കുമെന്നും മോദി പറഞ്ഞു. ആഗോള തലത്തില്‍ ഇന്ത്യയുടെ വിശ്വാസ്യത വര്‍ധിച്ചിട്ടുണ്ടെന്നും ഇന്ത്യയോടുള്ള ലോകത്തിന്റെ മനോഭാവം മാറിയെന്നും മോദി പറഞ്ഞു.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ റെയില്‍വേ ശൃംഖലയുടെ വിപുലീകരണത്തിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.വൈദ്യുതീകരണം, പാത ഇരട്ടിപ്പിക്കല്‍, പുതിയ പാതകളുടെ നിര്‍മാണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ അതിവേഗത്തിലാണെന്നും അദ്ദേഹം പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ഒമ്പത് വര്‍ഷമായി റെയില്‍വേയ്ക്ക് വലിയ മുന്‍ഗണന നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും 55 വീതവും ബീഹാറില്‍ 49, മഹാരാഷ്ട്രയില്‍ 44, പശ്ചിമ ബംഗാളില്‍ 37, മധ്യപ്രദേശില്‍ 34, അസമില്‍ 32, ഒഡീഷയില്‍ 25 സ്റ്റേഷനുകള്‍ എന്നിങ്ങനെയാണ് നിലവില്‍ റെയില്‍വേ സ്റ്റേഷനുകള്‍ വികസിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: