കോട്ടയം: മണ്ണില്‍ പൊന്നു വിളയിക്കുന്ന കര്‍ഷക സമൂഹത്തിലെ പ്രബലരായ പിന്നാക്കത്തില്‍ പിന്നാക്കമായ വിഭാഗം സംസ്ഥാന കൃഷി വകുപ്പിന്റെ കര്‍ഷക അവാര്‍ഡില്‍ നിന്ന് ഇത്തവണ പുറത്തായി. മുന്‍കാലങ്ങളില്‍ അവാര്‍ഡ് പട്ടികയില്‍ ഒന്‍പതാമതായി എസ്സി, എസ്ടി വിഭാഗത്തിന് പ്രത്യേക പുരസ്കാരം നീക്കിവച്ചിരുന്നു. എന്നാല്‍ ഇത്തവണത്തെ കൃഷി വകുപ്പ് വിജ്ഞാപനത്തില്‍ അത്തരമൊരു പുരസ്കാരമില്ല.
അവാര്‍ഡ് പുനഃക്രമീകരണം വന്നപ്പോഴാണ് കാലങ്ങളായി ‘കര്‍ഷകജ്യോതി’ എന്ന പേരില്‍ എസ്സി, എസ്ടി വിഭാഗത്തെ മാത്രം പരിഗണിച്ചിരുന്ന അവാര്‍ഡില്‍ നിന്ന് ആ സമൂഹം പുറത്താക്കപ്പെട്ടത്. പുതുക്കിയ അവാര്‍ഡ് ലിസ്റ്റ് അനുസരിച്ച് ‘കര്‍ഷകജ്യോതി’ ഇപ്പോള്‍ പൊതുവിഭാഗത്തിലാണ്. മികച്ച കര്‍ഷകര്‍, പാടശേഖര സമിതി, ശാസ്ത്രജ്ഞര്‍, പത്രപ്രവര്‍ത്തകര്‍, കാര്‍ഷിക മേഖലകളില്‍ വിവിധ തലങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വ്യക്തികള്‍ തുടങ്ങിയവരെയൊക്കെ അവാര്‍ഡ് പുനഃക്രമീകരണത്തിലും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
പൊതു വിഭാഗത്തില്‍ വ്യക്തികള്‍, സ്ഥാപനങ്ങള്‍, കര്‍ഷക കൂട്ടായ്മകള്‍ തുടങ്ങി മുപ്പത്തിരണ്ടോളം അവാര്‍ഡുകളാണ് ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. ജൈവ പച്ചക്കറി കൃഷി പദ്ധതിക്കായി ഏഴ് അവാര്‍ഡുകളും നല്കുന്നു. ഇതിന് പുറമെ ഉദ്യോഗസ്ഥ തലത്തില്‍ കൃഷി അസി. ഡയറക്ടര്‍, കൃഷി ഓഫീസര്‍, കൃഷി അസിസ്റ്റന്റ് എന്നിവര്‍ക്കും പുരസ്കാരങ്ങള്‍ നല്കി ആദരിക്കുന്നുണ്ട്. പുറത്തായത് എസ്സി, എസ്ടി വിഭാഗം മാത്രം. ഇതില്‍ വ്യക്തമായ വിശദീകരണം ബന്ധപ്പെട്ട വകുപ്പും നല്‍കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: