തൃശൂര്‍: ജില്ലാ ഭരണകൂടവും ഡിടിപിസിയും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല ഓണാഘോഷം ഓഗസ്റ്റ് 28 മുതല്‍ സപ്തം. ഒന്നു വരെ വടക്കുന്നാഥ ക്ഷേത്രമൈതാനിയില്‍ നടക്കും. സിഎംഎസ് സ്കൂളിന് എതിര്‍വശം പ്രത്യേകം തയ്യാറാക്കുന്ന വേദിയില്‍ എല്ലാ ദിവസവും കലാപരിപാടികള്‍ അരങ്ങേറും. പ്രാദേശിക കലാകാരന്മാര്ക്കും കലാസംഘങ്ങള്‍ക്കും മുന്‍ഗണന നല്‍കും. എല്ലാ വകുപ്പുകളുടെയും പങ്കാളിത്തം ഉറപ്പാക്കും. മുന്‍ വര്‍ഷങ്ങളെക്കാള്‍ മികച്ച രീതിയില്‍ ഇത്തവണത്തെ ഓണാഘോഷം സംഘടിപ്പിക്കും. വ്യാപാരി സംഘടനകളുമായി സഹകരിച്ച് നഗരവീഥികളും വ്യാപാര സ്ഥാപനങ്ങളും അലങ്കരിക്കും. സംസ്ഥാനതല വാരാഘോഷത്തില്‍ ജില്ലയുടെ ഫ്ളോട്ട് പങ്കെടുക്കും. എംഎല്‍എമാരുടെ നേതൃത്വത്തില്‍ മണ്ഡലം തലത്തിലും ജില്ലയിലെ അഞ്ച് ടൂറിസം ഡെസ്റ്റിനേഷനുകളിലും ഓണാഘോഷം സംഘടിപ്പിക്കും. ഇതിന്റെ തുടര്‍ച്ചയായാകും ജില്ലാതല വാരാഘോഷം നടക്കുകയെന്ന് ഇത് സംബന്ധിച്ച മന്ത്രി കെ രാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആലോചനായോഗത്തില്‍ തീരുമാനമായി.
സപ്തം. 1 ന് പുലികളി അരങ്ങേറും. തൃശൂര്‍ പൂരം പോലെ തന്നെ ജില്ലയിലെ പ്രധാന ടൂറിസം ആകര്‍ഷണമാണ് പുലികളിയെന്നും കൂടുതല്‍ വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിന് വ്യാപകമായ പ്രചാരണവും പരസ്യങ്ങളും നല്‍കുമെന്നും മന്ത്രി പറഞ്ഞു. പുലികളി കാണാനെത്തുന്നവരുടെ എണ്ണം വര്‍ധിക്കുകയും പുലികളി സംഘങ്ങളുടെ എണ്ണം കുറയുകയും ചെയ്യുന്ന സാഹചര്യത്തില്‍ സംഘങ്ങള്‍ക്ക് സര്‍ക്കാര്‍ കൂടുതല്‍ പ്രോത്സാഹനം നല്‍കും. ഇതിനായി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ പുലികളി സംഘങ്ങളുടെ യോഗം ചേരും. പുലികളി സംഘങ്ങള്‍ സമയക്രമം പാലിച്ച് നഗരം ചുറ്റുന്നു എന്നുറപ്പാക്കുന്നതിന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കോര്പറേഷന് അധികൃതരുടെയും പുലികളി സംഘങ്ങളുടെയും യോഗം വിളിച്ചു ചേര്‍ക്കുന്നതിനും മന്ത്രി കെ. രാജന് നിര്‍ദേശം നല്കി. വനിതകളുടെ പുലികളി സംഘങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കണമെന്ന നിര്‍ദേശവും യോഗത്തിലുണ്ടായി. വിപുലമായ സംഘാടക സമിതി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യും. ഓഗസ്റ്റ് 12 ന് ഉച്ചക്ക് 3:30ന് കലക്ടറേറ്റില്‍ സംഘാടക സമിതി യോഗം ചേരും.
യോഗത്തില്‍ സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എ, ജില്ലാ കലക്ടര്‍ വി. ആര്. കൃഷ്ണ തേജ, സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകന്, സബ് കലക്ടര്‍ മുഹമ്മദ് ഷഫീഖ്, റൂറല്‍ എസ്പി ഐശ്വര്യ ഡോങ്ഗ്രെ, ഡിടിപിസി സെക്രട്ടറി ജോബി ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: