കാസര്‍കോട്: ആര്‍ക്കും വേണ്ടാതെ അക്കേഷ്യ മരങ്ങളാല്‍ മൂടപ്പെട്ട പ്രദേശം നിശ്ചയദാഢ്യത്തിലൂടെ ചരിത്രത്തിന്റെ ഭാഗമാക്കാന്‍ ശ്രമം നടത്തുകയാണ് എന്‍എസ്എസ് ദേശീയ പുരസ്കാര ജേതാവ് കാസര്‍കോട് ഗവ. കോളജ് അസോസിയേറ്റ് പ്രൊഫസര്‍ രത്നാകര മല്ലമൂല. വീട് വയ്ക്കാന്‍ പാകമല്ലെന്ന് കുടുംബാംഗങ്ങള്‍ എഴുതിത്തള്ളിയ ഭൂമിയാണ് അദ്ദേഹം മാറ്റിമറിച്ചത്.
നീര്ച്ചാല് അപ്പര്‍ ബസ്സാറില്‍ മാന്യ റോഡിന് സമീപം പണിയുന്ന വീടിന്റെ മുറ്റത്ത് രണ്ട് ലക്ഷം ലീറ്റര്‍ സംഭരണശേഷിയുള്ള മഴക്കുളമാണ് ആദ്യമൊരുക്കിയത്. 20 വര്‍ഷമായി ഉപയോഗിക്കാത്ത ഒരേക്കറോളം വരുന്ന ചെങ്കല്‍ പാറയിലെ വെള്ളം ഊറ്റിക്കുടിക്കുന്ന അക്കേഷ്യാ മരങ്ങള്‍ പൂര്‍ണമായും വെട്ടിമാറ്റി മേല്‍മണ്ണും അതിന് താഴെയുള്ള ചെങ്കല്ലും പൊട്ടിച്ചാണ് 36 അടി നീളത്തിലും 26 വീതിയിലും 7.5 അടി ആഴത്തിലും കുളം നിര്‍മിച്ചത്.
കുളവും പശുവും കൃഷിയും പിന്നീട് വീടും ഒരുക്കിയിരുന്ന പരമ്പരാഗത ജീവിതകാലത്തെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമത്തിലാണ് രത്നാകര മല്ലമൂല. വെറും മഴവെള്ള സംഭരണി എന്ന നിലയിലല്ല പണിതത്. മണ്ഡപം, സുരക്ഷാ ഭിത്തി, റെയിലിങ്, ചുറ്റും സന്ദര്‍ശകര്‍ക്കു വന്നു കാണാനുള്ള സൗകര്യം, വെട്ടുകല്ല് പാകിയുള്ള നടപ്പാത, കുളത്തിനു ചുറ്റും പക്ഷികള്‍ക്ക് 24 മണിക്കൂറും കുടിക്കാനും കുളിക്കാനും വെള്ളം എന്നീ സൗകര്യങ്ങള്‍ ഒരുക്കി.
20 ലക്ഷത്തോളം രൂപയുടെ പദ്ധതിയില്‍ 15 ലക്ഷത്തോളം രൂപയുടെ പണി പൂര്‍ത്തിയായി. ജൂണില്‍ പെയ്ത മഴയില്‍ കിട്ടിയ വെള്ളം കൊണ്ട് കുളം നിറഞ്ഞു. നാടിന് കൗതുകമായിത്തീര്‍ന്ന കുളം കാണാന്‍ ദിവസവും സന്ദര്‍ശകരെത്തുന്നു. മഴവെള്ളം ചെങ്കല്‍പാറയില്‍ ഇറക്കി കൃഷി വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് രത്നാകരന്.
സസ്യങ്ങളും ഔഷധത്തോട്ടവും 30 സെന്റ് ഭൂമിയില്‍ വച്ച് പിടിപ്പിച്ചിട്ടുണ്ട്. ആറ് തരം തുളസി, കൂവളം, രാമഫലം, സീതാപ്പഴം, ലക്ഷ്മണ ഫലം, ഹനുമാന് ഫലം, ശതാവരി, നാടന്‍ തെങ്ങ്, വാഴ തുടങ്ങി വിവിധ തരത്തിലുള്ള സസ്യങ്ങളാണ് ചെറുവനത്തില്‍ രണ്ട് വര്‍ഷം കൊണ്ട് പൂര്‍ണതയിലെത്തുക. ഓട് പാകിയുള്ള പരമ്പരാഗത രീതിയിലുള്ള വീടിന്റെ നിര്‍മാണം പൂര്‍ത്തിയാകാനുണ്ട്. ഊര്‍ജ സംരക്ഷണവും യഥേഷ്ടം വായു സഞ്ചാരവും ഉറപ്പ് വരുത്തുന്ന രീതിയിലാണ് വീട് നിര്‍മാണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: