മുംബൈ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും അനുയായി ജയ്റാം രമേഷ് എന്നിവര്‍ ചേര്‍ന്ന് ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്ന ഉടനെ അദാനിയെ കുറ്റവാളിയാക്കാന്‍ മാധ്യമങ്ങളിലൂടെ കടുത്ത ശ്രമം നടത്തിയിരുന്നു. വാര്‍ത്താസമ്മേളനങ്ങളില്‍ അവര്‍ അദാനിയെ തുടര്‍ച്ചയായി കടന്നാക്രമിച്ചു. എന്നാല്‍ ഇതിനെയെല്ലാം മൗനം കൊണ്ട് പ്രതികരിച്ച അദാനിയ്ക്ക് മനസ്സില്‍ ഒരു പ്ലാനുണ്ടായിരുന്നു- ഒരടി പിന്നോട്ട്, രണ്ടടി മുന്നോട്ട്. അതാണിപ്പോള്‍ അദാനി നടപ്പാക്കുന്നത്.
വാങ്ങിയ വായ്പകള്‍ കൃത്യമായി അടച്ചുതിര്ക്കുന്ന അദാനിയെക്കുറിച്ച് അന്താരാഷ്ട്ര നിക്ഷേപകര്‍ക്കിടയില്‍ ആശങ്കയേ ഇല്ല. ഇപ്പോഴിതാ ഇന്ത്യയിലെ ബാങ്കുകള്‍ തന്നെ അദാനിക്ക് വന്‍ വായ്പകള്‍ നല്കാന് തയ്യാറായി മുന്നോട്ട് വന്നു കഴിഞ്ഞു. വിദേശ ബാങ്കുകളും നിക്ഷേപകരും ഫണ്ട് നല്കാന് തയ്യാര്‍. ഇപ്പോഴിതാ അദാനി രണ്ടടി മുന്നോട്ട് കുതിക്കാന്‍ തയ്യാറെടുക്കുകയാണ്. ഇന്ത്യന്‍ സിമന്റ് നിര്‍മ്മാണമേഖലയില്‍ മേല്‍വിലാസമുള്ള സാംഘി ഇന്‍ഡസ്ട്രീസിനെ 5000 കോടി വരെ നല്കി ഏറ്റെടുത്തു. 56 ശതമാനത്തില്‍ അധികം ഓഹരികള്‍ വാങ്ങിയതോടെ അദാനിക്ക് തന്നെയായിരിക്കും കമ്പനിയുടെ കടിഞ്ഞാണ്‍. അതോടെ ഹിന്‍ഡന്‍ബര്‍ഗ് വിവാദത്തിന് ശേഷം വീണ്ടും അദാനി ബിസിനസിന്റെ സ്പീഡ് കൂട്ടുകയാണ്.
സിമന്റ് മേഖലയില്‍ അദാനിയുടെ മൂന്നാമത്തെ ഏറ്റെടുക്കലാണ് ഇത്. 2022ല്‍ രണ്ട് സിമന്റ് കമ്പനികള്‍ ഏറ്റെടുത്തു- അംബുജ സിമന്റ്സും എസിസിയും. സാംഘി മൂന്നാമത്തെ ഏറ്റെടുക്കലാണ്. ഗുജറാത്തിലെ വലിയ സിമന്റ് കമ്പനിയാണ് സാംഘി. ഗുജറാത്തിലെ കച്ച് ജില്ലയിലാണ് സാംഘി സ്ഥിതി ചെയ്യുന്നത്.
ഹിന്‍ഡന്‍ബര്‍ഗ് വിവാദത്തിന് ശേഷം അദാനി ഏറ്റെടുത്തത് മുന്‍കൂട്ടി വാഗ്ദാനം ചെയ്തിരുന്ന ചില തുറമുഖങ്ങളാണ്. അതിലൊന്ന് കേന്ദ്രഭരണപ്രദേശമായ പോണ്ടിച്ചേരിയിലെ കപ്പല്‍ തുറമുഖമാണ്. ഇപ്പോള്‍ തികച്ചും വ്യത്യസ്തമായി പുതിയൊരു ഏറ്റെടുക്കലിന് അദാനി ഒരുങ്ങുന്നത് അദാനിക്ക് ഫണ്ടിന് യാതൊരു പഞ്ഞവുമില്ലെന്നതിന്റെ സൂചനയാണ് നല്‍കുന്നത്.
സാംഘി ഇന്‍ഡസ്ട്രീസിനെ വാങ്ങാന്‍ 5,000 കോടിയുടെ കരാറില്‍ അദാനി ഒപ്പിട്ടുകഴിഞ്ഞതായും അഭ്യൂഹങ്ങളുണ്ട്. അദാനിയുടെ തന്നെ സിമന്റ് കമ്പനിയായ അംബുജ സിമന്റ്സിനെക്കൊണ്ടാണ് സാംഘിയെ ഏറ്റെടുപ്പിക്കുന്നത്. ഇന്ത്യയിലെ രണ്ടാമത്തെ വലിയ സിമന്റ് നിര്‍മാതാക്കളാണ് അംബുജ. തുടക്കത്തില്‍ സാംഘിയുടെ 56.74 ശതമാനം ഓഹരികള്‍ ആണ് വാങ്ങുക എന്നറിയുന്നു. സാംഘി ഇന്‍ഡസ്ട്രീസിന്റെ നിക്ഷേപകനായ രവി സാംഘിയും കുടുംബവും കൈവശം വച്ചിട്ടുള്ള ഓഹരികളാണ് അദാനിക്കു നല്‍കുന്നത്.
അദാനി കൂടുതല്‍ സിമന്റ് കമ്പനികള്‍ ഏറ്റെടുക്കും; 400-500 കോടി ഡോളര്‍ ഇനിയും മുടക്കും
അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ 10 കോടി ടണ്‍ സിമന്റ് ഉല്പാദനം എന്ന ലക്ഷ്യമാണ് അദാനിയുടെ സ്വപ്നം. ഇതിനായി ഇനിയും 400 മുതല്‍ 500 കോടി ഡോളര്‍ വരെ ഏറ്റെടുക്കലിന് ചെലവാക്കാന്‍ അദാനി പദ്ധതിയിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: